ഉന്ററിനും പരിക്ക്; റോമ ഊരാക്കുടുക്കിൽ..
ഒരിടവേളയ്ക്ക് ശേഷം സെറി എ സീസൺ പുനരാരംഭിക്കുമ്പോൾ റോമാ ക്യാമ്പിൽ ആശങ്കകൾ നിലനിൽക്കുന്നു. പുതിയ സീസണിലെ ആദ്യ മത്സരങ്ങളിൽ, ജെനോവക്കെതിരെയും, നഗര വൈരികളായ ലാസിയോക്ക് എതിരെയും തുടർച്ചയായി സമനിലയിൽ പിരിയേണ്ടി വന്നതോടൊപ്പം, ടീമിന്റെ വിജയ പ്രതീക്ഷകൾ പേറുന്ന താരങ്ങൾ പരുക്കിന്റെ പിടിയിലാകുന്നതാണ് റോമയെ വലയ്ക്കുന്നത്. മുന്നേറ്റ താരം ഡിയാഗോ പേറോട്ടിക്കും, പ്രതിരോധ താരങ്ങളായ സ്പിനസോളക്കും ഡേവിഡ് സപ്പകോസ്റ്റക്കും പിന്നാലെ, വലത് വിങ്ങിൽ റോമൻ മുന്നേറ്റങ്ങൾക്ക് ശക്തി പകരുന്ന ചെങ്കിസ് ഉന്റർക്കും പരിക്ക് പറ്റിയതാണ് കോച്ച് പൗലോ ഫോൻസേകാക്കു തലവേദന സൃഷ്ടിക്കുന്നത്.
രാജ്യാന്തര മത്സരങ്ങൾക്കായി, ദേശിയ ടീമായ തുർക്കിക്ക് ഒപ്പം പരിശീലനത്തിന് ഇറങ്ങാവെയാണ് താരത്തിന്റെ വലത് തുടയിലെ പേശികൾക്ക് പരിക്കേൽക്കുന്നത്. ഇതോടെ തുർക്കിക്കായി കളത്തിലിറങ്ങാതെ താരം മടങ്ങുകയായിരുന്നു. ഞായറാഴ്ച, ലീഗിൽ സസ്വോളോക്കെതിരായ മത്സരത്തിൽ ഉന്റർ ഉണ്ടാവില്ല എന്നു ഉറപ്പായിക്കഴിഞ്ഞു. ഒക്ടോബർ ആദ്യ വാരം ടീമിനൊപ്പം പരിശീലനത്തിനെത്താമെന്നാണ് ആദ്യ പരിശോധനയിൽ അറിയാൻ കഴിഞ്ഞത്.
ഇക്കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിലൂടെ റോമക്ക് ഒപ്പം ചേർന്ന മുന്നേറ്റ താരങ്ങളായ നിക്കോള കലാനിക്കോ, ഹെൻഡ്രിക്ക് മിഖിതര്യാനോ വരും മത്സരങ്ങളിൽ ഇന്ററുടെ പൊസിഷനിൽ കളിച്ചേക്കാം. സപ്പകോസ്റ്റയുടെ പരുക്ക് ഭേദമാക്കാൻ ദിവസങ്ങൾ വേണ്ടിവരുമെന്നതിനാൽ, ക്യാപ്റ്റൻ ഫ്ലോറൻസിയെ മധ്യനിരയിൽ നിന്നും പ്രതിരോധത്തിലേക്ക് വലിക്കാനാവും ഫോൻസെക പദ്ധതിയിടുന്നത്.
ആദ്യ മത്സരത്തിൽ ജെനോവക്കെതിരെ ഉജ്വലമായി കളിച്ച ഉന്റർ, ഒരു ഗോളും നേടിയിരുന്നു. ഉന്ററുടെ പ്രകടനത്തിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടീം മാനേജ്‌മെന്റും, ജിയല്ലോറോസിയുടെ കടുത്ത ആരാധകരും ഇപ്പോൾ ആശങ്കയിലാണ്.
#As_roma_fans_kerala