ടെസ്റ്റ് ക്രിക്കറ്റിൽ ജഴ്സി നമ്പറില്‍ മിന്നി തിളങ്ങി കോലിപ്പട
ആന്റിഗ്വ: ടെസ്റ്റ് ക്രിക്കറ്റില്‍ ഒടുവില്‍ നമ്പറും പേരോടും കൂടിയ പുതിയ ജഴ്സിയില്‍ ആദ്യമായി മത്സരത്തിനിറങ്ങാൻ തയ്യാറെടുക്കുകയാണ് കോലിപ്പട. വെസ്റ്റ് ഇന്‍ഡീസിനെതിരേ നാളെ തുടങ്ങുന്ന ആദ്യ ടെസ്റ്റിലാണ് ഇന്ത്യൻ ടീം ന്യൂ ലുക്കില്‍ എത്തുക. നമ്പറോടു കൂടിയ ജഴ്സി അണിഞ്ഞ ഇന്ത്യന്‍ താരങ്ങളുടെ ചിത്രങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരിക്കുകയാണ്. അതെ സമയം, ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ആഷസ് ടെസ്റ്റ് പരമ്പരയിലാണ് നമ്പറോടു കൂടിയ ജഴ്സിയില്‍ ആദ്യമായി താരങ്ങള്‍ ഇറങ്ങിയത്. പിന്നീട് മറ്റു പരമ്പരകളിലും ടീമുകള്‍ ഇത് തുടരുകയായിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് കൗണ്‍സിലിന്റെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായാണ് ആഷസ് മുതലുള്ള പരമ്പരകള്‍ പരിഗണിക്കപ്പെടുന്നത്. ഇതിനെ തുടര്‍ന്നാണ് ആഷസ് മുതല്‍ താരങ്ങളുടെ നമ്പറും പേരുമുള്‍പ്പെട്ട ജഴ്സി ധരിക്കണമെന്നു ഐസിസി നിര്‍ദേശിച്ചത്. രണ്ടു വര്‍ഷം നീളുന്നതാണ് ലോക ചാംപ്യന്‍ഷിപ്പ്.വിന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റിനു മുന്നോടിയായാണ് ക്യാപ്റ്റന്‍ കോലിയും ടീമിലെ മറ്റു പ്രധാനപ്പെട്ട താരങ്ങളും പുതിയ ജഴ്സിയില്‍ പ്രത്യക്ഷപ്പട്ടത്.
18ാം നമ്പര്‍ ജഴ്സിയണിഞ്ഞാണ് ഇന്ത്യന്‍ നായകന് വിരാട് കോലി വിന്‍ഡീസിനെതിരായ ടെസ്റ്റില്‍ എത്തുന്നത്. വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ മൂന്നാം നമ്പറാണ്. രോഹിത് ശര്‍മ (45), റിഷഭ് പന്ത് (17), ഇഷാന്ത് ശര്‍മ (97), രവീന്ദ്ര ജഡേജ (8), മുഹമ്മദ് ഷമി (11), കുല്‍ദീപ് യാദവ് (23) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ ജഴ്സി നമ്പറുകള്‍.






































