യു എസ് ഓപ്പൺ ടെന്നീസ്: റാഫേൽ നദാൽ സെമിഫൈനലിൽ പ്രവേശിച്ചു
ന്യൂയോര്‍ക്ക്: യു.എസ്. ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ മുന്‍ ജേതാവും രണ്ടാം സീഡും ആയ റാഫേല്‍ നദാല്‍ സെമിയിൽ പ്രവേശിച്ചു. ഇന്ന് നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അര്‍ജന്റീനയുടെ ഡീഗോ ഷ്വാര്‍ട്ട്സ്മാനെ തോൽപ്പിച്ചാണ് നദാൽ സെമിയിൽ പ്രവേശിച്ചത്. അനായാസ ജയമാണ് നദാൽ നേടിയത്. 18 തവണ ഗ്രാന്റ് സ്‌ലാം നേടിയ നദാൽ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്കാണ് ഡീഗോയെ തോൽപ്പിച്ചത്. നിലവിൽ ഗ്രാന്റ് സ്‌ലാം നേടിയ ഒരാൾ മാത്രമാണ് ഇത്തവണ യു എസ് സെമിയിൽ എത്തിയിരിക്കുന്നത്. അതിനാൽ 19 ആം ഗ്രാന്റ് സ്‌ലാം നേട്ടം ലക്‌ഷ്യം വെച്ചാകും ഇനിയുള്ള മൽസരത്തെ സമീപിക്കുക.

ഇന്ന് നടന്ന മത്സരത്തിൽ ആദ്യ സെറ്റ് 6-4 എന്ന സ്‌കോറിൽ നദാൽ സ്വന്തമാക്കി. എന്നാൽ രണ്ടാം സെറ്റിൽ ഡീഗോ നല്ല മത്സരം ആണ് കാഴ്ചവെച്ചത്. അതിനാൽ നദാലിന് ഒന്ന് വിയർക്കേണ്ടി വന്നു. എന്നാൽ മൂന്നാം സെറ്റിൽ നദാൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ചതോടെ ഡീഗോയ്ക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ആദ്യ സെറ്റിൽ 4-0 ലീഡ് നേടാൻ നദാലിന് കഴിഞ്ഞിരുന്നു. ഇറ്റാലിയന്‍ താരം മറ്റിയോ ബരേറ്റിനിയാണ് സെമിയിൽ നദാലിൻറെ എതിരാളി.
സ്‌കോർ: 6-4, 7-5, 6-2