അഞ്ചാം ആഷസ് ടെസ്റ്റ്: ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്ടമായി
ഇംഗ്ലണ്ട് ഓസ്‌ട്രേലിയ ആഷസ് പരമ്പരയിലെ അഞ്ചാമത്തേയും, അവസാനത്തേതുമായ ടെസ്റ്റ് മൽസരത്തിന് ഇന്ന് ഓവൽസിൽ തുടക്കമായി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇംഗ്ലണ്ട് 126/2 എന്ന നിലയിലാണ്. 40 റൺസുമായി ജോ റൂട്ടും, 18 റൺസുമായി ബെൻ സ്റ്റോക്‌സുമാണ് ക്രീസിൽ. റോറിയുടെയും(47), ജോ ഡലിയുടെയും(14) വിക്കറ്റ് ആണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ജോഷ് ഹാസല്‍വുഡിനും, പാറ്റ് കമ്മിന്‍സിനും ആണ് വിക്കറ്റ് ലഭിച്ചത്.
ടോസ് നേടിയ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് 27ൽ നിൽക്കെ നഷ്ടമായി. പിന്നീട് രണ്ടാം വിക്കറ്റിൽ റോറിയും, റൂട്ടും മികച്ച രീതിയിൽ ബാറ്റിംഗ് നടത്തി. നല്ലൊരു കൂട്ടുകെട്ട് രണ്ട് പേരും ചേർന്ന് പടുത്തുയർത്തുകയും ചെയ്തു എന്നാൽ 47 റൺസ് എടുത്ത റോറിയെ ജോഷ് ഹാസല്‍വുഡ് പുറത്താക്കി. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 76 റൺസ് നേടി. രണ്ട് മത്സരങ്ങൾ ജയിച്ച ഓസ്‌ട്രേലിയ ആഷസ് കിരീടം നിലനിർത്തി. പരമ്പരയിൽ ഒരു മത്സരം മാത്രമാണ് ഇംഗ്ലണ്ട് ജയിച്ചത്.






































