ചൈന ഓപ്പൺ: പിവി സിന്ധു ആദ്യ ജയത്തോടെ പ്രീ ക്വാർട്ടർ ഫൈനലിലെത്തി
ചാങ്ഷൗ: ചൈന ഓപ്പൺ വനിത സിംഗിൾസ് വിഭാഗത്തിൽ ഇന്ത്യയുടെ പിവി സിന്ധുവിന് ജയം. ഇന്ന് നടന്ന മൽസരത്തിൽ ചൈനയുടെ ലി ഷുയേറിയെ ആണ് സിന്ധു തോൽപ്പിച്ചത്. ജയത്തോടെ സിന്ധു പ്രീ ക്വാർട്ടർ ഫൈനലിലെത്തി. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്ധുവിൻറെ വിജയം. ആദ്യ ഗെയിമില്‍ ചൈനീസ് താരം പൊരുതിയെങ്കിലും രണ്ടാം ഗെയിമിൽ സിന്ധു അനായാസ വിജയം സ്വന്തമാക്കി. ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കിയ സിന്ധു തകർപ്പൻ ഫോമിലാണ്.

ആദ്യ സെറ്റിൽ സിന്ധു ആണ് ലീഡ് ആദ്യം നേടിയതെങ്കിലും ലി ഷുയേറി പിന്നീട് സ്‌കോർ ഒപ്പത്തിനൊപ്പം എത്തിച്ചു എന്നാൽ സിന്ധുവിൻറെ തകർപ്പൻ പ്രകടനത്തെ തകർക്കാൻ ലി ഷുയേറിക്ക് ആയില്ല. ക്രോസ് കോർട്ട് റിട്ടേണുകളുമായി സിന്ധു അവരുടെ ഗെയിം മികച്ചതാക്കി. നിലവിൽ ലോക റാങ്കിങ്ങിൽ സിന്ധു അഞ്ചാം സ്ഥാനത്താണ്. ഈ കിരീടം കൂടി നേടാനായാൽ സിന്ധുവിന് ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്താൻ കഴിയും.