ഡി മരിയ മാജിക്കിൽ ആടി ഉലഞ്ഞു റയൽ മാഡ്രിഡ്
*മാഡ്രിഡ് ചോദിക്കുന്നു: ഒരു മര്യാദ ഒക്കെ വേണ്ടേ മരിയേ…?*
പാരീസ് പിടിച്ചടക്കാനെത്തിയ സിദാന്റെ പടക്ക്, ഞെട്ടിക്കുന്ന തോൽവി. പഴുതടച്ച പ്രതിരോധവും, മിന്നൽ വേഗതയും കാണിശതയും നിറഞ്ഞ മുന്നേറ്റവും ഒത്തു ചേർന്നപ്പോൾ, പാരീസിന് 3-0 ന്റെ ത്രസിപ്പിക്കുന്ന വിജയം. കിക്കോഫിന് തൊട്ടുമുൻപുവരെ കളിയിൽ ആധിപത്യം റയൽ മാഡ്രിഡിന് തന്നെയായിരുന്നു. PSG നിരയിലെ കുന്തമുനകളായ നെയ്മറും എംബപ്പേയും കളിക്കിറങ്ങുന്നില്ല എന്നതും Psg യുമായി കൊമ്പുകോർത്ത അവസാനത്തെ അഞ്ചു മത്സരങ്ങളിലും തോൽവി നേരിട്ടിട്ടില്ല എന്നതും റയലിന് ആത്മവിശ്വാസം നൽകുന്നുണ്ടായിരുന്നു. എന്നാൽ കളി തുടങ്ങി നിമിഷങ്ങൾക്കകം കാര്യങ്ങൾ കീഴ്മേൽ മറിയുകയായിരുന്നു. 13ആം മിനിറ്റിൽ ബർണാഡ് മുറിച്ചുനല്കിയ അതിമനോഹരമായ ബോൾ, റയൽ ഗോളിയെ സാക്ഷിനിർത്തി എയ്ഞ്ചൽ ഡി മരിയ ഫിനിഷ് ചെയ്തതോടെ ഫ്രഞ്ചുകാർക്ക് ആധിപത്യമായി. തൊട്ടടുത്ത നിമിഷം ഹസാർഡിലൂടെ മാഡ്രിഡ് നടത്തിയ മുന്നേറ്റം, ഇഞ്ചുകളുടെ വ്യത്യാസത്തിൽ പാരീസ് പോസ്റ്റിന്റെ പുറത്തേക്ക് പാഞ്ഞു. ഒരു ഗോൾ നേടി ഒപ്പമെത്താൻ മാഡ്രിഡ് നടത്തിയ ശ്രമങ്ങളെല്ലാം മർക്ക്വിന്നോസും സിൽവയും ചേർന്നു ചെറുത്തു നിന്നു. ബോക്സിന് 20 വാര അകലെ വച്ചു മാഡ്രിഡ് താരത്തെ psg ഡിഫൻഡർ വീഴ്ത്തിയത്തിന് ലഭിച്ച ഫ്രീകിക്ക് എടുത്തത് ഗരേത് ബെയ്ൽ ആയിരുന്നു. ദൗർഭാഗ്യവശാൽ പന്ത് ക്രോസ്സ് ബാറിൽ തട്ടി തെറിക്കുകയായിരുന്നു. മന്ദഗതിയിലേക്ക് നീങ്ങിയ മത്സരത്തെ ചാടുലമാക്കിക്കൊണ്ടു, മാഡ്രിഡ് പോസ്റ്റിൽ മരിയ വീണ്ടും തീ തുപ്പി. ഗോൾ വലയിലെ വലതു മൂലയിലേക്ക് ചാഞ്ഞിറങ്ങുന്ന ഒരു തകർപ്പൻ ഷോട്ടിലൂടെ അർജന്റീനാതാരം ലീഡ് ഉയർത്തി. എന്നാൽ പിൻതിരിയാൻ മാഡ്രിഡ് ഒരുക്കമല്ലായിരുന്നു. ബെയിലിന്റെ അതിമനോഹരമായ ഒരു വോളി, പാരീസ് പോസ്റ്റിനുള്ളിലെത്തി എങ്കിലും, വീഡിയോ റിപ്ലെയിൽ ഗോൾ അല്ല എന്ന് തെളിഞ്ഞു. പന്ത് നിയന്ത്രിക്കുന്നതിനിടെ ബെയിലിന്റെ വലം കൈ പന്തിൽ തൊട്ടിരുന്നു. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ, ലോസ് ബ്ലാൻകോസിനെ പഴുതടച്ച പ്രതിരോധത്തിലൂടെ തടഞ്ഞു നിർത്താൻ പാരീസിനായി.
രണ്ടാം പകുതിയിലും psg മുന്നേറ്റം തുടർന്നപ്പോൾ, റയൽ ചിത്രത്തിലേ ഇല്ലായിരുന്നു. 59ആം മിനിറ്റിൽ ഹാട്രിക് നേടാനുള്ള അവസരം, ഒരു ദുർബല ഷോട്ടിലൂടെ മരിയ നഷ്ടപ്പെടുത്തി. ഗോൾ അവസരങ്ങൾ സൃഷ്ടിക്കാൻ മാഡ്രിഡ് ഏറെ പണിപ്പെട്ടെങ്കിലും, ഒന്നും ഫലം കണ്ടില്ല. 70 ആം മിനിറ്റിൽ ഹാസാർഡിനെയും റോഡ്രിഗസിനെയും പിൻവലിച്ച്, വസ്ക്വസിനെയും ലൂക്ക ജോവിക്കിനെയും സിദാൻ കളത്തിലിറക്കി. ബെൻസിമായിലൂടെ ഒരു എവേ ഗോൾ നേടാനുള്ള റയലിന്റെ ശ്രമങ്ങൾ തലനാരിഴയ്ക്ക് നഷ്ടമായി. അപ്പോഴെല്ലാം കളത്തിൽ പാരീസിൽ സർവ്വാധിപത്യമായിരുന്നു. റെഗുലർ ടൈമിന്റെ അവസാന നിമിഷം, പാരീസിന്റെ ഫുൾ ബാക്കുകളായ മ്യൂനിയറും, ബെർണാഡും ചേർന്നു നടത്തിയ മുന്നേറ്റം പരീസിന് മൂന്നാം ഗോൾ സമ്മാനിച്ചു. ബോക്സിനുള്ളിൽ വച്ച് മാഡ്രിഡ് ഗോളി കോർത്വായെ കബളിപ്പിച്ച ബർണാഡ്, മ്യൂനിയർക്ക് പന്ത് മറിച്ചു നൽകി. എതിരിടാൻ വന്ന രണ്ടു മാഡ്രിഡ് താരങ്ങളെ ഹതാശരാക്കി പന്ത് ഗോൾ വല ചുംബിച്ചു. പാരീസിന് മൂന്നു ഗോളിന്റെ അനിഷേധ്യ വിജയം. മികച്ച രണ്ടു ഗോളുകളിലൂടെയും കളി പാരീസിനനുകൂലമാക്കാൻ നടത്തിയ ശ്രമങ്ങളിലൂടെയും, മരിയ കളിയിലെ കേമനായി.
മാഡ്രിഡുകാരുടെ ഉറക്കം കെടുത്തുന്ന പ്രകടനം തന്നെയാണ് മരിയ പുറത്തെടുത്തതും! വിജയത്തോടെ ഗ്രൂപ്പ് ജേതാക്കളായി പ്രീക്വർട്ടർ ബെർത്ത് ഉറപ്പിക്കാൻ പാരീസിനാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ.







































