ഇന്ത്യൻ ടീമിന്റെ പരിശീലകർക്കായുള്ള ഷോട്ട് ലിസ്റ്റിൽ ജോണ്ടി റോഡ്സിന്റെ പേരില്ല; എന്തുകൊണ്ടെന്ന് കാണാം
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രവി ശാസ്ത്രിയെ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് പുതിയ സപ്പോർട്ട് സ്റ്റാഫുകൾക്ക് വേണ്ടി ബിസിസിഐ അപേക്ഷ ക്ഷണിച്ചത്. ഇന്ത്യൻ ടീമിന്റെ ഫീൽഡിംഗ് പരിശീലക സ്ഥാനത്തേക്ക് ദക്ഷിണാഫ്രിക്കൻ ഇതിഹാസ ഫീൽഡർ ജോണ്ടി റോഡ്സ് അപേക്ഷ നൽകിയത് ഇന്ത്യൻ ആരാധകർക്ക് വലിയ പ്രതീക്ഷയായിരുന്നു. ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫീൽഡർമാരിലൊരാളായ റോഡ്സ് പരിശീലകനായി എത്തിയാൽ ടീം ഇന്ത്യയുടെ ഫീൽഡിംഗ് മികവ് വീണ്ടും വർധിക്കുമെന്ന് ആരാധകർ കരുതി. എന്നാൽ ആരാധകരുടെ മനസിനെ മുറിവേൽപ്പിച്ച രീതിയിലായിരുന്നു ബിസിസിഐ പുറത്ത് വിട്ട ഷോർട്ട് ലിസ്റ്റ്.
എം എസ് കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിന്റെ സെലക്ഷൻ കമ്മറ്റി യായിരുന്നു ഇന്ത്യയുടെ പുതിയ സപ്പോർട്ട് സ്റ്റാഫുകൾക്ക് വേണ്ടി തിങ്കളാഴ്ച മുതൽ അഭിമുഖം നടത്തിയത്. എന്നാൽ ആദ്യ ഘട്ട അഭിമുഖത്തിന് ശേഷം ഓരോ വിഭാഗത്തിലേക്കുമുള്ള പരിശീലകരെ ഷോർട്ട് ലിസ്റ്റ് ചെയ്തപ്പോൾ റോഡ്സ് പട്ടികയിൽ നിന്ന് പുറത്തായി. എന്തുകൊണ്ടാണ് റോഡ്സിനെ ഷോർട്ട് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതിന്റെ കാരണം സെലക്ഷൻകമ്മറ്റിചെയർമാൻ എം.എസ്.കെ പ്രസാദ് തുറന്നു പറഞ്ഞിരിക്കുകയാണിപ്പോൾ.
ആർ ശ്രീധറെ നിലനിർത്താൻ തീരുമാനിച്ചിരുന്നെന്നും, രണ്ടാമത് അഭയ് ശർമ്മയും, മൂന്നാമനായി ടി ദിലീപുമാണ് ഇടം പിടിച്ചതെന്നും പറഞ്ഞ പ്രസാദ്, പട്ടികയിൽ രണ്ടാമതും, മൂന്നാമതുമായി വരുന്നവരെ ഇന്ത്യയുടെ അണ്ടർ 19 ടീം, ദേശീയ ക്രിക്കറ്റ് അക്കാദമി എന്നിവിടങ്ങളിലെ ഫീൽഡിംഗ് പരിശീലകരായി പരിഗണിക്കുമെന്നും, റോഡ്സിനെപ്പോലൊരാൾക്ക് അത് സാധിക്കില്ലെന്ന് കണ്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ഷോർട്ട് ലിസ്റ്റിൽഉൾപ്പെടുത്താതിരുന്നതെന്നും പ്രസാദ് പറഞ്ഞു.






































