സിക്സറടി വീരന് ഇന്ന് ജന്മദിനം
വെസ്റ്റ് ഇൻഡീസ് അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിലെ ജമൈക്കൻ ക്രിക്കറ്റ് താരമാണ് ക്രിസ്റ്റഫർ ഹെൻറി ഗെയ്ൽ. 1979 സെപ്റ്റംബർ 21നാണ് ജനിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ ജമൈക്കയേയും, അന്തരാഷ്ട്ര ക്രിക്കറ്റിൽ വിൻഡീസിനെയും കളിക്കുന്ന താരം ഇന്ത്യൻ പ്രീമിയർ ലീഗിൽ കിങ്സ് ഇലവൻ പഞ്ചാബിന് വേണ്ടിയും കളിക്കുന്നു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും സെഞ്ച്വറി നേടിയ ആദ്യ കളിക്കാരനാണ് ഗെയ്ൽ. മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റിൽ 2 ട്രിപ്പിൾ സെഞ്ച്വറി നേടിയ 4 കളിക്കാരിൽ ഒരാളുമാണ് ഗെയ്ൽ. സൗത്ത് ആഫ്രിക്കയ്ക്കെതിരെ 2005ൽ നേടിയ 317 റൺസും ശ്രീലങ്കയ്ക്കെതിരെ 2010ൽ നേടിയ 333 റൺസുമാണവ. ഏകദിനത്തിൽ മൂന്നോ അതിൽ കൂടൂതലോ തവണ 150 റൺസിനു മേൽ സ്കോർ ചെയ്ത 6 കളിക്കാരിലൊരാൾ കൂടിയാണ് ഗെയ്ൽ. കൂടാതെ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ ഏക വിന്‍ഡീസ് താരവും ഗെയ്ൽ ആണ്. 2015 ലോകകപ്പിൽ സിംബാംബ്വേയ്ക്കെതിരെ നേടിയ 215 റൺസാണ് ഉയർന്ന സ്കോർ.
25 സെഞ്ച്വറി ഉൾപ്പടെ 300 ഏകദിനങ്ങളിൽ നിന്ന് 1048 റൺസെടുത്തിട്ടുണ്ട് ഈ നാൽപ്പത്കാരൻ. വിൻഡീസിന് വേണ്ടി ഏറ്റവും കൂടുതൽ ഏകദിന മൽസരങ്ങൾ കളിച്ച താരവും ക്രിസ് ഗെയിൽ ആണ്. 11 ടീമുകൾക്ക് വേണ്ടി ഗെയ്ൽ ട്വന്റി 20 കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ട്വന്റി 20യിലേയും ട്വന്റി 20 ലോക കപ്പിലേയും ആദ്യ സെഞ്ച്വറിക്കുടമയാണ് ഇദ്ദേഹം. 2007 ലെ ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ നേടിയ 117 റൺസ് അന്താരാഷ്ട്ര 20-20യിലെ ഉയർന്ന മൂന്നാമത്തെ സ്കോറാണ്. ഈ സെഞ്ച്വറിയോടെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും സെഞ്ച്വറി നേടിയ ആദ്യ കളിക്കാരൻ എന്ന നേട്ടത്തിനർഹനായി. 20-20യിൽ ഏറ്റവും കൂടൂതൽ സിക്സറുകളും ഗെയ്ലിന്റെ പേരിലാണ്.
ആദ്യ ടെസ്റ്റ് മൽസരം 16 മാർച്ച് 2000ൽ സിംബാബ്വെക്കെതിരെയായിരുന്നു. സിക്സടിയിൽ കേമനായ ഗെയിൽ ട്വന്റി 20യിൽ ഏറ്റവുമധികം സിക്സർ നേടിയ താരം എന്ന നേട്ടവും ഇദ്ദേഹത്തിനാണ്. ബ്രയാൻ ലാറയ്ക്കുശേഷം ഏറ്റവും കൂടുതൽ റൺ നേടിയ വിൻഡീസ് താരമാണ് ഗെയ്ൽ.11 സെപ്റ്റംബർ 1999ൽ ഇന്ത്യക്കെതിരെയായിരുന്നു ഗെയിലിൻറെ ആദ്യ ഏകദിന മത്സരം.






































