സ്റ്റീവ് സ്മിത്ത് ഇല്ലാതെ ഓസ്‌ട്രേലിയ ഇന്ന് മൂന്നാം ആഷസ് ടെസ്റ്റിനിറങ്ങുന്നു
ലീഡ്‌സ്: ഇംഗ്ലണ്ട് ഓസ്‌ട്രേലിയ ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് ഇന്ന് തുടക്കമാകും. ഇന്ന് ഇന്ത്യൻ സമയം വൈകുന്നേരം 3:30 യോർക്ക്ഷയർ ക്രിക്കറ്റ് ഗ്രൗണ്ട് സ്റ്റേഡിയത്തിലാണ് മത്സരം ആരംഭിക്കുന്നത്. ആദ്യ മൽസരം ജയിച്ച ആസ്ട്രേലിയ 1-0 മുന്നിലാണ്. രണ്ടാം മത്സരം സമനിലയിൽ അവസാനിച്ചിരുന്നു. കഴുത്തിനേറ്റ പരിക്ക് മൂലം സ്റ്റീവ് സ്മിത്ത് മൂന്നാം മൽസരത്തിൽ കളിക്കുന്നില്ല. സ്മിത്ത് ഇല്ലാത്തത് ഓസ്‌ട്രേലിയൻ ടീമിന് വലിയ തിരിച്ചടിയാണ്. ആദ്യ രണ്ട് മത്സരങ്ങളിലും സ്മിത്ത് ടീമിൻറെ രക്ഷകനായി എത്തിയിരുന്നു. മൂന്ന് ഇന്നിങ്‌സുകളിൽ രണ്ട് സെഞ്ചുറിയും താരാം നേടിയിരുന്നു.
മൂന്നാം ആഷസ് ടെസ്റ്റിൽ സ്റ്റീവ് സ്മിത്ത് ഇല്ലാത്തതിനാൽ ആദ്യ വിജയം നേടാനുള്ള തയ്യാറെടുപ്പിലാണ് ഇംഗ്ലണ്ട്. ഇംഗ്ളണ്ട് താരം അർച്ചറുടെ ബൗൺസിലാണ് സ്മിത്തിന് പരിക്കേറ്റത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യ കൺക്യൂഷൻ പകരക്കാരനായി ഇറങ്ങി മികച്ച പ്രകടനം നടത്തിയ മർനസ് ലാബുഷാഗ്‌നെ തന്നെയായിരിക്കും മൂന്നാം ടെസ്റ്റിലും സ്മിത്തിന് പകരം ഇറങ്ങുക. മൂനാം ടെസ്റ്റിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കുകയും ഓസ്‌ട്രേലിയൻ ബാറ്റിംഗ് നിരയിൽ സമ്മർദ്ദം ചെലുത്താൻ ആവശ്യമായ റൺസ് നേടുകയും ചെയ്യാനാകും ഇംഗ്ലണ്ട് ശ്രമിക്കുക. സ്മിത്ത് ഇല്ല എന്നത് ഇംഗ്ലണ്ടിന് കൂടുതൽ ആത്മവിശ്വാസം നൽകും.






































