പുന്നമടയെ ആവേശത്തിലാഴ്ത്താൻ ഇന്ത്യൻ ഇതിഹാസം സച്ചിനെത്തി
ആലപ്പുഴ: അറുപത്തിയേഴാമത് നെഹ്രുട്രോഫി ജലോത്സവം ഇന്ന് നടക്കും. കനത്ത മഴയെ തുടർന്ന് മാറ്റിവച്ച ജലോത്സവ മത്സരത്തിൽ മുഖ്യാതിഥിയായി എത്തുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ആലപ്പുഴയുടെ മണ്ണിലേക്കെത്തി. ആലപ്പുഴ ലേക് പാലസ് ഹോട്ടലിൽ ഇന്നലെ രാത്രി 10.50-നാണ് അദ്ദേഹം എത്തിയത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് കാർമാർഗം എത്തിയ അദ്ദേഹത്തെ കൗൺസിലർ പ്രേം, ധനമന്ത്രിയുടെ സെക്രട്ടറിമാരായ ശ്രീജിത്ത്, അരുൺകുമാർ എന്നിവർ അനുഗമിച്ചു. 23 ചുണ്ടൻവള്ളങ്ങളാണ് മത്സരത്തിനായി ഇറങ്ങുക. അതെ സമയം ജലോത്സവത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ പൂർത്തിയായതായി ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള അറിയിച്ചു. ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷം ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്സ് നടക്കും. മികച്ച സമയത്തിൽ ഫിനിഷ് ചെയ്യുന്ന നാല് വള്ളങ്ങളാണ് ഫൈനലിൽ നെഹ്റു ട്രോഫിക്കായി മത്സരക്കിട്ടുക. ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങളുടെ ഫൈനലിനു ശേഷമാണ് നെഹ്റ്രു ട്രോഫി ഫൈനൽ മത്സരം നടക്കുക.