നാലാം ആഷസ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു: ജിമ്മി ആൻഡേഴ്സൺ പുറത്ത്
സെപ്റ്റംബർ നാലിന് ആരംഭിക്കുന്ന നാലാം ആഷസ് ടെസ്റ്റിനുള്ള 13 അംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ട് താരം ജിമ്മി ആൻഡേഴ്സൺ ടീമിൽ നിന്ന് പുറത്തായി. അവസാന രണ്ട് ടെസ്റ്റിലും താരം കളിക്കില്ല. പരിക്ക് ഭേദമാകാത്തതിനാൽ ആണ് പരമ്പരയിൽ നിന്ന് പുറത്തായത്. നാലാം മൽസരം മുതൽ താരം കളിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ പരിക്ക് പൂർണമായി മാറാത്ത സാഹചര്യം കണിക്കിലെടുത്താണ് ടീമിൽ നിന്ന് പുറത്തായത്.
ചൊവ്വാഴ്ച ചെസ്റ്ററിൽ 20 ഓവർ എറിഞ്ഞതിന് ശേഷം ആൻഡേഴ്സൺ വലതു കാലിൽ കൂടുതൽ വേദനയായി. ഇംഗ്ലണ്ടിന്റെ മെഡിക്കൽ ടീം നടത്തിയ വിലയിരുത്തലിൽ അദ്ദേഹത്തെ ബാക്കി പരമ്പരയിൽ നിന്ന് പുറത്താക്കുകയായിരുന്നു. പരമ്പരയിൽ രണ്ട് ടീമുകളും ഓരോ വിജയം നേടി ഒപ്പത്തിനൊപ്പം നിൽക്കുകയാണ്. നാലാം മത്സരത്തിൽ വലിയ മാറ്റങ്ങൾ ഒന്നും ഇല്ലാതെയാണ് ഇംഗ്ലണ്ട് എത്തുന്നത്. ആൻഡേഴ്സൺ ഇല്ല എന്നത് അവർക്ക് കനത്ത തിരിച്ചടിയാണ്. മൂന്നാം മൽസരത്തിൽ ബെൻ സ്റ്റോക്സ് നടത്തിയ ഒറ്റയാൾ പോരാട്ടമാണ് ടീമിനെ വിജയത്തിലെത്തിച്ചത്.
ഇംഗ്ലണ്ട് ടീം: ജോ റൂട്ട് , ജോഫ്ര ആർച്ചർ, ജോണി ബെയർസ്റ്റോ, സ്റ്റുവർട്ട് ബ്രോഡ്, റോറി ബേൺസ്, ജോസ് ബട്ലർ, സാം കുറാൻ, ജോ ഡെൻലി, ജാക്ക് ലീച്ച് , ക്രെയ്ഗ് ഓവർട്ടൺ, ജേസൺ റോയ്, ബെൻ സ്റ്റോക്സ്, ക്രിസ് വോക്സ്






































