ആഷസ് മൂന്നാം ടെസ്റ്റ്: സ്‌റ്റോക്‌സിൻറെ ഒറ്റയാൾ പോരാട്ടത്തിൽ ഇംഗ്ലണ്ടിന് ജയം
ലീഡ്‌സ്: ഇംഗ്ലണ്ട് ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് ജയം. രണ്ടാം ഇന്നിംഗ്‌സിലൂടെ ആസ്‌ട്രേലിയ ഉയർത്തിയ 359 റണ്‍സ് ഇംഗ്ലണ്ട് ഒരു വിക്കറ്റ് ശേഷിക്കെ മറികടന്നു. ലോകകപ്പിലേത് പോലെ ഇത്തവണയും ബെൻ സ്‌റ്റോക്‌സിന്റെ ഒറ്റയാൾ പോരാട്ടമാണ് ഇംഗ്ലണ്ടിനെ വിജയത്തിൽ എത്തിച്ചത്. സ്റ്റോക്സ് പുറത്താകാതെ 135 റൺസ് നേടി. ആവേശം ഉയർത്തിയ മൂന്നാം ടെസ്റ്റ് മൽസരത്തിൽ അവസാന വിക്കറ്റിൽ സ്റ്റോക്സ് ജാക്ക് ലീച്ചിനെ (1) കൂട്ട്പിടിച്ച് 76 റൺസാണ് അടിച്ചുകൂട്ടിയത്. ജയത്തോടെ അഞ്ച് മൽസരങ്ങളുടെ പരമ്പരയിൽ ഇരു ടീമുകളും ഓരോ ജയം നേടി.
156/3 എന്ന നിലയിൽ നാലാം ദിവസം മത്സരം ആരംഭിച്ച ഇംഗ്ലണ്ടിന് റൂട്ടിനെ ആദ്യം തന്നെ നഷ്ടമായി. ജോണി ബെയര്‍സ്‌റ്റോ(36) മാത്രമാണ് സ്റ്റോക്സിന് ചെറിയ പിന്തുണ നൽകിയത്. നാലാം ദിവസം സ്റ്റോക്സിൻറെ ഒറ്റയാൾ പോരാട്ടമാണ് കാണാൻ കഴിഞ്ഞത്. ബാക്കി ബാറ്സ്മന്മാർ എല്ലാം പുറത്തായപ്പോൾ ഒറ്റക്ക് ബാറ്റ് ചെയ്ത് സ്റ്റോക്‌സ് വിജയം നേടി. അവസാന വിക്കറ്റിൽ 76 റൺസ് നേടിയതിൽ 75 റൺസും സ്‌റ്റോക്സ് ആണ് നേടിയത്. 219 പന്തുകളിൽ നിന്ന് 11 ബൗണ്ടറിയും, എട്ട് സിക്‌സും അടങ്ങുന്നതായിരുന്നു സ്റ്റോക്‌സിന്റെ ഇന്നിങ്‌സ്. ഓസ്‌ട്രേലിയക്ക് വേണ്ടി ഹേയ്‌സൽവുഡ് നാല് വിക്കറ്റ് നേടി.
മൂന്നാം വിക്കറ്റില്‍ റൂട്ടും-ഡെന്‍ലിയും ചേര്‍ന്നെടുത്ത 126 റണ്‍സ് ഇംഗ്ലണ്ടിന് നിർണായകമായി.171/6 എന്ന നിലയിൽ മൂന്നാം ദിവസം ആരംഭിച്ച ഓസ്‌ട്രേലിയ 246 റൺസ് നേടി. ലാബ്ഷെയിന്‍ നേടിയ 80 റൺസിന്റെ മികവിലാണ് ഓസ്‌ട്രേലിയ മികച്ച സ്‌കോർ നേടിയത്. സ്റ്റീവ് സ്മിത്തിന് പകരം ടീമിൽ എത്തിയ താരമാണ് ലാബ്ഷെയിന്‍. രണ്ട് ഇന്നിങ്സിലും മികച്ച ബാറ്റിങ് ആണ് താരം കാഴ്ചവെച്ചത്. ഇംഗ്ളണ്ടിന് വേണ്ടി സ്റ്റോക്സ് മൂന്നും, അർച്ചറും, ബോണ്ടും രണ്ട് വിക്കറ്റ് വീതം നേടി. രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് തുടക്കം അത്ര നല്ലതായിരുന്നില്ല. ആദ്യ രണ്ട് വിക്കറ്റുകൾ 15 റൺസിൽ വീണു. പിന്നീട് മൂന്നാം വിക്കറ്റിൽ റൂട്ട് – ഡെന്‍ലി സഖ്യം 126 റണ്‍സ് നേടി. എന്നാൽ സ്‌കോറിൽ 141-ൽ നിൽക്കെ ഡെന്‍ലി(50) പുറത്തായി. ഓസ്‌ട്രേലിയക്ക് വേണ്ടി ഹേയ്‌സൽവുഡ് രണ്ട് വിക്കറ്റ് നേടി. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് 67 റൺസിൽ അവസാനിച്ചിരുന്നു.






































