Editorial Foot Ball Top News

ഇൻ്റർ മിലാൻ ഇത് എന്ത് ഭാവിച്ചാ…?

August 22, 2019

author:

ഇൻ്റർ മിലാൻ ഇത് എന്ത് ഭാവിച്ചാ…?

ഈ സീസൺ രണ്ടും കൽപ്പിച്ചാണ് ഇൻ്റർ എന്ന് പറയേണ്ടിരിക്കുന്നു. കാരണം ആദ്യമവർ മികച്ച ഡിഫൻസീവ് ടാക്റ്ററ്റിസിൽ പ്രശസ്തനായ അൻ്റോണിയ കൊൻ്റെയെ കോച്ചായി നിയമിക്കുന്നു, പിന്നീട് പ്രതിരോധത്തിന് പേര് കേട്ട അത്ലറ്റിക്കോ മാഡ്രിഡിൽ നിന്ന് അവരുടെ നെടും തൂണായ ഉറുഗയ് ഡിഫൻഡർ ഗോഡിനെ തന്നെ സൈൻ ചെയ്യുന്നു. പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്റ്റാർ സ്ട്രൈക്കർ ലുക്കാക്കുവും. ഇതൊന്നുംപോരാത്തതിന് മാഞ്ചസ്റ്ററിൻ്റെ തന്നെ ചിലിയൻ താരം സാഞ്ചസിനെ വലയിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു എന്നാണ് പുതിയതായി പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
കണ്ടവരൊക്കെ എന്താണ് ഭായ്, ഒരു മയമൊക്കെ വേണ്ടേ? എന്ന് ചോദിക്കാനും തുടങ്ങിയിരിക്കുന്നു.

1908 ൽ സ്ഥാപിതമായ ഇന്റർമിലാന് ഇറ്റാലിയൻ ലീഗിലെ മറ്റൊരു ക്ലബ്ബിനും അവകാശപെടാൻ ഇല്ലാത്ത ഒരു റെക്കോർഡ് ഉണ്ട്.
എന്താണെന്നല്ലേ???
ക്ലബ് സ്ഥാപിതമായത് മുതൽ ഇന്ന് വരെ ഇന്റർ ഒന്നാം ഡിവിഷനലിൽ നിന്ന് തരംതാഴ്ത്തപ്പെട്ടിട്ടില്ല എന്നത് തന്നെ. ഇറ്റലിയിലെ സൂപ്പർ ക്ലബ്ബുകളായ യുവന്റസിനും എസിമിലാനൊന്നും ഈ റെക്കോർഡ് സ്വന്തമാക്കാനായിട്ടില്ല എന്നറിയുമ്പോഴാണ് ഈ റെക്കോർഡിന്റെ വിലയറിയുന്നത്. പക്ഷെ, കഴിഞ്ഞ കുറച്ചു വർഷങ്ങളായി പറയത്തക്ക നേട്ടങ്ങളൊന്നും ഇന്ററിനില്ല എന്നതാണ് വാസ്തവം. 2010 ന് ശേഷം ഇന്ററിന് ചാമ്പ്യൻസ് ലീഗ് നേടാനായിട്ടില്ല. രണ്ടായിരത്തിപത്തിന് ശേഷം ശ്രേദ്ധേയമായ ഒരു നേട്ടവും ചാമ്പ്യൻസ് ലീഗിലോ മറ്റോ കാഴ്ച്ചവെക്കാനും അവർക്കായിട്ടില്ല. 2010-11 സീസണിൽ നേടിയ കോപ്പ ഇറ്റാലിയയാണ് അവർ അവസാനമായി നേടിയ ഒരു ട്രോഫി.

ഇതെല്ലാം മുൻകൂട്ടി കണ്ടിട്ടാക്കണം ഈ സീസണിൽ രണ്ട് കൽപ്പിച്ച് ഇന്റർ ഇറങ്ങി പുറപ്പെട്ടത്. അതിനായി മികച്ച ഒരു മുന്നേറ്റ നിര തന്നെയാണ് അവർ ഒരുക്കിയിട്ടുള്ളതും. ലുക്കാക്കു, ഇക്കാർഡി, അർജന്റീനയുടെ യുവതാരം മാർട്ടിനെസ്, ഡീൽ നടക്കുകയാണെങ്കിൽ ചിലിയൻ താരം സാഞ്ചെസ്!!
ഏത് ടീമിനെയും വിറപ്പിക്കാൻ പോന്നവർ!!

പക്ഷെ, ഇക്കാർഡിയും ക്ലബ്ബുമായുള്ള കഴിഞ്ഞ സീസണിന്റെ പകുതിയിൽ തുടങ്ങിയ കല്ല്കടി ഇത് വരെ അവസാനിച്ചിട്ടില്ല. ടീമിൽ തുടരാൻ താല്പര്യമില്ലാ എന്ന് ഇക്കാർഡിയും അദ്ദേഹത്തിനെ വിൽക്കാൻ തയ്യാറാണ് എന്ന് ക്ലബും അറിയിച്ചു കഴിഞ്ഞു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. നല്ലൊരു തുക ഇക്കാർഡിയെ വിറ്റാൽ സമ്പാദിക്കാം എന്ന് ഇന്ററും വിചാരിക്കുന്നുണ്ടാവാം. ഏതായാലും നൂറ്റി എൺപത്തിഎട്ട് കളികളിൽ നിന്ന് ഇന്ററിനായി നൂറ്റിപതിനൊന്ന് ഗോളുകൾ അടിച്ചുകൂട്ടിയ ഇക്കാർഡി ക്ലബ് വിട്ടാൽ നഷ്ട്ടം അത് ഇന്ററിന് മാത്രമായിരിക്കും.
മാർട്ടിനെസ് മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും ഒരു ഇരുപത്തിഒന്ന്ക്കാരന്റെ പരിചയകുറവ് അദ്ദേഹത്തിനിപ്പോഴുമുണ്ട്.

മറ്റൊരു പ്രശ്നം സാഞ്ചസാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി സാഞ്ചെസ്‌ ഫുട്ബാൾ ലോകത്തുണ്ടായിരുന്നോ എന്ന് ആരെങ്കിലും ചോദിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല. കഴിഞ്ഞ രണ്ട് സീസണുകളിൽ സാഞ്ചെസിന്റെ ഫോമില്ലായ്മയാണ് അതിന് കാരണം. ഇക്കാലയളവിനുള്ളിൽ മാഞ്ചെസ്റ്ററിനായി മൂന്ന് ഗോളുകൾ മാത്രമാണ് സാഞ്ചെസ് ആകെ നേടിയത്. ചുരുക്കത്തിൽ
എവർട്ടനിലും മാഞ്ചസ്റ്ററിലും മിന്നിതിളങ്ങിയ ലുക്കാക്കു തന്നെയായിരിക്കും ഇന്ററിന്റെ മുന്നേറ്റ നിരയിലെ പ്രധാനി എന്നതിൽ സംശയമില്ല.

ഡിഫൻസാണ് ഇന്ററിന്റെ മറ്റൊരു ശക്തി. കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ സിരിയിൽ ഏറ്റവും കുറവ് ഗോൾ വഴങ്ങിയ ടീമുകളിൽ ഒന്ന് ഇന്റർ ആയിരുന്നു. യുവന്റസ് വഴങ്ങിയ ഗോളുകളെക്കാൾ രണ്ട് ഗോളുകൾ മാത്രം കൂടുതൽ!
പുതിയ സീസണിൽ ബ്രസീലിയൻ ഡിഫൻഡർ മിറാൻഡ ടീം വിട്ടെങ്കിലും ലോകത്തിലെ മികച്ച ഡിഫൻഡർമാരിൽ ഒരാളായ ഗോഡിനെയാണ് ഇന്റർ പകരം കൊണ്ട് വന്നത്. മെസ്സിയും ക്രിസ്റ്റി യാനോയും ഗോൾ അടിച്ചു കൂട്ടിയ സ്പാനിഷ് ലീഗിൽ പ്രതിരോധം കൊണ്ട് പേര് കേട്ട ടീമായിരുന്നു അത്ലറ്റികോ മാഡ്രിഡ്. കഴിഞ്ഞ സീസൺ വരെ അത്ലറ്റികോ മാഡ്രിഡിന്റെ ക്യാപ്റ്റനായിരുന്ന ഗോഡിൻ തന്നെയായിരിന്നു അവരുടെ പ്രതിരോധത്തിലെ ശക്തിയും. ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ അത്ലറ്റികോ മാഡ്രിഡ് എത്തിയത് ഗോഡിൻ നേതൃത്വം നൽകുന്ന പ്രതിരോധത്തിന്റെ മികവ് കൊണ്ട് മാത്രമായിരുന്നു.

ഡിഫൻസ് ശൈലിയിൽ കളി ക്രമീകരിക്കുന്ന 3-5-2 ഫോർമേഷനാണ് കോച്ച് കോണ്ടേക്ക് ഏറെ പ്രിയം. ഒപ്പം മികച്ച ഡിഫൻസ് തന്നെയായിരിക്കും കോണ്ടെ ഒരുക്കുക എന്നത് അദ്ദേഹത്തിന്റെ മുൻകാല ക്ലബ് കളികൾ കണ്ടാൽ വ്യക്തമാകും.
ചെൽസി കോച്ച് ആയിരുന്നപ്പോൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മികച്ച ഡിഫൻസ് റെക്കോർഡുകളാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. കോണ്ടെക്ക് കീഴിൽ ആദ്യ സീസണിൽ തന്നെ ചെൽസി ഇരുപതിൽ താഴെ ഗോളുകൾ മാത്രമാണ് വഴങ്ങിയിരുന്നത്.

കോണ്ടെയെ സംബന്ധിച്ചെടുത്തോളം ഇറ്റാലിയൻ സിരി പുതുമയുള്ളതല്ല. യുവന്റസിൽ കളിക്കാരനായും കോച്ച് ആയും അദ്ദേഹം മുമ്പ് തിളങ്ങിയിട്ടുണ്ട്. ചുരുക്കത്തിൽ ഒരുപിടി നല്ല താരങ്ങളെയും കൂടെ കൂട്ടി ലോകത്തിലെ തന്നെ ഏറ്റവും മികച്ച കൊച്ചുമായി ഇന്റർമിലാൻ വരികയാണ്. ചില കളികൾ കളിക്കാനും, മറ്റു ചില കളികൾ പഠിപ്പിക്കാനും!!!

Leave a comment