ചാമ്പ്യന്മാർ മുട്ടുകുത്തി – ചാമ്പ്യൻസ് ലീഗിന് ആവേശത്തുടക്കം
നിലവിലെ ചാമ്പ്യന്മാർ എന്ന പകിട്ടുമായി ആദ്യ മത്സരത്തിനിറങ്ങിയ ലിവർപൂളിനെ സെറി A വമ്പന്മാരായ നപ്പൊലി, ചാമ്പ്യൻസ് ലീഗിലെ ആദ്യ പാദ മത്സരത്തിൽ മുട്ടുകുത്തിച്ചു. സ്വന്തം തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ, ചാമ്പ്യൻമാർക്കെതിരെ നപ്പോളി ക്ക് 2-0 ന്റെ മിന്നും ജയം. ആദ്യ മിനിറ്റുകളിൽ കളം നിറഞ്ഞു കളിച്ചത് ലിവർപൂൾ ആയിരുന്നു. എന്നാൽ ഏഴാം മിനിട്ടിൽ ലിവർപൂൾ വലയിൽ തുടരൻ ആക്രമണങ്ങളുമായി നപ്പോളി ഭീഷണി ഉയർത്തി. നപ്പോളിയുടെ റൂയിസിന്റെ ഷോട്ട് രണ്ടു വട്ടം ഗോളി അഡ്രിയാൻ തടുത്തിടവേ കിട്ടിയ റീബൗണ്ട് അവസരം, ലോസനോ വിനിയോഗിച്ചെങ്കിലും, റഫറി ഓഫ് സൈഡ് വിധിച്ചു. 21 ആം മിനിറ്റിൽ നപ്പോളി പ്രതിരോധ നിരയെ കബലിപ്പിച്ചുകൊണ്ട് ഹെൻഡേഴ്സൻ ചിപ്പ് ചെയ്തു നൽകിയ പന്ത് മാനെ ലക്ഷ്യത്തിൽ എത്തിക്കുമെന്ന് തോന്നിച്ചുവെങ്കിലും, നപ്പോളി ഗോളി, മിറേറ്റ് വിജയകരമായി അപകടം ഒഴിവാക്കി. പിന്നീട് സലയുടെയും ഫിർമിനോയുടെയും നേതൃത്വത്തിൽ ഒട്ടേറെ മുന്നേറ്റങ്ങൾ നടന്നുവെങ്കിലും, കൗലിബലിയുടെ ഇടപെടലുകൾ നപ്പോളിയുടെ കോട്ട കാത്തു. അർണോൽഡിനെ ബോക്സിനു പുറത്തുവെച്ചു ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീകിക്കും പൂളിന് പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല. ഒന്നാം പകുതിയുടെ അവസാനത്തോടെ ലിവർപൂൾ ഹാഫിൽ നപ്പോളി നടത്തിയ ആക്രമണങ്ങൾ ഗോളി അഡ്രിയൻ ചെറുത്തു. നാല്പത്തിനാലാം മിനിറ്റിൽ ലഭിച്ച കോർണ്ണറിന് ഫിർമ്മിനോ തല വെച്ചുവെങ്കിലും, രണ്ടാം പോസ്റ്റിനു വെളിയിലേക്ക് ഷോട്ട് പാഞ്ഞതോടെ ആദ്യ പകുതി ഗോൾരഹിതമായി.
രണ്ടാം പകുതിയിലും ആക്രമണത്തിന് തുടക്കമിട്ടത് നപ്പോളി തന്നെ. മെർട്ടിൻസിന്റെ ഷോട്ട് ഏറെ പണിപ്പെട്ടാണ് ലിവർപൂൾ ഗോളി തടുത്തത്. ഇതിനിടെ റോബർട്ട്സനും, മിൽനർക്കും അടുത്തടുത്ത മിനിറ്റുകളിൽ മഞ്ഞകാർഡ് കിട്ടിയത് ലിവർപൂളിന്റെ കളിയോടുള്ള സമീപനത്തെ ബാധിച്ചു. മനോളസ്സിന്റെ പിഴവിൽനിന്നും പന്ത് കൈക്കലാക്കിയ സല, ഗോളിലേക്ക് ഷോട്ട് തൊടുത്തെങ്കിലും, ഫലമുണ്ടായില്ല. പിന്നീട് ലഭിച്ച രണ്ട് അവസരങ്ങളും മാനെ നഷ്ടപ്പെടുത്തിയത് ലിവർപൂളിന് തിരിച്ചടിയായി. മത്സരം ഗോൾ രഹിതമായി അവസാനിക്കും എന്ന് തോന്നിച്ചുവെങ്കിലും 80-ആം മിനിറ്റിൽ കളിയുടെ ഗതി മാറി. കളേജനെ ലിവർപൂൾ ഡിഫൻഡർ ബോക്സിനുള്ളിൽ വീഴ്ത്തിയത്തിന് പെനൽറ്റി ലഭിക്കുകയും, മർട്ടിനെസ് അത് ഗോൾ ആക്കുകയും ചെയ്തതോടെ നപ്പൊലിക്ക് മേൽക്കൈ. (1-0). ഒരു സമനില ഗോൾ നേടാൻ ലിവർപൂൾ കിണഞ്ഞു പരിശ്രമിച്ചെങ്കിലും, ഗോൾ അകന്നു നിന്നു. അവസാനമിനിറ്റിൽ, പ്രതിരോധത്തിൽ ആവർത്തിച്ച പാളിച്ചക്ക് ലിവർപൂളിന് വീണ്ടും അടിയേറ്റു. ഫെർണാണ്ടോ ലോറന്റെ നപ്പോളിയുടെ ലീഡ് ഉയർത്തി! (2-0). ഏതാനും മിനിട്ടുകൾക്കകം ഫൈനൽ വിസിൽ വീണു. ജയത്തോടെ നപ്പോളി തുടക്കം ഗംഭീരമാക്കി.
_binoy stephen