പുന്നമട കായലിനെ ഓളപ്പരപ്പിലെത്തിക്കാൻ 67-ാമത് നെഹ്റു ട്രോഫി ജലോത്സവം ഇന്ന്
ആലപ്പുഴ: പുന്നമട കായലിൽ ആർപ്പുവിളിയുടെയും ആവേശത്തിന്റെയും തിരിതെളിയിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. 67-ാമത് നെഹ്റു ട്രോഫി ജലോത്സവം ഇന്ന് നടക്കും. കനത്ത മഴയെത്തുടർന്ന് ഓഗസ്റ്റ് 10ന് നടത്താനിരുന്ന ജലോത്സവമാണ് ഇന്ന് പുന്നമട കായൽപ്പരപ്പിൽ നടക്കുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ജലോത്സവത്തിന് മുഖ്യാതിഥിയായി എത്തും. ജലോത്സവത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ പൂർത്തിയായതായി ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള അറിയിച്ചു.
23 ചുണ്ടൻവള്ളങ്ങളാണ് ഒത്തൊരുമിച്ച് നെഹ്‌റു ട്രോഫി ലക്‌ഷ്യം വച്ച് ഇറങ്ങുന്നത്. അതെ സമയം, നെഹ്റു ട്രോഫിയ്ക്കൊപ്പം പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗിന് കൂടി ഇന്ന് തുടക്കം കുറിക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷം ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്സ് നടക്കും. മികച്ച സമയത്തിൽ ഫിനിഷ് ചെയ്യുന്ന നാല് വള്ളങ്ങളാണ് ഫൈനലിൽ നെഹ്റു ട്രോഫിക്കായി ഇറങ്ങുന്നത്. ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങളുടെ ഫൈനലിനു ശേഷമാണ് നെഹ്റ്രു ട്രോഫി ഫൈനൽ മത്സരം നടക്കുകയെന്ന് അധികൃതർ അറിയിച്ചു.
ഒമ്പത് ക്ലബുകളാണ് സിബിഎല്ലിൽ പങ്കെടുക്കുക. ദേശീയ, അന്തർദേശീയ ചാനലുകൾക്കാണ് ഫൈനൽ മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം. 12 മത്സരങ്ങളാണ് സിബിഎല്ലിൽ ഉള്ളത്. 25 ലക്ഷമാണ് വിജയിക്കുന്ന ടീമിന് ലഭിക്കുന്ന സമ്മാനത്തുക.