ഞാണിന്മേൽ കളി അവസാനിപ്പിക്കുമോ ചെൽസി?
ആദ്യ മത്സരത്തിൽ യുണൈറ്റഡിനെതിരെ മികച്ച തുടക്കം. രണ്ട് തവണ ക്രോസ്ബാറിൽ തട്ടിത്തെറിച്ച നിർഭാഗ്യം. എന്നാൽ കളിയവസാനിച്ചപ്പോൾ നാലു ഗോളിന്റെ തോൽവി. ലിവർപൂളുമായി 120 മിനുട്ട് ഉഗ്രൻ കളി. പക്ഷെ ഭാഗ്യക്കുറവും, സ്‌ട്രൈക്കർമാരുടെ പിഴവുകളും വിനയായി, കൈയെത്തും ദൂരത്ത് കപ്പ് നഷ്ടമായി. ലെസ്റ്റർ സിറ്റിയുമായി ആദ്യ പത്ത് മിനുട്ട് ഈ അടുത്ത കാലത്ത് ചെൽസി കാഴ്ച്ച വെച്ച ഏറ്റവും ഇന്റൻസ് ആയ അറ്റാക്കിങ് ഫുട്‌ബോൾ. മൂന്നോ നാലോ ഗോളിന് ജയിക്കുമെന്ന് തോന്നിച്ച കളിയിൽ ഒടുക്കം സമനില കിട്ടിയത് തന്നെ കഷ്ടിച്ച്. ഇങ്ങനെയൊരു റോളർ കോസ്റ്റർ റൈഡ് നടത്തിക്കൊണ്ടിരിക്കുകയാണ് ലാംപാർഡിന്റെ ടീം സീസൺ തുടങ്ങിയതിൽപ്പിന്നെ.
നോർവിച്ചുമായി വിജയത്തിൽക്കുറഞ്ഞതൊന്നും അതുകൊണ്ടുതന്നെ നീലപ്പടയ്ക്ക് മതിയാവില്ല. പക്ഷെ കാരോ റോഡിൽ കാര്യങ്ങൾ അത്ര എളുപ്പമാവില്ല അവർക്ക്. ഡാനിയൽ ഫാർക്കെ എന്ന ജർമൻ കോച്ചിന്റെ കീഴിൽ മികച്ച ആക്രമണ ഫുട്‌ബോളാണ് അവർ കാഴ്‌ച്ച വെക്കുന്നത്. ഇനിയും ഒത്തിണക്കം കാണിച്ചു തുടങ്ങിയിട്ടില്ലാത്ത ചെൽസി പ്രതിരോധനിരയ്ക്ക് കഴിഞ്ഞ മത്സരത്തിലെ ഹാട്രിക്ക് ഹീറോ ടീമു പുക്കിയെ തടയുന്നത് മിനക്കെട്ട പണി തന്നെയാണ്. എന്നാൽ മത്സരത്തിൽ അങ്ങിങ്ങായി കാണിക്കുന്ന മികച്ച പ്രെസ്സിങ്ങും, ഓഫ് ദി ബോൾ മൂവ്മെന്റും ബുദ്ധിപരമായി ഉപയോഗിക്കുകയും, മുന്നേറ്റനിര ഫോം കാണിക്കുകയും ചെയ്താൽ വിജയം കിട്ടാക്കാനിയല്ല. ദുർബലമായ നോർവിച്ച് പ്രതിരോധ നിര കൂടെ കണക്കിലെടുത്താൽ ഒരു ഹൈ സ്കോറിങ്ങ് മത്സരം തന്നെ നമുക്ക് പ്രതീക്ഷിക്കാം..
ജസീം അലി






































