പ്രോ കബഡി ലീഗ്: തകർപ്പൻ ജയത്തോടെ ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ് ഒന്നാമത്
പ്രൊ കബഡി ലീഗിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ് തമിഴ് തലൈവാസിനെ തോൽപ്പിച്ചു.രണ്ട് പോയിന്റ് വ്യത്യാസത്തിലാണ് പിങ്ക് പാന്തേഴ്സ് വിജയിച്ചത്. ജയത്തോടെ പിങ്ക് പാന്തേഴ്‌സ് പോയിന്റ് നിലയിൽ ഒന്നാമതെത്തി. ഒൻപത് കളികളിൽ ഏഴ് ജയവുമായി പാന്തേഴ്‌സ് ഈ സീസണിൽ മികച്ച ഫോമിൽ ആണ്. 28-26 എന്ന സ്കോറിനാണ് ജയ്പ്പൂർ ജയിച്ചത്.
തകർപ്പൻ മത്സരമാണ് ഇരു ടീമുകളും ഇന്നലെ നടത്തിയത്. അവസാന നിമിഷം വരെ ത്രിൽ നീണ്ട് നിന്ന മത്സരത്തിൽ തുടക്കത്തിൽ നാല് പോയിന്റ് ലീഡ് പാന്തേഴ്‌സ് നേടി. എന്നാൽ അജയ് താക്കൂറിൻറെ പ്രകടനത്തിൽ തമിഴ് തലൈവസ് മത്സരത്തിലേക്ക് തിരിച്ചുവന്നു. ആദ്യ പകുതിയുടെ അവസാനം ജയ്പ്പൂർ താരം അമിത് നേടിയ പോയിന്റിലൂടെ 11-13 എന്ന ലീഡ് നേടാൻ ജയ്‌പ്പൂരിനായി. രണ്ടാം പകുതിയിൽ തൈലവ്‌സിന് വേണ്ടി രാഹുലും, ജയ്‌പ്പൂരിന് വേണ്ടി നിലേഷും പോയിന്റുകൾ നേടി കൊണ്ടിരുന്നു. ഫുൾടൈം വിസിലിന് നിമിഷങ്ങൾക്കുമുമ്പ് വിശാൽ നേടിയ പോയിന്റിലൂടെ പിങ്ക് പാന്തേഴ്‌സ് വിജയം ഉറപ്പിക്കുകയായിരുന്നു. പാന്തേഴ്‌സിന് വേണ്ടി നിലേഷ് ഏഴ് പോയിന്റ് നേടിയപ്പോൾ, തമിഴ് തലൈവാസിന് വേണ്ടി രാഹുൽ ആറ് പോയിന്റ് നേടി. കഴിഞ്ഞ മൂന്ന് മത്സരങ്ങൾ തോറ്റ തലൈവാസിന് ഇനിയുള്ള മത്സരങ്ങൾ വളരെ നിർണായകമാണ്.