രണ്ടാം ടി20 മത്സരത്തിൽ ന്യൂസിലൻഡിന് അവസാന ഓവറിൽ വിജയം
ശ്രീലങ്ക ന്യൂസിലൻഡ് ടി20 പരമ്പരയിലെ രണ്ടാം മൽസരത്തിൽ ശ്രീലങ്കയ്ക്ക് തോൽവി. നാല് വിക്കറ്റിനാണ് ശ്രീലങ്കയെ ന്യൂസിലൻഡ് തോൽപ്പിച്ചത്. ജയത്തോടെ മൂന്ന് മത്സരങ്ങൾ ഉള്ള പരമ്പര ന്യൂസിലൻഡ് സ്വന്തമാക്കി. ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്‌ചിത 20 ഓവറിൽ ശ്രീലങ്ക 9 വിക്കറ്റ് നഷ്ട്ടത്തിൽ 161 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് 19.4 ഓവറില്‍ 165 റൺസ് നേടി വിജയം സ്വന്തമാക്കി. ഗ്രാന്‍ഡോം, ടോം ബ്രൂസ് എന്നിവരുടെ ബാറ്റിങ് മികവിലാണ് ന്യൂസിലൻഡ് വിജയം സ്വന്തമാക്കിയത്. അവസാന ഓവർ വരെ നീണ്ട് നിന്ന മത്സരത്തിൽ മിച്ചല്‍ സാന്റനറുടെ ബൗണ്ടറിയിൽ ന്യൂസിലൻഡ് വിജയം സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് വേണ്ടി കുസാൽ മെൻഡിസ്(26),അവിഷ്ക ഫെർണാണ്ടോ(37), നിരോഷൻ ഡിക്ക്വെല്ല(39), ഷെഹാൻ ജയസൂര്യ(20) എന്നിവരുടെ ബാറ്റിങ് പ്രകടനത്തിലാണ് ശ്രീലങ്ക 161 റൺസ് നേടിയത്. ന്യൂസിലൻഡിന് വേണ്ടി സേത്ത് റാൻസ് മൂന്ന് വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിന് തുടക്കം അത്ര നല്ലതായിരുന്നില്ല. 38/3 എന്ന നിലയിൽ ചുരുങ്ങിയ ന്യൂസിലൻഡിനെ ഗ്രാന്‍ഡോം(59), ടോം ബ്രൂസ്(53) എന്നിവർ ചേർന്നാണ് കരകയറ്റിയത്. ഇരുവരും നാലാം വിക്കറ്റിൽ 109 റണ്‍സാണ് അടിച്ചുകൂട്ടിയത്. എന്നാൽ ഇരുവരും അവസാന ഓവറുകളിൽ പുറത്തായതോടെ മൽസരം പ്രവചനാതീതമായി. എന്നാൽ അവസാന ഓവറിൽ മിച്ചല്‍ സാന്റനറുടെ 10 റൺസ് നേട്ടം ന്യൂസിലൻഡിനെ വിജയത്തിലെത്തിച്ചു.