നൂറ്റാണ്ടിന്റെ പന്ത് !! വീഡിയോ കാണാം !!
ഇംഗ്ലണ്ടിന്റെ മൈക്ക് ഗാറ്റിംഗിനെ പുറത്താക്കാൻ ഓസ്ട്രേലിയൻ ക്രിക്കറ്ററായ ഷെയ്ൻ വോൺ എറിഞ്ഞ പന്താണ് നൂറ്റാണ്ടിന്റെ പന്ത് (Ball of the Century) എന്ന് അറിയപ്പെടുന്നത്. ഗേറ്റിംഗ് ബോൾ എന്നും ആ പന്ത് പരാമർശിക്കപ്പേടുന്നു.1993 ലെ ആഷസ് ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ, ഓൾഡ് ട്രാഫോർഡ് മൈതാനത്തിൽ നടന്ന ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് നൂറ്റാണ്ടിന്റെ പന്ത് എന്ന് അറിയപ്പെടുന്ന സംഭവമുണ്ടായത്.എറിഞ്ഞ ആദ്യ പന്തിൽ തന്നെ വോൺ അത്ഭുതാവഹമായി ഗാറ്റിംഗിനെ ബൗൾഡാക്കി. ബ്രിട്ടീഷ് ടെലിവിഷന്റെ 2002-ൽ തെരഞ്ഞടുക്കപ്പെട്ട മികച്ച 100 കായിക നിമിഷങ്ങളിൽ 92-ആമത് സ്ഥാനം നൂറ്റാണ്ടിന്റെ പന്തിനാണ്.
ആ പന്ത്എ ങ്ങനെ ???
Shane Warne’s first ball in Ashes – against Mike Gatting, 1993.
Known as ‘Ball of the Century’pic.twitter.com/43l4OOx5rS
— Cricketopia (@CricketopiaCom) September 13, 2019
ചെറിയൊരു റണ്ണപ്പിനു ശേഷം ഷെയ്ൻ വോൺ, വലം കൈ ബാറ്റ്സ്മാനായ ഗാറ്റിംഗിനെതിരെ തന്റെ വലതു കൈ ഒന്ന് തിരിച്ച് ഒരു ലെഗ് സ്പിൻ പന്ത് ബൗൾ ചെയ്തു. ആ പന്ത് തുടക്കത്തിൽ ബാറ്റ്സ്മാനു നേരെയാണ് സഞ്ചരിച്ചിരുന്നതെന്ന് സസൂക്ഷ്മം നിരീക്ഷിച്ചാൽ കാണാമായിരുന്നു. അത് ബാറ്റ്സ്മാനെ സമീപിക്കും തോറും മാഗ്‌നസ് പ്രഭാവം മൂലം സ്പിൻ ചെയ്തു കൊണ്ട് വലത്തോട്ട് തിരിഞ്ഞുകൊണ്ടിരുന്നു. ലെഗ് സ്റ്റംപിനു പുറത്ത് കുറച്ച് ഇഞ്ചുകൾ അകലത്തിൽ ആ പന്ത് കുത്തി.
ഗാറ്റിംഗ് തന്റെ ഇടം കാൽ മുന്നോട്ട് കയറ്റി പന്ത് കുത്തുന്ന സ്ഥാനത്ത് വെച്ച് ബാറ്റ് തന്റെ പാഡിനോട് ചേർത്ത് ആ പന്തിനെതിരായി പ്രതികരിച്ചു. പരിചയസമ്പന്നരായ ബാറ്റ്സമാന്മാർ പ്രയോഗിക്കുന്ന നിലവാരമുള്ള ഒരു തന്ത്രമാണിത്. പന്ത് തന്റെ ബാറ്റിലോ പാഡിലോ തട്ടും എന്ന ഉദ്ദ്യേശത്തോടുകൂടിയാണ് ഈ തന്ത്രം പ്രയോഗിക്കുന്നത്. പന്ത് ലെഗ് സ്റ്റംപിനു പുറത്താണ് കുത്തിയത് എന്നതിനാൽ കാലിൽ കൊണ്ടാലും LBW നൽകാനാവില്ല. മാത്രവുമല്ല, പന്ത് കൂടുതലായി തിരിയുകയാണെങ്കിൽ ബാറ്റിൽ കൊണ്ട് സുരക്ഷിതമായി നിലം പതിക്കുകയും ചെയ്യും.
കുത്തി ഉയർന്ന ആ പന്ത്, ഗാറ്റിംഗ് വിചാരിച്ചതിലും കൂടുതൽ തിരിഞ്ഞു. ആ പന്ത് അദ്ദേഹത്തിന്റെ ബാറ്റിനേയും കടന്നുപോയി ഓഫ് സ്റ്റംപിലെ ബൈലിനെ താഴെയിട്ടു. ഗാറ്റിംഗ് ഒരു നിമിഷം പിച്ചിലേക്ക് സൂക്ഷിച്ചു നോക്കി നിന്നു പോയി. അതിനുശേഷം തന്റെ വിധിയെ അംഗീകരിച്ച് അദ്ദേഹം പവലിയനിലേക്ക് മടങ്ങി. ഗാറ്റിംഗ് തരിച്ചു നിന്ന ആ നിമിഷം സ്റ്റീവ് ലിൻഡ്‌സെൽ ക്യാമറയിൽ പകർത്തി. ഇയാൻ ഹീലി തന്റെ കൈകൾ മുകളിലേക്കുയർത്തി ആഘോഷിക്കുന്നതും തെറിച്ചു പോയ ബൈൽ അദ്ദേഹത്തിന്റെ തലക്കു മുകളിൽ നിൽക്കുന്നതും ആ ചിത്രത്തിൽ കാണാമായിരുന്നു.ഒരു ലെഗ് സ്പിൻ പന്തിന്റെ എല്ലാ മനോഹാരിതയും അതിൽ അടങ്ങിയിരുന്നു എന്നതാണ് ബൗളറുടെ കഴിവ്.ക്രിക്കറ്റിലെ ഇതിഹാസ താരത്തിൻറെ തുടക്കം എന്ന് വിശേഷിപ്പിക്കാം.
ഗാറ്റിംഗ് പുറത്താകുമ്പോൾ 80 റണ്ണുകൾക്ക് 2 വിക്കറ്റുകൾ എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ആ അവസ്ഥയിൽ നിന്നും അവർ ഒരിക്കലും കരകയറിയില്ല. സ്കോർബോർഡിൽ നാല് റണ്ണുകൾ കൂടി കൂട്ടിച്ചേർക്കുന്നതിനിടയിൽ റോബിൻ സ്മിത്തിനേയും വോൺ പുറത്താക്കി. അതിനു ശേഷം ഗ്രഹാം ഗൂച്ചിന്റേയും ആൻഡി കാഡിക്കിന്റേയും വിക്കറ്റുകൾ കൂടി വോൺ സ്വന്തമാക്കി. അങ്ങനെ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് 210 റണ്ണുകളോടെ അവസാനിച്ചു. ബൗളിംഗിന്റെ ഊർജ്ജം ഉൾക്കൊണ്ട് ഓസ്ട്രേലിയ ബാറ്റ് ചെയ്തു. അവരുടെ രണ്ടാം ഇന്നിംഗ്സ് 432 റണ്ണുകൾക്ക് 5 വിക്കറ്റ് എന്ന നിലയിൽ അവർ അവസാനിപ്പിച്ചു. രണ്ടാം ഇന്നിംഗിലെ ബൗളിംഗിൽ ഷെയ്ൻ വോൺ നാലു വിക്കറ്റുകൾ കൂടി നേടി. ഓസ്ട്രേലിയ, മത്സരം 179 റണ്ണുകൾക്ക് വിജയിച്ചു. കളിയിൽ പ്രകടിപ്പിച്ച മികവുകൾക്ക് വോൺ കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടു.
ആദ്യ മത്സരം പരമ്പരയിലെ മറ്റു മത്സരങ്ങളുടെ ഒരു ചിത്രമായിരുന്നു. ഓസ്ട്രേലിയ പരമ്പര 4-1 ന് നേടി. 25.79 ശരാശരിയിൽ 34 വിക്കറ്റുകൾ ഷെയ്ൻ വോൺ ആ പരമ്പരയിൽ നേടി. ഓസ്ട്രേലിയയുടെ, പരമ്പരയിലെ കേമനായി ഷെയ്ൻ വോൺ തിരഞ്ഞെടുക്കപ്പെട്ടു. (ഓരോ ടീമിനും ഓരോ പരമ്പരയിലെ കേമൻ എന്ന രീതി ആഷസ് പരമ്പരയിൽ നിലവിലുണ്ട്.)
ലോകക്രിക്കറ്റിനെ അടക്കി വാണ ഓസ്ട്രേലിയൻ ടീമിന്റേയും കൂടാതെ വിജയകരമായ ഷെയ്ൻ വോണിന്റെ കളിജീവിതത്തിന്റേയും തുടക്കമായി ഈ പരമ്പര വിലയിരുത്തപ്പെടുന്നു.അദ്ദേഹത്തിന്റെ പ്രശസ്തി സ്പിൻ ബൗളിംഗിനെ പ്രധാനമായും ലെഗ് സ്പിൻ ബൗളിംഗിനെ ക്രിക്കറ്റ് ലോകത്തെ പ്രശസ്തമായ കലയാക്കി മാറ്റി.
ഗാറ്റിംഗിനെ പുറത്താക്കിയ വോണിന്റെ ആ പന്ത് നൂറ്റാണ്ടിന്റെ പന്ത് എന്ന് അറിയപ്പെടാൻ തുടങ്ങി.ആ സംഭവത്തിനു ശേഷം ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളർമാരിലൊരാളായി അദ്ദേഹത്തെ കണക്കാക്കാൻ തുടങ്ങി.
2005 ലെ ആഷസ് പരമ്പരയിലെ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിനിടെ, ലെഗ് സ്പിൻ പന്തുകളെറിയുന്ന ഒരു യന്ത്രമുപയോഗിച്ച് ഗാറ്റിംഗ് നൂറ്റാണ്ടിന്റെ പന്ത് പുനർനിർമ്മിച്ചു.
2009 ൽ അയർലണ്ടിലെ ഒരു പോപ് ഗ്രൂപ്പ്, ഡക്ക് വർത്ത് ല്യൂയിസ് മെത്തേഡ് എന്നൊരു ആൽബം നിർമ്മിച്ചു. അതിലെ ജിഗ്ഗറി പോക്കറി എന്ന ഗാനം ഈ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്.
ഇതിഹാസങ്ങളുടെ പിറവി നിമിഷ നേരം കൊണ്ട് നമുക് തോന്നാമെങ്കിലും അതിനുള്ളിൽ ഉള്ള കഠിനാധ്വാനവും പ്രതിഭയും ഊഹിക്കാവുന്നതിലും അപ്പുറം ആണ്.ഒരൊറ്റ പന്ത് കൊണ്ട് ഒരു നൂറ്റാണ്ടിനെ തന്റെ കാൽകീഴിൽ ആക്കിയ അതുല്യ പ്രതിഭ.തന്റെ കൈ വിരലുകൾ കൊണ്ട് മാന്ത്രികത കണ്ടെത്തിയ ക്രിക്കറ്റ് മജീഷ്യൻ.റെക്കോർഡുകളും നേട്ടങ്ങളും നിരത്താതെ ഒരു ഡെലിവറി കൊണ്ട് ലോക പ്രശസ്തനായ ക്രിക്കറ്റെർ.ഈ മനുഷ്യന്റെ പകരക്കാരനെ ക്രിക്കറ്റ് ഓസ്ട്രേലിയ മാത്രമല്ല ലോകക്രിക്കറ്റ് തന്നെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.
“ഇതിഹാസങ്ങൾക്കു പകരക്കാരില്ല”
✍🏻മുജീബ്