Foot Ball Top News

ആശങ്കകൾക്കിടയിലും ആശ്വാസമായി എമേഴ്‌സൻ

September 7, 2019

author:

ആശങ്കകൾക്കിടയിലും ആശ്വാസമായി എമേഴ്‌സൻ

പുതിയ ടാക്റ്റിക്കൽ സെറ്റപ്പിൽ ആശങ്കകളേറെയാണ് ചെൽസിക്കും ലാംപാർഡിനും. എന്നാൽ ലെഫ്റ്റ് ബാക്ക് സ്ഥാനത്തിന് വേണ്ടിയുള്ള തന്റെ സ്ഥാനം പതിയെ അരക്കിട്ടുറപ്പിക്കുകയാണ് എമേഴ്‌സൻ പാൽമേരി എന്ന ബ്രസീലിയൻ വംശജൻ. ഈ സീസണിൽ നീലപ്പടയ്ക്ക് വേണ്ടി ഏറ്റവും സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ച വെച്ചതും മറ്റാരുമല്ല. മറ്റൊരു ബ്രസീലിയൻ താരമായിരുന്ന അലക്‌സ് സാൻഡ്രോക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ വിജയം കാണാതിരുന്ന ചെൽസി ബോർഡിന്റെ ബാക്കപ്പ് ഓപ്ഷൻ ആയിരുന്നു ശെരിക്കും എമേഴ്‌സൻ. 2018-19 സീസണിൽ ടീമിലെത്തിയെങ്കിലും കോണ്ടെയ്ക്കൊ സാരിക്കോ കീഴിൽ കാര്യമായ അവസരങ്ങൾ നേടിയെടുക്കാനോ, കിട്ടിയ അവസരങ്ങളിൽ മികവ് പ്രകടിപ്പിക്കാനോ കഴിഞ്ഞില്ല.


എന്നാൽ ലാംപാർഡ് ചുമതലയേറ്റത്തോടെ ഈ ഇടം കാലൻ ഡിഫൻഡറുടെ സമയം തെളിഞ്ഞിരിക്കുകയാണ്. മികച്ച പന്തടക്കവും, ഡ്രിബിളിങ്ങും, വേഗതയും കൈമുതലായുള്ള എമേഴ്‌സൻ അത്യാവശ്യം നല്ല ഒരു ഫ്രീ കിക്ക് ടേക്കർ കൂടെയാണ്. പൊസിഷനിങ്ങിൽ ചെറിയ പാളിച്ചകളുണ്ടെങ്കിലും പ്രതിരോധത്തിലും മികച്ച പ്രകടനമാണ് നടത്തുന്നത്. സ്റ്റാൻഡ് ഔട്ട് പ്രകടനങ്ങളൊന്നും ഇതുവരെ ഉണ്ടായില്ലെങ്കിലും ഈ ഫോം തുടർന്നാൽ ഗോളുകളും അസിസ്റ്റുകളും നേടാൻ അധികം കാത്തിരിക്കേണ്ടി വരില്ല. അർമേനിയയുമായുള്ള യോഗ്യതാ മത്സരത്തിൽ ഇറ്റലി നാഷണൽ ടീമിന്റെ കുപ്പായമണിഞ്ഞ എമേഴ്‌സൻ മികച്ച പ്രകടനത്തോടൊപ്പം ഒരു അസിസ്റ്റും നേടി.

ജസീം അലി

Leave a comment