വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു: റോബിൻ ഉത്തപ്പ ക്യാപ്റ്റൻ
സെപ്റ്റംബർ 24ന് ആരംഭിക്കുന്ന രഞ്ജി ഏകദിന ട്രോഫി എന്നറിയപ്പെടുന്ന വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള ടീമിനെ റോബിൻ ഉത്തപ്പ നയിക്കും. കര്‍ണാടകയുടെ മുന്‍ ദേശീയ താരമാണ് ഉത്തപ്പ. ഈ വര്ഷം ആണ് ഉത്തപ്പ കേരള ടീമിൽ എത്തിയത്. സഞ്ജു സാംസൺ ആണ് ടീമിൻറെ ഉപനായകൻ. മുൻ കേരള ടീം ക്യാപ്റ്റൻ സച്ചിൻ ബേബിയും ടീമിൽ ഇടം നേടിയിട്ടുണ്ട്. കേരളത്തിന്റെ ആദ്യ മത്സരം ഛത്തീസ്ഗഢിനെതിരെ സെപ്റ്റംബർ 25-ന് ആണ്.
ജലജ് സക്‌സേന, സന്ദീപ് വാര്യര്‍,വത്സല്‍ ഗോവിന്ദ്, വരുണ്‍ നായനാര്‍ എന്നിവരും ടീമിൽ ഇടം നേടിയിട്ടുണ്ട്. രഞ്ജി ട്രോഫി മത്സരത്തിൽ പങ്കെടുക്കുന്ന സംസ്ഥാന ടീമുകൾ ഇതിൽ പങ്കെടുക്കുന്നു. 38 ടീമുകളാണ് മൽസരിക്കുന്നത്. ടൂർണമെന്റിൽ നാല് ഗ്രൂപ്പുകളുണ്ടാകും, ഗ്രൂപ്പുകൾ എ, ബി എന്നിവിടങ്ങളിൽ ഒമ്പത് ടീമുകളും ഗ്രൂപ്പ് സിയിലും, പ്ലേറ്റ് ഗ്രൂപ്പിലും പത്ത് ടീമുകളും വീതമുണ്ട്. ഗ്രൂപ്പ് സിയിൽ നിന്നുള്ള മികച്ച രണ്ട് ടീമുകളും പ്ലേറ്റ് ഗ്രൂപ്പിലെ മികച്ച ടീമും ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറും, കൂടാതെ ഗ്രൂപ്പുകൾ എ, ബി എന്നിവയിൽ നിന്നുള്ള അഞ്ച് ടീമുകളും ക്വാർട്ടർ ഫൈനലിൽ എത്തും.
പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരം വിജയ് ഹസാരെയുടെ പേരാണ് ഇതിന് നൽകിയിരിക്കുന്നത്. 5 തവണ ട്രോഫി നേടിയ തമിഴ്‌നാടാണ് ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ ടീം. ഫൈനലിൽ ദില്ലിയെ തോൽപ്പിച്ച് മൂന്നാം കിരീടം നേടിയ മുംബൈയാണ് നിലവിലെ ചാമ്പ്യന്മാർ.
കേരള ടീം: റോബിന്‍ ഉത്തപ്പ, സഞ്ജു സാംസണ്‍, ജലജ് സക്‌സേന, രാഹുല്‍ പി, സച്ചിന്‍ ബേബി, മുഹമ്മദ് അസറുദ്ദീന്‍ എം (വിക്കറ്റ് കീപ്പര്‍), ആഷിഫ് കെഎം, വിഷ്ണു വിനോദ്, നിധീഷ് എംഡി, ബേസില്‍ തമ്പി, സന്ദീപ് വാരിയര്‍, മിഥുന്‍ എസ്, അക്ഷയ് ചന്ദ്രന്‍, സല്‍മാന്‍ നിസാര്‍, സിജോമോന്‍ ജോസഫ്.






































