Foot Ball Top News

യൂറോപ്പലീഗ്: നീലയണിഞ്ഞിറങ്ങാൻ ചെമ്പട

September 19, 2019

author:

യൂറോപ്പലീഗ്: നീലയണിഞ്ഞിറങ്ങാൻ ചെമ്പട

“ഞങ്ങൾ ജിയല്ലോറോസിയുടെ ആരാധകരാണ്” എന്ന് ഗാലറികളിൽ ഇരുന്ന് ആർപ്പുവിളിക്കുന്നവരാണ് എന്നും റോമാ ആരാധകർ. ഇറ്റാലിയൻ ഭാഷയിൽ ജിയല്ലോറോസി എന്നാൽ മഞ്ഞയും ചുവപ്പുമെന്നാണ് അർത്ഥമാക്കുന്നത്. റോമാ സാമ്രാജ്യത്തിന്റെ ചരിത്രത്തിൽ അടയാളപ്പെട്ട നിറങ്ങളാണ് ചുവപ്പും മഞ്ഞയും. എല്ലാം പൊയ്പോയ ചരിത്രങ്ങളാണെങ്കിലും, റോമാക്കാർ എന്നും നെഞ്ചേറ്റുന്ന നിറങ്ങൾ ഇവരണ്ടും ആണ്. അതുകൊണ്ടു തന്നെയാവണം 1927 ൽ എ എസ് റോമാ ക്ലബ് രൂപം കൊള്ളുമ്പോൾ ക്ലബ് അധികൃതർ ഈ നിറങ്ങൾ തങ്ങളുടെ ടീമിനും കടം കൊണ്ടത്.

മഞ്ഞയും ചുവപ്പും കൊണ്ട് അലങ്കരിക്കപ്പെട്ട പരമ്പരാഗത റോമാ ജേഴ്‌സി തന്നെയാണ് ഇപ്പോഴും ടീം ഉപയോഗിക്കുന്നത്. എന്നാൽ ഈ വാരം അവസാനം യൂറോപ്പ ലീഗ് മത്സരത്തിനിറങ്ങുന്ന റോമ അണിയുക നീല ജേഴ്‌സിയാണ്.

ടീമിന്റെ ജേഴ്‌സി വിതരണക്കാരായ നൈക്കി ഔദ്യോഗികമായി ജേഴ്സിയുടെ പതിപ്പുകൾ പുറത്തിറക്കിക്കഴിഞ്ഞു.

രൂപം കൊണ്ടതിന് 65 വർഷങ്ങൾക്ക് ശേഷം, 1992 ലാണ് ആദ്യമായി റോമ ഒരു ഔദ്യോഗിക മത്സരത്തിൽ നീല നിറം അണിഞ്ഞിട്ടുള്ളത്. അഡിഡാസ് രൂപകൽപ്പന ചെയ്ത ആ ജേഴ്‌സി, ഏതാനും മത്സരങ്ങളിൽ മാത്രമേ റോമാ ഉപയോഗിച്ചുള്ളൂ. പിന്നീട് 2001 ലും 2004 ലും വ്യത്യസ്ത നിർമ്മാതാക്കളുടെ സ്പോൻസർഷിപ്പിൽ റോമ നീല ജേഴ്‌സി ഉപയോഗിച്ചുവെങ്കിലും, ആരാധകർക്ക് അത് സ്വീകാര്യമായില്ല.

ഇക്കുറി നൈക്കി തയ്യാറാക്കിയിരിക്കുന്ന തേർഡ് ജേഴ്‌സി, 90 കളിലെ റോമൻ വിന്റേജ് ജേഴ്സിയെ ഓർമ്മിപ്പിക്കുന്നു. മഞ്ഞ നിറത്തിലെ പോളോ നെക്കും, നൈക്കിയുടെ പഴയ എംബ്ലവും അടങ്ങിയ ജേഴ്സിക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്.

ടീമിന്റെ പഴയ കാല ലോഗോകളുടെ ഭാഗമായ, ASR എന്ന ചുരുക്കെഴുത്തും, ഗ്രെയ്റ്റൻ ലുപ്പെറ്റോയും (ചെന്നായയുടെ രൂപം) വാട്ടർമാർക്കായി ചേർത്തിട്ടുണ്ട് ഈ ജേഴ്സിയിൽ.ചുവപ്പും മഞ്ഞയുമണിഞ്ഞു ഗാലറിയിൽ എത്തുന്ന ജിയല്ലോറോസി ആരാധകർക്കുമുന്നിൽ, നീലയണിഞ്ഞ റോമ ജയിച്ചു കയറുവാൻ കാത്തിരിക്കുകയാണ് ഫുട്‌ബോൾ ലോകം.
സെപ്റ്റംബർ 20ന് തുർക്കിഷ് ക്ലബ്ബായ ഇസ്താംബുൾ ബാസാക്ഷേരുമായി സ്വന്തം മൈതാനത്താണ് റോമയുടെ ആദ്യ മത്സരം.

Binoy Stephen

Leave a comment