ആൻ ഔതൻറിക്കേറ്റഡ് ബംഗാളി ഫ്രം ഇന്ത്യ
ഫുട്ബോൾ പാരമ്പര്യമുള്ള മണ്ണിൽ,ഫുട്ബോൾ ഉപേക്ഷിച്ച് ക്രിക്കറ്റിലേക്ക് ചേക്കേറിയ അതുല്യ പ്രതിഭയാണ് സൗരവ് ചാന്ദിദാസ് ഗാംഗുലി.ഇന്ത്യൻ ക്രിക്കറ്റിൻറെ ഇന്നത്തെ സകല സൗഭാഗ്യങ്ങൾക്കും ചുക്കാൻ പിടിച്ചത് ഗാംഗുലിയാണെന്ന് നിസംശയം പറയാം .ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ പ്രകടനത്തിൻറെ അടിസ്ഥാനത്തിൽ ദേശീയ ടീമിലേക്ക് കിട്ടിയ ആദ്യ അവസരം ഗംഭീരമായില്ലെന്ന് മാത്രമല്ല അഹങ്കാരിയെന്ന് മുദ്രകുത്തി പുറത്തേക്കുള്ള വഴി തുറന്നു .അതൊരു ധീര യോദ്ധാവിൻറെ പടപ്പുറപ്പാടിന് മുൻപുള്ള ചെറിയ ഇടവേളയാണെന്ന് ഒരു ക്രിക്കറ്റ് ആരാധകനും കരുതിക്കാണില്ല .ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാർന്ന മികച്ച പ്രകടനങ്ങൾ കണ്ട് നെറ്റി ചുളിച്ച ബോർഡ് ആശാന്മാർക്ക്,തിരികെ ദേശീയ ടീമിലെടുക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലായിരുന്നു .
ആ ഇടംകൈയ്യൻ ബാറ്റ്സ്മാനെ ഓഫ്‌സൈഡിലെ ദൈവമെന്നും കൊൽക്കത്തയുടെ രാജകുമാരനെന്നും ദാദയെന്നും ആരാധകർ വാഴ്ത്തിപ്പാടി .ആഭ്യന്തര പ്രശ്നങ്ങളാലും വാതുവെപ്പാലും അലങ്കോലമായ ദേശീയ ടീമിൻറെ ക്യാപ്റ്റൻ സ്ഥാനം അദ്ദേഹം ഏറ്റെടുത്തു വാടാ എന്നുപറയുന്ന സായിപ്പിനെ പോടാ എന്നുപറയുന്ന കപ്പിത്താനെ ഭാരതത്തിന് ലഭിച്ചു ദാദയുടെ കൃത്യതയാർന്ന തീരുമാങ്ങൾ ടീമിനെ വിജയത്തിലെത്തിച്ചു .ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനായി ഗാംഗുലി മാറി .2003 ലോകകപ്പ് ഫൈനൽ പരാജയത്തിൽ മനംനൊന്തു പതിവിന് വിപരീതമായി തലയണക്ക് അടിയിൽ തലവെച്ച് വിങ്ങിപ്പൊട്ടിയ ആരാധകന് ഇത്തിരി എങ്കിലും ആശ്വാസം പകർന്നത് പരാജയത്തിലും തലഉയർത്തി നടന്നു നീങ്ങിയ ആ ബംഗാൾ കടുവയെ ഓർത്തപ്പോൾ ആണ്.ദാദ നിങ്ങൾ പറത്തിവിട്ട പറവകൾ കാരിരുമ്പിൻറെ ചിറകുള്ള കഴുകനായി താങ്കളുടെ തലയിൽ തന്നെ കാഷ്ടിച്ചെങ്കിലും,തിരിഞ്ഞു കൊത്തിയെങ്കിലും അതിൽ പലരും നമ്മെ വിസ്മയിപ്പിച്ചില്ലേ .
അജിത്ത് അഗാർക്കർ എന്ന മീഡിയം ഫാസ്റ്റ് ബൗളറെ നിങ്ങൾ ഒരു മികച്ച ബാറ്റ്‌സ്മാനാക്കിയില്ലേ?ഇർഫാൻ പത്താനെ നിങ്ങൾ ഒരു ഒന്നാംതരം ആൾറൗണ്ടർ ആക്കിയില്ലേ ?ചെമ്പൻ മുടിയുമായി വന്ന ആ വിക്കറ്റ് കീപ്പർ പയ്യനെ മൂന്നാം നമ്പറിൽ പരീക്ഷിച്ച് അത്യുന്നതങ്ങളിൽ എത്തിച്ചില്ലേ ?സെവാഗ് ,യുവരാജ് ,ഹർഭജൻ ,സഹീർ ഖാൻ ,മുഹമ്മദ് കൈഫ് etc .എല്ലാവരെയും നിങ്ങൾ സംരക്ഷിച്ചില്ലേ?
അരങ്ങൊഴിഞ്ഞ ദിവസം ഒരു ഫ്ലക്സ് അടിക്കാൻ കയ്യിൽ ഒരു നയാപൈസ ഇല്ലാതിരുന്ന അങ്ങയുടെ ഈ ആരാധകൻറെ കമ്പ്യൂട്ടർ ലാബിൻറെ നോട്ട് ബുക്കിലെ കവർ ചിത്രം അങ്ങയുടേതായിരുന്നു .ഒട്ടും താമസിപ്പിച്ചില്ല അത് വലിച്ചുകീറി ഉപയോഗ ശൂന്യമായ ഒരു ടെലിഫോൺ പോസ്റ്റിൽ കെട്ടി തൂക്കി .ആ തിരു നെറ്റിയിൽ നെടു നീളത്തിൽ ഒരു രക്ത കുങ്കുമ ഗോപിക്കുറിയും തൊട്ടു എന്നിട്ടെഴുതി “bengal tiger never quits” .
കോളേജിൽ ഒരു സഹപാഠി ഉണ്ടായിരുന്നു ഞങ്ങൾ പരസ്പരം ദാദയെന്ന് അഭിസംബോധന ചെയ്തിരുന്നു.ഞങ്ങളുടെ സംഭാഷണങ്ങളിൽ ദാദ ഒരു സ്ഥിര വിഷയമായി .ക്യാമ്പസ് ഇന്റർവ്യൂവിൽ ജോലി കിട്ടിയ ആ ദാദ ആരാധകന് ജോലി സ്ഥലം കൊൽക്കത്ത തിരഞ്ഞെടുക്കാൻ വേറെ ഒരു കാരണവും ഉണ്ടായിരുന്നില്ല.ഒരു മഹാകാവ്യം എഴുതാനും തയ്യാറാണ് മറക്കില്ലൊരിക്കലും മാസ്മരിക കരിയർ സൗരവ് ചാന്ദിദാസ് ഗാംഗുലി ഫ്രം ഭാരതം .