രഞ്ജി ട്രോഫിയില്‍ പുതിയ തട്ടകമുറപ്പിച്ച് ഉന്മുക്ത് ചന്ദ്
ന്യൂഡല്‍ഹി: രഞ്ജി ട്രോഫിയിൽ പുതിയ തട്ടകമുറപ്പിച്ച് ഉന്മുക്ത് ചന്ദ്. 2012ല്‍ ഇന്ത്യയെ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് കിരീടം ചൂടിച്ച താരം ഡല്‍ഹി വിട്ട് പുതിയ സീസണില്‍ ഉത്തരാഖണ്ഡിന്റെ നായകനായി കളത്തിലിറങ്ങും. ഇതുമായി ബന്ധപ്പെട്ടുള്ള കരാറുകള്‍ പൂര്‍ത്തിയായി എന്നാണ് റിപ്പോർട്ടുകൾ. ഇനി ഡല്‍ഹിയില്‍ നിന്നുള്ള എന്‍ഒസി മാത്രമാണ് ഇരുപത്തിയാറുകാരനായ താരത്തിന് ലഭിക്കാനുള്ളത്. വിരാട് കോലിക്ക് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമായി വിലയിരുത്തപ്പെട്ടിരുന്ന ഉന്മുക്തിന് ഇതുവരെ ഇന്ത്യൻ ക്രിക്കറ്റിന്റെ ജേഴ്‌സി അണിയുവാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ല.
ഉത്തരാഖണ്ഡിലേക്കുള്ള മാറ്റം കടുത്ത വെല്ലുവിളികൾ സൃഷ്ട്ടിക്കുമെങ്കിലും പോസിറ്റീവായാണ് അതിനെ കാണുന്നതെന്നും ഇന്ന് ക്രിക്കറ്റില്‍ ഇത്രത്തോളം വളര്‍ന്നതിന് പിന്നില്‍ ഡല്‍ഹി ക്രിക്കറ്റ് ബോര്‍ഡിന്റെ പങ്ക് വളരെ വലുതാണെന്നും താരം പറഞ്ഞു. കഴിഞ്ഞ വര്‍ഷം തന്നെ ഡല്‍ഹിയില്‍ നിന്ന് മാറാൻ ആഗ്രഹിച്ചിട്ടും നടന്നില്ല. അവസാന സീസണില്‍ ഒരു മത്സരം പോലും കളിക്കാന്‍ സാധിച്ചില്ല.ഈ സീസണില്‍ അതിന് പരിഹാരം കാണാനാവുമെന്നാണ് പ്രതീക്ഷയെന്നും 26 കാരനായ താരം കൂട്ടിച്ചേർത്തു.