Foot Ball Top News

ചാമ്പ്യൻസ് ലീഗിൽ ലാംപാർഡിന് തോൽവിയോടെ തുടക്കം

September 18, 2019

author:

ചാമ്പ്യൻസ് ലീഗിൽ ലാംപാർഡിന് തോൽവിയോടെ തുടക്കം

തന്റെ പരിശീലകവേഷത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ലാംപാർഡിന് തോൽവി. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് വാലെൻസിയയുമായി ചെൽസി പരാജയപ്പെട്ടത്. കഴിഞ്ഞ മത്സരത്തിൽ പരീക്ഷിച്ചു വിജയിച്ച 3-4-3 ഫോർമേഷനും പരിക്കേറ്റ റൂഡിഗറിന് പകരം സൂമ വന്നതൊഴിച്ചാൽ അതേ കളിക്കാരുമായാണ് നീലപ്പട ഇറങ്ങിയത്. എന്നാൽ തുടക്കത്തിൽത്തന്നെ വർദ്ധിത വീര്യത്തോടെ കളിച്ച വാലെൻസിയക്കെതിരെ ചെൽസി പതറി. ഭൂരിഭാഗം സമയം പന്ത് കൈവശം ലഭിച്ചെങ്കിലും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ ചെൽസിക്കായില്ല.

ലഭിച്ച രണ്ട് അവസരങ്ങളിൽ ഒന്ന് വില്യൻ പുറത്തേക്കടിച്ചപ്പോൾ മറ്റൊന്ന് ഗോൾക്കീപ്പർ സില്ലസൻ മികച്ച ഒരു സേവിലൂടെ തടഞ്ഞു. മറുഭാഗത്ത് വാലെൻസിയയാവട്ടെ പ്രതിരോധക്കോട്ട കാത്ത്, തരം കിട്ടുമ്പോഴെല്ലാം കൗണ്ടർ ചെയ്തു. രണ്ടാം പകുതി തുടങ്ങിയ ശേഷവും സമനിലയിലേക്ക് തന്നെ പോവുമെന്ന് തോന്നിച്ച മത്സരത്തിൽ അപ്രതീക്ഷിതമായാണ് വാലെൻസിയ ഗോൾ നേടിയത്. ബോക്സിനു പുറത്തു നിന്നു ഡാനി പരേഹോ തൊടുത്ത ഫീ കിക്കിൽ നിന്നും ആരും മാർക്ക് ചെയ്യാതെ ഓടിക്കയറിയ റോഡ്രിഗോ സ്‌കോർ ചെയ്തു. തുടർന്നു ലഭിച്ച പെനാൽറ്റി കിക്ക് ബാർക്ക്ലി പുറത്തടിക്കുക കൂടെ ചെയ്തതോടെ ചെൽസിയുടെ പതനം പൂർണമായി. ആദ്യ ഹോം മത്സരം തന്നെ തോറ്റതോടെ അടുത്ത റൗണ്ടിൽ കടക്കാൻ ചെൽസി കിണഞ്ഞു പരിശ്രമിക്കേണ്ടി വരും.

Leave a comment