Foot Ball Top News

യൂറോപ്പ ലീഗ്‌: നീലയിൽ നിറഞ്ഞാടി റോമ; തുർക്കിഷ് ക്ലബ് ചാരമായി!

September 20, 2019

author:

യൂറോപ്പ ലീഗ്‌: നീലയിൽ നിറഞ്ഞാടി റോമ; തുർക്കിഷ് ക്ലബ് ചാരമായി!

യൂറോപ്പാ ലീഗിലെ ആദ്യ പോരാട്ടത്തിൽ, തുർക്കിഷ് ക്ലബ്ബായ ഇസ്‌താംബുൾ ബസാക്ഷറിനെ കശക്കിയെറിഞ്ഞുകൊണ്ട്‌, റോമ തുടക്കം ഗംഭീരമാക്കി. സ്വന്തം തട്ടകമായ സ്റ്റേഡിയോ ഒളിമ്പിയാക്കോയിൽ, നീലധാരികളായി അണിനിരന്ന റോമൻ നിര, തുർക്കിഷ് ആഭ്യന്തര ലീഗിലെ റണ്ണർ അപ്പുകളെ നിലം പരിശാക്കി. സ്‌കോർ (4-0). കളിയുടെ തുടക്കം മുതൽ ഒടുക്കം വരെ കളത്തിൽ സർവ്വാധിപത്യം തുടർന്ന റോമാ, തുർക്കിഷ് പകുതിയിൽ നിരന്തരം ആക്രമണം അഴിച്ചുവിട്ടു. ഇടക്കിടെ റോമൻ പ്രതിരോധത്തിൽ വീഴുന്ന വിള്ളലുകൾ മുതലെടുത്തുകൊണ്ട്, ട്യൂറാൻ കുതിച്ചുകയറിയെങ്കിലും ഗോൾ നേടാൻ കഴിഞ്ഞില്ല. റോമക്കെതിരെ അറ്റാക്കിങ്ങിലൂടെ മേൽക്കൈ നേടാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ തുർക്കിഷ് നിര, പ്രതിരോധം കടുപ്പിച്ചുകൊണ്ടു റോമൻ ആക്രമണങ്ങളെ ചെറുത്തു. എന്നാൽ നാൽപ്പതാം മിനിറ്റിൽ സ്പിനാസ്സോള ഒരുക്കിയ മനോഹരമായ അവസരം, ജസ്റ്റിൻ ക്ലൂവർട് ഹെഡ്‌ ചെയ്തുവെങ്കിലും ആ ഉദ്യമം സേവ് ചെയ്യപ്പെട്ടു. നിരാശരായ റോമൻ ആരാധകരുടെ മുഖത്ത് തൊട്ടടുത്ത നിമിഷം ആദ്യ ചിരി വിരിഞ്ഞു. ബോക്സിനുള്ളിൽ ഊഴം കാത്തുനിന്ന എഡിൻ ജെക്കോക്ക്, സ്പിനാസ്സോള തന്നെ മറിച്ചു നൽകിയ പന്ത്, ക്ലിയർ ചെയ്യിന്നതിൽ തുർക്കിഷ് ഡിഫൻഡർ കയാക്കാരക്ക് പറ്റിയ പിഴവിൽ നിന്നായിരുന്നു റോമയുടെ ആദ്യ ഗോൾ (41′). ഉജ്വലമായി ചെറുത്തു നിന്നിട്ടും, സെല്ഫ് ഗോൾ വഴങ്ങേണ്ടി വന്നതിന്റെ നിരാശ ഇസ്‌താംബുൾ കളിക്കാരിൽ പ്രകടമായിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിലും, എഡിൻ ജെക്കോയുടെ ഗോളെന്നുറച്ച ഷോട്ട് സേവ് ചെയ്യപ്പെട്ടു. എന്നാൽ 57ആം മിനിറ്റിൽ റോമയുടെ യുവ താരം സാനിയോളോ ഒരുക്കിക്കൊടുത്ത സുവർണ്ണാവസരം, ഗോൾ വലയിലേക്ക് തൊടുത്ത ജെക്കോക്ക് ഇക്കുറി പിഴച്ചില്ല. സ്‌കോർ (2-0). ഇതിനു പിന്നാലെ, റോമൻ കോച്ച് ഫോൻസെക, ജാവിയർ പാസ്റ്റോറെ തിരിച്ചു വിളിച്ച്, പകരം പില്ലഗ്രിനിയെ കളത്തിലിറക്കിയതോടെ, കളിക്ക് ഗതിവേഗം കൈവന്നു.തൊട്ടു മുൻപ് തനിക്ക് സാനിയോളോ നൽകിയ അസിസ്റ്റിന് പകരമെന്നോണം, 70ആം മിനിറ്റിൽ ബോക്സിനുള്ളിൽ വച്ച് ജെക്കോ നല്കിയ പാസ്സ്  വലതു വിങ്ങിൽ നിന്ന് സ്വീകരിച്ച സാനിയോളോ, ഫാർ പോസ്റ്റിലേക്ക് തൊടുത്ത തറ പറ്റുന്ന ഷോട്ട്, ഗോളിയെ നിസ്സഹായനാക്കി വല തുളച്ചു. (3-0). 73ആം മിനിറ്റിൽ ജെക്കോക്ക് പകരക്കാരനായി, കലാനിക്ക്, റോമൻ ജേഴ്സിയിലെ തന്റെ ആദ്യ മത്സരത്തിനിറങ്ങി. നേരത്തെ, അരങ്ങേറ്റ മത്സരത്തിൽ സ്‌കോർ ചെയ്ത മേഖിതര്യനെ പോലെ കലാനിക്കിനും ഗോൾ നേടാമായിരുന്നു എങ്കിലും, ഗോളിയുടെ അവസരോചിത ഇടപെടൽ, വിലങ്ങുതടിയായി. കളിയുടെ അവസാന നിമിഷം, സാനിയോളോ ഒരുക്കിയ അവസരം സമയോചിതമായി വിനിയോഗിച്ച ക്ലൂവർട്ട്, റോമയുടെ ഗോൾ പട്ടിക പൂർത്തിയാക്കി. (4-0).


57 ശതമാനത്തോളം പോസഷൻ കാത്ത റോമ ഇരുപതോളം ഷോട്ടുകൾ തൊടുത്തപ്പോൾ മറുപടിയായി വിരളമായ അറ്റാക്കുകൾ മാത്രമാണ് ഇസ്താമ്പുളിൽ നിന്ന് ഉണ്ടായത്. മൻസീനിക്കും ഫ്ലോറിൻസിക്കും വിശ്രമം നൽകി എന്നതൊഴിച്ചാൽ, താരതമ്യേന ദുർബലരായ എതിരാളികൾക്കെതിരെ അമിത ആത്മാവിശ്വാസമൊന്നും കൂടാതെയാണ് റോമാ കളിച്ചത്. ഓരോ മത്സരത്തെയും അതീവ ഗൗരവത്തോടെയാണ് കോച്ച് ഫെൻസക സമീപിക്കുന്നത് എന്നതിനുള്ള തെളിവാണിത്. യൂറോപ്പായിൽ , വോൾഫ്‌സ് ബർഗർ എ സിയും ബൊറൂസിയ എംഗ്ലാഡ്ബാക്കും അടങ്ങിയ ഗ്രൂപ്പ് ജെയിൽ നിലവിൽ റോമാ ഒന്നാമതാണ്. ടീമിന്റെ പ്രകടനത്തിലും യുവതാരം നിക്കോളോ സാനിയോലോയുടെ സംഭാവനകളിലും പ്രതീക്ഷ അർപ്പിച്ചാണ് റോമാ ആരാധകരുടെ കാത്തിരിപ്പ്.
ഇഷ്ട താരങ്ങൾ നീലയിൽ നിറഞ്ഞാടിയ മത്സരം ആരാധകർക്ക് ഓർത്തു വയ്ക്കാവുന്ന മുഹൂർത്തങ്ങളാൽ സമ്പന്നമായിരുന്നു.

Binoy Stephen

Leave a comment