ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ന്യൂസീലന്‍ഡ് ടീമിനെ ടിം സൗത്തി നയിക്കും
ക്യൂന്‍സ്ടൗണ്‍: അടുത്ത മാസം ഒന്നിന് ആരംഭിക്കുന്ന ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്്ക്കുള്ള ന്യൂസീലന്‍ഡ് ടീമിനെ ടിം സൗത്തി നയിക്കും. കിവീസ് നിരയില്‍ പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളറാണ് 30കാരനായ സൗത്തി. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് വിശ്രമം നൽകിയതിന് പിന്നാലെയാണ് സൗത്തിക്ക് അവസരം ലഭിച്ചത്. ഇത്തവണത്തെ ലോകകപ്പ് ക്രിക്കറ്റിന് ശേഷം അധികം വൈകാതെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റും കളിച്ചതിനാല്‍ വില്യംസണ് വിശ്രമം അനിവാര്യമാണെന്ന് വിലയിരുത്തിയാണ് ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീമിന്റെ പുതിയ നീക്കം.
മാര്ട്ടിന് ഗുപ്റ്റില്‍,കോളിന് മണ്‍റോ,റോസ് ടെയ്ലര് തുടങ്ങിയവ പ്രമുഖര്‍ ടീമിലുണ്ട്. ന്യൂസീലന്‍ഡിന് വേണ്ടി 66 ടെസ്റ്റില്‍ നിന്ന് 245 വിക്കറ്റും 140 ഏകദിനത്തില്‍ നിന്ന് 186 വിക്കറ്റും 57 ട്വന്റി20യില്‍ നിന്ന് 67 വിക്കറ്റും സൗത്തിയുടെ പേരിലുണ്ട്.ഐപിഎല്ലിലും പരിചയസമ്പന്നനായ അദ്ദേഹം രാജസ്ഥാന് റോയല്‍സ്,മുംബൈ ഇന്ത്യന്‍സ്,റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു,ചെന്നൈ സൂപ്പര്‍ കിങ്സ് എന്നീ ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുണ്ട്.
ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ ന്യൂസീലന്‍ഡ് ടീം ഇങ്ങിനെ:
ടിം സൗത്തി,ടോഡ് ആസ്റ്റില്‍,ടോം ബ്രൂസ്,കോളിന് ഡി ഗ്രാന്റ്ഹോം,ലോക്കി ഫെര്ഗൂസന്,മാര്ട്ടിന് ഗുപ്റ്റില്‍,സ്കോട്ട് കുഗ്ലിജിന്‍,ഡാറില്‍ മിച്ചല്‍,കോളിന് മണ്‍റോ,സെത് റെന്‍സി,മിച്ചല്‍ സാന്റ്നര്‍,ടിം സീഫെര്‍ട്ട്,ഇഷ് സോധി,റോസ് ടെയ്ലര്.






































