അണ്ടര്‍ 15 സാഫ് കപ്പ്: ഏഴ് ഗോളുകൾ അടിച്ചുകൂട്ടി ഇന്ത്യ കിരീടം സ്വന്തമാക്കി
കൊല്‍ക്കത്ത: അണ്ടര്‍ 15 സാഫ് ചാമ്ബ്യന്‍ഷിപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനൽ മത്സരത്തിൽ നേപ്പാളിനെ എതിരില്ലാത്ത ഏഴ് ഗോളുകൾക്ക് തോൽപ്പിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. തകർപ്പൻ പ്രകടനമാണ് ഇന്ത്യ നടത്തിയത്. ഇന്ത്യൻ താരം ശ്രീദര്‍ത്ത് ഹാട്രിക് ഗോൾ നേടി. മഹേസൺ സിംഗ്, അമൻദീപ്, സിബാജിത് സിംഗ്, ഹിമാൻഷു ജാൻഗ്ര എന്നിവർ ഓരോ ഗോൾ വീതം നേടി.

ആദ്യ പകുതിയിൽ പതിനഞ്ചാം മിനിറ്റിൽ ഇന്ത്യ ആദ്യ ഗോൾ നേടി. ആദ്യ പകുതിയിൽ ശക്തമായ ആക്രമണം ആണ് ഇന്ത്യ നടത്തിയത്. മികച്ച പാസ്സുകളും, ഡിഫൻസുമായി ഗ്രൗണ്ടിൽ ഇന്ത്യൻ താരങ്ങൾ നിറഞ്ഞു നിന്നു. മഹേസൺ സിംഗ് ആണ് ആദ്യ ഗോൾ നേടിയത്. 52, 76, 80 മിനിറ്റുകളിലാണ് ശ്രീദര്‍ത്ത് ഹാട്രിക് നേടിയത്. എല്ലാ മൽസരങ്ങളും ജയിച്ചാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലും ഇന്ത്യ നേപ്പാളിനെ തോല്‍പ്പിച്ചിരുന്നു. സാഫ് കപ്പിലെ അഞ്ച് മത്സരങ്ങളിൽ നിന്ന് ഇന്ത്യ അടിച്ചുകൂട്ടിയത് 28 ഗോളുകൾ ആണ്.