ഇന്ത്യക്ക് വേണ്ടി കളിച്ച ഏറ്റവും ഉയരം കൂടിയ കളിക്കാരനാണ് ഈ ആലപ്പുഴക്കാരൻ
ടിനു യോഹന്നാനും ശ്രീശാന്തിനും സഞ്ജുവിനും മുൻപ് ഒരു കാലത്തു ഈ മനുഷ്യൻ ഇന്ത്യയുടെ ജേഴ്‌സി യിൽ കളിക്കുന്നത് കണ്ടു അഭിമാനം കൊണ്ടിരുന്നു നമ്മൾ മലയാളികൾ, അത് വേറെ ആരുമല്ല 1968 ൽ ആലപ്പുഴ, മാന്നാറിൽ ജനിച്ച എബി കുരുവിള ആയിരുന്നു.
1990 കളുടെ മധ്യത്തിൽ ഇന്ത്യയെ പ്രതിനിധികരിച്ച പേസ് ബൗളറായിരുന്നു എബി. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കാര്യം ഉയരവും വിശാലമായ ഫ്രെയിമും ആയിരുന്നു. ഈ 6 അടി 6 ഇഞ്ച് കാരനാണ് ഇന്ത്യക്ക് വേണ്ടി കളിച്ച ഏറ്റവും ഉയരം കൂടിയ കളിക്കാരൻ.
മുംബൈയിൽ വളർന്ന അദ്ദേഹം 1997ലെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ഇന്ത്യയുടെ പേസ് ആക്രമണത്തിന് നേതൃത്വം നൽകി. തോളിലെ പരിക്ക് കാരണം ജവഗൽ ശ്രീനാഥ് പിന്മാറിയ പര്യടനത്തിൽ 1997 ൽ ജമൈക്കയിലെ കിംഗ്സ്റ്റണിൽ വെസ്റ്റ് ഇൻഡീസിനെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. ഫ്ലാറ്റ് പിച്ചിൽ അദ്ദേഹത്തിന് വലിയ വിജയം നേടാനായില്ല. ആ ടെസ്റ്റ് മത്സരത്തിൽ മാന്യമായി പന്തെറിഞ്ഞെങ്കിലും ടീമിൽ നിന്ന് പുറത്തായി. പിന്നീട് ബ്രിഡ്ജ്സ് ടൗണിൽ നടന്ന മൂന്നാം ടെസ്റ്റിൽ തന്റെ കന്നി 5 വിക്കറ്റ് നേട്ടം കുറിച്ചു, 63 റൺസ് വഴങ്ങിയായിരുന്നു അത്. രണ്ടാം ഇന്നിംഗ്‌സിലെ എബിയുടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏക 5 വിക്കറ്റ് നേട്ടം ഇന്ത്യക്ക് വിജയത്തിനുള്ള സാഹചര്യങ്ങൾ ഒരുക്കിയ ഒന്നായിരുന്നു. എന്നാൽ വിജയ ലക്ഷ്യമായ 119 റൺസ് പിന്തുടർന്ന ഇന്ത്യൻ ബാറ്റ്സ്മാൻമാർ വിക്കറ്റ് വലിച്ചെറിഞ്ഞു എങ്കിലും അന്ന് നല്ല അദ്ധ്വാനശീലത്തോടും മാതൃകാപരമായ നിയന്ത്രണത്തോടും ബാറ്റ്സ്മാനെ കുഴപ്പിക്കാനുള്ള കഴിവുകൾ പ്രകടിപ്പിച്ച എബി കുരുവിള ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ ഇടം നേടി.
മനോഹരമായ ഓഫ് കട്ടറുകൾ മറച്ചു വെച്ചിരുന്നു ആ കൈകളിൽ, പരസ് മംബ്രരെ , നിലേഷ് കുൽക്കർണി, സലീൽ അങ്കോള, അജിത് അഗാർക്കർ എന്നിവർക്കൊപ്പം എബി യും ചേർന്ന് ഒരു ശക്തമായ ബൗളിംഗ് നിരയുണ്ടായിരുന്നു അക്കാലത്ത് ബോംബെക്ക്. കൂടാതെ എബി കുരുവിള ഇന്ത്യക്ക് വേണ്ടി ഏകദിനത്തിലും കളിച്ചിട്ടുണ്ട്. മത്സരത്തിൽ ഇന്ത്യ തോറ്റെങ്കിലും 1997 ൽ കൊളംബോയിൽ (SSC) ശ്രീലങ്കയ്‌ക്കെതിരെ 4 വിക്കറ്റ് വീഴ്ത്തിയ പ്രകടനമാണ് അദ്ദേഹത്തിൽ നിന്നുമുള്ള മികച്ചത് .
പോർട്ട് ഓഫ് സ്പെയിനിലെ ക്വീൻസ് പാർക്ക് ഓവലിൽ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരമായിരുന്നു ഈ കളിക്കാരന്റെ മറ്റൊരു അവിസ്മരണീയ മത്സരം. മികച്ച രീതിയിൽ ബോൾ എറിഞ്ഞ അദ്ദേഹം 23 റൺസ് വഴങ്ങി 3 വിക്കറ്റ് നേടി. അതുപോലെ 1997 ൽ മദ്രാസിൽ നടന്ന ഏകദിന മത്സരത്തിൽ സയീദ് അൻവർ 194 റൺസ് നേടിയ പ്രശസ്തമായാ ഇന്നിംഗ്‌സിൽ അദ്ദേഹം ഇന്ത്യൻ ബൗളേഴ്‌സിനെ മേൽ തകർത്താടിയ മത്സരത്തിൽ ഇന്ത്യൻ ബൗളിങ്ങിന്റെ ഭാഗമായിരുന്ന എബി. തടുക്കാൻ കഴിയാത്ത വിധത്തിൽ ബാറ്റ് ചെയ്ത അൻവറിനു എതിരെ മികച്ച രീതിയിൽ ബോൾ ചെയ്തിരുന്നു, മൂന്നുറിനു മുകളിൽ സ്കോർ പോയ ആ കളിയിൽ രണ്ടു മെയ്ഡൻ ഓവറുകളും അദ്ദേഹം എറിഞ്ഞിരുന്നു.
അടുത്ത സീസണിൽ ഇന്ത്യൻ ആക്രമണത്തിലെ ഒരു പ്രധാന വ്യക്തിയായി എബി കുരുവിള ഉയർന്നുവന്നു.
അദ്ദേഹത്തിന്റെ ഇന്ത്യൻ കുപ്പായത്തിന്റെ ഉപയോഗം വളരെ പ്രശംസനീയമായി കണക്കാക്കിയെങ്കിലും അതിശയകരമെന്നു പറയട്ടെ, പിന്നീട് അങ്ങോട്ട്, അദ്ദേഹത്തെ ഒരിക്കലും പരിഗണിച്ചില്ല. തുടർന്ന് വളർന്നു വരുന്ന ധാരാളം യുവപ്രതിഭകൾക്കായി 2000 ത്തി ൽ എല്ലാ തരത്തിലുമുള്ള ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് തന്റെ ക്രിക്കറ്റ് ജീവിതം മതിയാക്കി. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം കോച്ചിംഗിലേക്ക് തിരിഞ്ഞു. ശേഷം 2012 ൽ ബിസിസിഐയുടെ ദേശീയ സെലക്ടറായി നിയമിതനായി.
ഉയരം കൂടിയ ശരീരഘടനയോട് കൂടി ഇന്ത്യക്ക് വേണ്ടി മികച്ച സംഭാവനകൾ നൽകിയ എബി, ദേശീയ ടീമിലേക്ക് വളരെ വൈകി തിരഞ്ഞെടുക്കപ്പെട്ട ഒരു നിർഭാഗ്യവാനായിരുന്നു. അദ്ദേഹം എക്സ്പ്രസ്സ് ബൗളറോന്നും ആയിരുന്നില്ല എങ്കിലും അദ്ദേഹത്തിന്റെ സമ്പന്നമായ സ്വിംഗും കാപട്യത്തോട് കൂടിയുള്ള വേഗത കുറഞ്ഞ ബോളുകളും അദ്ദേഹത്തെ ഒരു പ്രത്യേക ബൗളറാക്കിമാറ്റി.
1991-92 ൽ ബോംബെക്കായി തന്റെ ആദ്യ മുഴുനിള സീസണിൽ അദ്ദേഹം 35 വിക്കറ്റുകൾ നേടി. അതിനെ തുടർന്ന് 1992-93 കാലഘട്ടത്തിൽ ദക്ഷിണാഫ്രിക്കൻ പര്യടനം നടത്തുമെന്ന് പ്രതീക്ഷകൾ നിറഞ്ഞ വാർത്തകൾ വ്യാപകമായി പ്രചരിച്ചു അവസാനം നിർഭാഗ്യവശാൽ അവഗണിക്കപ്പെട്ടു.
മൃദുഭാഷിയായ എബി കുരുവിള തന്നെ നിസ്സാരമാക്കുന്ന മോശം പെരുമാറ്റങ്ങളോട് ഒരിക്കലും പ്രതികരിച്ചിരുന്നില്ല , പശ്ചാത്തപിച്ചില്ല.
“എനിക്ക് ഇന്ത്യക്ക് വേണ്ടി കളിക്കാനെങ്കിലും കഴിഞ്ഞല്ലോ, അത് എത്ര ചെറിയ തോതിൽ ആണെങ്കിലും”
10 ടെസ്റ്റുകളിൽ 25 വിക്കറ്റുകളും 25 ഏകദിനങ്ങളിൽ 25 വിക്കറ്റുകളുമാണ് ഇന്റർനാഷണൽ ക്രിക്കറ്റിൽ സമ്പാദ്യം. അതുപോലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 82 മത്സരങ്ങളിൽ 290 വിക്കറ്റും നേടിയിട്ടുണ്ട്.
എഴുതിയത് വിമൽ താഴെത്തുവീട്ടിൽ