മഴയിൽ മുങ്ങിയ മൽസരത്തിൽ ഇന്ത്യ എയ്ക്ക് തോൽവി
തിരുവനന്തപുരം: ഇന്ത്യ എ, ദക്ഷിണാഫ്രിക്ക എ ഏകദിന പരമ്പരയിലെ നാലാം മൽസരത്തിൽ ഇന്ത്യ എയ്ക്ക് തോൽവി. മഴമൂലം രണ്ട് ദിവസമായി നടന്ന മത്സരത്തിൽ ആണ് ദക്ഷിണാഫ്രിക്ക എ നാല് റൺസിന് ഇന്ത്യ എയെ തോൽപ്പിച്ചത്. 193 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 188 റൺസ് നേടാനെ കഴിഞ്ഞൊള്ളു. മലയാളി താരം സഞ്ജു സാംസൺ നിരാശപ്പെടുത്തി. ശിഖർ ധവാൻ അർധശതകം നേടി. ആന്റിച്ച് നോര്‍ജെ, മാര്‍കോ ജാന്‍സണ്‍, ലുതോ സിംപാല എന്നിവർ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീതം നേടി.

ഇന്നലെ ടോസ് നേടിയ ഇന്ത്യ എ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 22 ഓവർ ആയപ്പോൾ മഴ എത്തുകയായിരുന്നു. പിന്നീട് 25 ഓവറാക്കി ചുരുക്കിയ മൽസരത്തിൽ ദക്ഷിണാഫ്രിക്ക 137 റൺസ് ആണ് നേടിയത്. മഴ നിയമം അനുസരിച്ച് ഇന്ത്യയുടെ വിജയലക്ഷ്യം 25 ഓവറിൽ 193 റൺസാക്കി. എന്നാൽ ഇന്നലെ ഇന്ത്യ 7.4 ഓവറില്‍ 56-1 എന്ന നിലയിൽ നിൽക്കെ വീണ്ടും മഴ എത്തി. ഇതോടെ മൽസരം ഇന്നത്തേക്ക് മാറ്റി. ഇന്ന് ഇന്ത്യൻ നിരയിൽ ശിഖർ ധവാൻ 52 റൺസ് നേടി ടോപ് സ്‌കോറര്‍ ആയി. ശിവും ദൂബെ(31), ശ്രേയസ് അയ്യർ(26) എന്നിവർ മാത്രമാണ് കളിച്ചത്.അവസാന പന്തിൽ അഞ്ച് റൺസ് ആയിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ഇന്ത്യക്ക് ഒരു റൺസ് മാത്രമെ നേടാൻ കഴിഞ്ഞൊള്ളു. അഞ്ച് മൽസരങ്ങൾ ഉള്ള പരമ്പരയിൽ ഇന്ത്യ മൂന്ന് മൽസരങ്ങൾ ജയിച്ച് പരമ്പര സ്വന്തമാക്കിയിരുന്നു. അവസാന മൽസരം നാളെ നടക്കും.
സ്‌കോർ :
ദക്ഷിണാഫ്രിക്ക എ: 137/1 (25.0)
ഇന്ത്യ എ : 188/9 (25.0)