Cricket Stories Top News

റിക്കാർഡോ പവൽ – ഇന്ത്യയുടെ പേടിസ്വപ്നം ആയിരുന്ന പിഞ്ച് ഹിറ്റർ

September 6, 2019

author:

റിക്കാർഡോ പവൽ – ഇന്ത്യയുടെ പേടിസ്വപ്നം ആയിരുന്ന പിഞ്ച് ഹിറ്റർ

ക്രിക്കറ്റിൽ ചില കളിക്കാർ വലിയ ഇമ്പാക്ട് ഒന്നും ഉണ്ടാക്കി കാണില്ല ,പക്ഷേ നമ്മൾ ഇഷ്ടപെട്ട ടീമിനെതിരെ ചെലപ്പോൾ മികച്ച ട്രാക് റെക്കോർഡുള്ള താരങ്ങൾ ആയിരിക്കാം. ഇതേ പോലെ ഉള്ള ഒരു കരീബിയൻ പിഞ്ച് ഹിറ്റർ ആയിരുന്നു റിക്കാർഡോ പവൽ. ജയിച്ചെന്ന് കരുതിയ മത്സരം പോലും ഒറ്റയാൻ പ്രകടനത്തിലൂടെ തട്ടിയെടുക്കാൻ കഴിവുള്ള കളിക്കാരൻ. ഇന്ത്യക്കെതിരെ മികച്ച പ്രകടനമായിരുന്നു പലപ്പോഴും കാഴ്ച്ച വെച്ചിരുന്നത്. ഏകദിനത്തിൽ ഹൈ സ്ട്രൈക്ക് റേറ്റിൽ ആയിരത്തിലധികം റൺസ് നേടിയ റെക്കോർഡ് ഇദ്ദേഹത്തിൻറെ പേരിലാണ്.

ഹൊറിസോണ്ടൽ ബാറ്റിങ്ങിലൂടെ ഇത്ര അനായാസമായി കൂറ്റൻ സിക്‌സറുകൾ നേടുന്ന താരം വേറെ ഇല്ല. സ്പിന്നിനെ കളിയ്ക്കാൻ പ്രത്യേക കഴിവായിരുന്നു അദ്ദേഹത്തിന്. എന്നാൽ കഴിവ് ഉണ്ടായിട്ടും വേണ്ടത് പോലെ ഉപയോഗിക്കാതെ കരിയർ കളഞ്ഞ ക്രിക്കറ്റെർ കൂടി ആണ് അദ്ദേഹം. വിൻഡീസിന് വേണ്ടി നൂറിലധികം ഏകദിനങ്ങൾ കളിച്ചിട്ടുണ്ട്.

ഏകദിനത്തിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കരീബിയൻ പ്ലയെർ കൂടിയാണ് റിക്കാർഡോ പവൽ.കരിയറിൽ നേടിയ ഏക സെഞ്ചുറിയും ഇതായിരുന്നു.അതിൻറെ ഓർമകൾ ഇന്ത്യൻ ആരാധകർ ഒരിക്കലും മറക്കാൻ സാധ്യത ഇല്ല.

1999 ൽ സിംഗപ്പൂരിൽ നടന്ന കൊക്ക കോള സിംഗപ്പൂർ ചലഞ്ജ് കപ്പ് ഫൈനൽ ,ടോസ്സ് നേടിയ ബ്രയാൻ ലാറ ഇന്ത്യയെ ബാറ്റിങ്ങിന് വിട്ടു.രാഹുൽ ദ്രാവിഡിൻറെ സെഞ്ചുറിയും ,നിഖിൽ ചോപ്രയുടെ ഫിനിഷിങ്ങും കൂടി കൂടി 254 റൺസ് ഇന്ത്യ നേടി.ചെസിങ്ങ് ചെയ്‌ത വിൻഡീസ് ദേബാശിഷ് മൊഹന്തിയുടെ അച്ചടക്കമുള്ള ബൗളിങ്ങിന് മുന്നിൽ അടി പതറി.പതിനേഴാം ഓവറിൽ 67/4 എന്ന നിലയിൽ പരുങ്ങി.ആറാമനായി ഇറങ്ങിയ റിക്കാർഡോ പവൽ ഒരു കൂസലുമില്ലാതെ തൻറെ മാസ്സീവ് ബാറ്റിങ്ങിലൂടെ ആക്രമണം അഴിച്ചുവിടുകയയായിരുന്നു.

ഇന്ത്യൻ ബൗളേഴ്‌സിനെ ബൗണ്ടറി പറത്തി അദ്ദേഹം ആഘോഷിച്ചു.കുംബ്ലെ ,പ്രസാദ് ,ജോഷി ഇവരൊക്കെ പാവലിന്റെ ബാറ്റിംഗ് ചൂട് ശെരിക്കും അറിഞ്ഞു.ബ്രേക്ക് ത്രുവിനു വേണ്ടി എറിഞ്ഞ ഗാംഗുലിയെ അദ്ദേഹം തുടർച്ചയായ സികസറുകൾ പറത്തി.അതിലൊരു കൂറ്റൻ സിക്സർ വിശ്രമിച്ചത് ഗ്രൗണ്ടിന് പുറത്തെ മെയിൻ റോഡിൽ ആയിരുന്നു. വെറും 72 പന്തുകളിൽ നിന്ന് സെഞ്ചുറി തികച്ചു ,മൊഹന്തിയുടെ ഷോർട് ബൗളിൽ ടോപ് എഡ്‌ജ്‌ ആയി ദ്രാവിഡിൻറെ കൈകളിൽ എത്തുമ്പോൾ വിൻഡീസ് ജയത്തിനോട് തൊട്ടരികിൽ എത്തിയിരുന്നു. പവലിന്റെ ഒറ്റയാൾ പ്രകടനത്തിലൂടെ കപ്പ് വിൻഡീസ് കൊണ്ട് പോയി.93 പന്തുകളിൽ നിന്നും 124 നേടിയപ്പോൾ ,ഇതിൽ 8 കൂറ്റൻ സികസറുകളും ,9 ബൗണ്ടറികളും ഉൾപ്പെട്ടിരുന്നു. സിംഗപ്പൂർ സീരിസിലെ മാൻ ഓഫ് ദി മാച്ച് ,മാൻ ഓഫ് ദി സീരീസ് പട്ടങ്ങൾ ഇദ്ദേഹം സ്വന്തമാക്കി.

വലിയ താരം ആയിരിക്കില്ല ,പക്ഷേ ഇന്ത്യൻ വിജയങ്ങൾക്കു വിലങ്ങു തടിയായി നിന്നിരുന്ന റിക്കാർഡോ പവലിനെ അന്നത്തെ വിൻഡീസുമായുള്ള മാച്ചുകൾ ഓർക്കുമ്പോൾ മറക്കാൻ കഴിയില്ല.

✍🏻മുജീബ്

Leave a comment