സുബ്രതോ കപ്പിനായുള്ള 112 ടീമുകളുടെ പോരാട്ടത്തിന് ആരംഭം
ഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ എയർ മാർഷൽ സുബ്രോട്ടോ മുഖർജിയുടെ പേരിലുള്ള സുബ്രോട്ടോ കപ്പ് ഫുട്ബോൾ ടൂർണമെന്റ് ഇന്ത്യയിലെ പ്രശസ്തമായ ഇന്റർ-സ്കൂൾ ഫുട്ബോൾ ടൂർണമെന്റാണ്. 1960 ൽ ആരംഭിച്ച ഇത് അതിനുശേഷം എല്ലാ വർഷവും നടത്തുന്നു. ഇന്ന് അറുപതിന്‍റെ നിറവിലെത്തിയ സുബ്രതോ കപ്പിൽ ഇത്തവണ ഏറ്റുമുട്ടുന്നത് നൂറ്റിപ്പന്ത്രണ്ട് ടീമുകൾ ആണ്. പതിനാല് വയസ്സിന് താഴെയുള്ള ആണ്‍കുട്ടികൾക്കും, പതിനേഴ് വയസ്സിൽ താഴെയുള്ള ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കുമാണ് മത്സരം. ഡൽഹി അംബേദ്കർ സ്റ്റേഡിയത്തിൽ വ്യോമസേനയുടെ അഭ്യാസ പ്രകടനത്തോടെയാണ് ഒരുമാസത്തോളം നീണ്ടുനില്‍ക്കുന്ന ടൂർണമെന്‍റിന് തുടക്കമായത്.
ഇന്ത്യക്ക് പുറത്തുനിന്നുള്ള പതിനാറ് ടീമുകള്‍ പോരാട്ടത്തിനിറങ്ങുന്നതാണ് ഇത്തവണത്തെ പ്രത്യേകത. കേരളത്തിൽ നിന്ന് മൂന്ന് ടീമുകളാണ് മത്സരിക്കുന്നത്. എന്‍ എന്‍ എം ഹയർസെക്കണ്ടറി സ്കൂൾ ചേലംബറ, ജിവി എച്ച് എസ്എസ് നടക്കാവ്, ഗവ.ഓറിയൻറൽ ഹയർ സെക്കണ്ടറി സ്കൂൾ പാലക്കാട് എന്നീ ടീമുകളാണ് കേരളത്തിനായി പോരടിക്കുക.






































