കേദാർ ജാദവ് – വഴി തെറ്റി വന്നതല്ല വഴി കാട്ടി തന്നത് ആണ് ഉന്നതങ്ങളിൽ നിന്നു
2014 നവംബർ 13. ലോകം പുതിയൊരു വിസ്മയം അനുഭവിച്ചറിഞ്ഞ ദിനം. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻ സ്റ്റേഡിയത്തിൽ ഇന്ത്യയെ നേരിടാൻ വണ്ടി കേറി വന്ന ശ്രീലങ്കൻ കളിക്കാർ അടുത്ത വണ്ടിക്ക് തിരിച്ചു പോയാലോ എന്ന് ചിന്തിച്ചേക്കാവുന്ന നിമിഷങ്ങൾ. അത്രക്കും ഭയാനകം ആയിരുന്നു അന്ന് കളിക്കളത്തിലെ അയാളുടെ ബാറ്റിംഗ് പ്രകടനം.അതെ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിനു ഉടമയായ രോഹിത് ശർമ്മ ആ സ്കോർ കുറിച്ച ദിനം. അന്ന് ശ്രീലങ്കൻ ബൗളർമാരെ എല്ലാം അളവറ്റ രീതിയിൽ പ്രഹരിച്ചു രോഹിത് ശർമ സ്വന്തം സ്കോർ ബോർഡിൽ ചേർത്തത് 264 റൺസ്. ആ പ്രകടനം കണ്ടു കൈയടിക്കുന്നവരുടെ കൂട്ടത്തിൽ ഒരരങ്ങേറ്റ മത്സരവും കാത്ത് അതെ മത്സരത്തിന്റെ റിസേർവ് ബെഞ്ചിൽ കഴിഞ്ഞ 3 കളികളിൽ എന്നപോലെ ഈ കളിയിലും ഒരാൾ നിരാശയോടെ കാത്തിരിക്കുന്നുണ്ടായിരുന്നു. എന്നാൽ ഈ ലോകം തന്നെ ഒരു നിമിഷം ഒരിന്ത്യക്കാരന്റെ കാൽച്ചുവട്ടിൽ ആകുന്നത് കണ്ടു എല്ലാം മറന്നു അയാളും ആവേശത്തോടെ കൈയടിച്ചു. ആ ആവേശം ചോർന്നു പോകുന്നതിനു മുന്നേ തൊട്ടടുത്ത മത്സരത്തിൽ അയാളെ കൂടി പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തി.എന്നാൽ അത്ര കണ്ട് ആവേശകരം ആയില്ല അയാളുടെ തുടക്കം. 24 പന്തിൽ വെറും 20 റൺസ് എടുത്ത് അയാൾ മടങ്ങി.പക്ഷെ കഥ അവിടെ അവസാനിക്കുന്നില്ല. അന്ന് തന്റെ 29മത്തെ വയസ്സിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച അയാൾ 5 വർഷങ്ങൾക്കിപ്പുറം ഇന്ത്യൻ ലോകകപ്പ് ടീമിൽ വരെ എത്തി നിൽക്കുന്നു.അതെ അന്നത്തെ ആ ചെറുപ്പക്കാരൻ ആണ് കേദാർ ജാദവ്
1985 മാർച്ച് 26ന് മഹാരാഷ്ട്രയിലെ പൂനെയിൽ ആണ് കേദാർ ജാദവിന്റെ ജനനം.അമ്മ മന്ദാകിനി ജാദവ്. അച്ഛൻ മഹാദേവ് ജാദവ് ഇലെക്ട്രിസിറ്റി ഓഫീസിലെ ക്ലാർക്ക് ആയിരുന്നു.
വീടിനടുത്തുള്ള ക്രിക്കറ്റ് ഗ്രൗണ്ടിൽ കൂട്ടുകാർക്കൊപ്പം കളിച്ചു തന്നെയാണ് ജാദവിന്റേയും വളർച്ച. ആ കാലയളവിൽ നടന്ന ടെന്നീസ് ബോൾ ടൂർണമെന്റുകളിൽ എല്ലാം മിന്നും താരമായിരുന്നു ജാദവ്. അത്തരത്തിൽ ഒരു ടൂർണമെന്റിൽ rainbow cc എന്ന ക്ലബിന് വേണ്ടി കളിക്കുമ്പോൾ നാട്ടിൻ പുറത്ത് കാണാറുള്ള പതിവ് സ്ലെഡ്ജിങ് രീതിയിൽ ഒരു ഫാസ്റ്റ് ബൗളർ ജാദവിനെ സ്ലെഡ്ജ് ചെയ്തു. അതിനുള്ള ജാദവിന്റെ പ്രതികരണം അന്ന് ഏറെ ശ്രദ്ധ പിടിച്ചു പറ്റി. ഒരു വലംകൈയൻ ബാറ്റ്സ്മാൻ ആയ ജാദവ് തന്നെ സ്ലെഡ്ജ് ചെയ്ത ബൗളെർക്കെതിരെ മാത്രം ഇടംകൈയൻ ബാറ്റ്സ്മാൻ ആയി മാറുകയും തുടരെ തുടരെ ബൗണ്ടറികൾ നേടി ബൗളറെ കണക്കിന് പ്രഹരിക്കുകയും ചെയ്തു.എന്നാൽ ജാദവ് ക്രിക്കറ്റിനെ ഒരു പ്രൊഫഷൻ ആയി സ്വികരിക്കാതെ ടെന്നീസ് ബോൾ ടൂർണമെന്റുകളിൽ മാത്രമായി ഒതുങ്ങി കൂടുകയായിരുന്നു. അത് ശ്രദ്ധയിൽപ്പെട്ട ജാദവിന്റെ അച്ഛൻ മഹാദേവ് ജാദവ് കേദാറിനെ അടുത്തുള്ള ക്രിക്കറ്റ് അക്കാദമിയിൽ ചേർത്തു. അവിടം മുതൽ ജാദവ് ക്രിക്കറ്റിനെ പ്രൊഫഷണൽ ആയി കാണാൻ തുടങ്ങി. ഏറെ വൈകാതെ മഹാരാഷ്ട്രയുടെ under 19 ടീമിൽ ഇടം പിടിച്ചു. തുടക്കം കേരളത്തിനെതിരെ ആയിരുന്നു അന്ന് 195 റൺസ് നേടി മഹാരാഷ്ട്ര സെലെക്ടർസ് ന്റെ ശ്രദ്ധ പിടിച്ചു പറ്റി.
2007-2008 സീസണിൽ ആയിരുന്നു ജാദവിന്റെ രഞ്ജി അരങ്ങേറ്റം. എന്നാൽ ആദ്യ കാലങ്ങളിൽ ഒന്നും ജാദവിന് അത്ര കണ്ടു തിളങ്ങാൻ ആയില്ല. അതുവരെ കളിച്ചു വന്ന ടെന്നീസ് ബോൾ ടൂർണമെന്റുകൾ അയാളെ ഒരു സൈഡിലേക്ക് മാത്രം ഷോട്ടുകൾ കളിക്കുന്ന ഒരാൾ ആക്കി തീർത്തിരുന്നു. അതിൽ നിന്നും മുക്തി നേടാൻ സഹായിച്ചത്. അന്നത്തെ മഹാരാഷ്ട്രയുടെ രഞ്ജി ടീം കോച്ച് കൂടിയായിരുന്ന സുരേന്ദ്ര ഭാവെ ആയിരുന്നു. തെറ്റുകൾ തിരുത്തി ഒരു നല്ല ബാറ്റ്സ്മാൻ ആയി വളർന്ന ജാദവ് 2013-2014 രഞ്ജി സീസണിൽ 1223 റൺസ് നേടി മഹാരാഷ്ട്രയെ രണ്ട് പതിറ്റാണ്ടുകൾക്ക് അപ്പുറം രഞ്ജി ട്രോഫി ഫൈനലിൽ എത്തിച്ചു.ആ പ്രകടനം അയാളെ ഇന്ത്യൻ ടീമിലും എത്തിച്ചു.
2014 നവംബറിൽ ആയിരുന്നു ആദ്യത്തെ അന്താരാഷ്ട്ര ഏകദിനം അതിൽ വേണ്ടത്ര തിളങ്ങാൻ കഴിയാതെ വന്ന ജാദവിന് ആദ്യ ബ്രേക്ക് ത്രൂ നൽകിയത് 2015 ൽ സിംബാവേക്കെതിരെ നേടിയ സെഞ്ച്വറി ആയിരുന്നു. അന്ന് man of the match കൂടിയായ ജാദവിന്റെ പിന്നീടുള്ള മെച്ചപ്പെട്ട പ്രകടനങ്ങൾ വിരലിൽ എന്നാകുന്നവാ മാത്രമാണ്. അതിൽ തന്നെ 2017 ൽ സ്വന്തം ഹോം ഗ്രൗണ്ടിൽ ഇംഗ്ളണ്ടിനെതിരെ നേടിയ സെഞ്ച്വറി വേറിട്ടു നിൽക്കുന്നു.ഇതുവരേക്കും കളിച്ച 64 ഏകദിനങ്ങളിൽ നിന്നും ആകെ നേടിയതും ഈ രണ്ടു സെഞ്ചുറികൾ ആണ്. കൂടാതെ 6 അർദ്ധ സെഞ്ചുറികളും.അന്താരാഷ്ട്ര t20 യിലും 2015 ൽ ജാദവ് അരങ്ങേറ്റം കുറിച്ചു.എന്നൽ ടെസ്റ്റ് ടീമിൽ ഇതുവരെ സ്ഥാനം ലഭിച്ചിട്ടില്ല. ഒരു ബാറ്റ്സ്മാൻ എന്നതിന് പുറമെ ഒരു നല്ല പാർട്ട് ടൈം ബൗളർ കൂടിയാണ് ജാദവ്. തന്റെ ബൗളിങ് മികവ് കൊണ്ട് ഇന്ത്യയുടെ വിജയത്തിൽ നിർണായക ശക്തിയായ മത്സരങ്ങളും ഉണ്ട്.2019 ലോകകപ്പിന് മുൻപ് നടന്ന സീരീസുകളിൽ ധോണിയോടൊപ്പം പല നിർണായക ഇന്നിങ്‌സുകളിലും പാർട്ണർ ആയ ജാദവ് ലോകകപ്പ് ടീമിലേക്കുള്ള സ്ഥാനവും നേടിയെടുത്തു. എന്നാൽ ലോകകപ്പ് മത്സരങ്ങളിൽ വേണ്ട രീതിയിൽ തിളങ്ങാൻ ആകാതെ വന്ന ജാദവ് ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ ബാറ്റിംഗ് പ്രകടനത്തിന്റെ പേരിൽ ധോണിയോടൊപ്പം ഏറെ വിമർശനം ഏറ്റു വാങ്ങിയിരുന്നു. ജാദവിന്റെ career ലെ ഏറ്റവും മോശം ഇന്നിഗ്‌സുകളിൽ ഒന്നായിരുന്നു അത്.
2010 ൽ ജന്മദിനമായ മാർച്ച് 26നായിരുന്നു ജാദവ് ഡൽഹിക്ക് വേണ്ടി IPL ൽ അരങ്ങേറ്റം കുറിച്ചത്. അന്ന് ബാഗ്ലൂരിനെതിരെ കുറഞ്ഞ ബോളിൽ നേടിയ ഫിഫ്റ്റി അയാൾക്ക് എന്നെന്നും ഓർമയിൽ സൂക്ഷിക്കാവുന്ന ഒന്നായി. പിന്നീട് ഇടക്കാലയളവിൽ വന്ന കൊച്ചി ടസ്കേഴ്സിലും, RCB യിലും ഒടുവിൽ ചെന്നൈ സൂപ്പർകിങ്‌സിലും അംഗമായി. ഒറ്റപെട്ട പ്രകടങ്ങൾ എല്ലാം ഉണ്ടായിരുന്നെങ്കിലും IPLലെ മികച്ച ഒരു career എന്ന് വാഴ്ത്താൻ ഉള്ള പ്രകടനങ്ങൾ ഒന്നും ജാദവിൽ നിന്നുണ്ടായില്ല.
അവസരങ്ങൾ ഏറെ അയാൾക്ക് ലഭിക്കുന്നുണ്ടെങ്കിലും അതെല്ലാം വേണ്ട വിധത്തിൽ മുതലാക്കുവാൻ കഴിഞ്ഞോ എന്ന കാര്യത്തിൽ സംശയം ആണ്.
കാലം എവിടെയും കാത്ത് നിൽക്കുന്നില്ല കൈവിട്ട പ്രകടനങ്ങൾ തിരിച്ചെടുക്കാനായി. കൂടെ ഓടേണ്ടത് നിങ്ങൾ ആണ്. കൂട്ടം തെറ്റി പോകാതെ……..
എഴുതിയത് ലിയോ. എം സി