മൂന്നാം ആഷസ് ടെസ്റ്റിൽ നിന്ന് സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കി
ഓഗസ്റ്റ് 22-ന് ആരംഭിക്കുന്ന മൂന്നാം ആഷസ് ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് വൻ തിരിച്ചടി. ആദ്യ രണ്ട് ടെസ്റ്റ് മൽസരങ്ങളിലും ഓസ്‌ട്രേലിയെ കരകയറ്റിയ സൂപ്പർ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത് മൂന്നാം ടെസ്റ്റ് കളിക്കില്ല. രണ്ടാം ടെസ്റ്റിൽ ഉണ്ടായ പരിക്കാണ് സ്മിത്തിന് വിനയായത്. രണ്ടാം ടെസ്റ്റിൽ ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ ആണ് സ്മിത്തിന് പരിക്ക് പറ്റിയത്. പരിക്കിനെത്തുടർന്ന് രണ്ടാം ഇന്നിങ്സിൽ സ്മിത്ത് കളിച്ചിരുന്നില്ല. മൂന്നാം ടെസ്റ്റിൽ കളിക്കുമെന്ന് സ്മിത്ത് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഓസ്‌ട്രേലിയൻ ടീം മാനേജ്മെന്റ് ആണ് താരം കളിക്കില്ലെന്ന് പറഞ്ഞിരിക്കുന്നത്.
ജൊഫ്ര ആർച്ചറിന്റെ ബൗൺസർ സ്മിത്തിന്റെ കഴുത്തിനു പിന്നിൽ കൊള്ളുകയായിരുന്നു. രണ്ടാം മത്സരത്തിന്റെ അവസാന ദിവസം സ്മിത്തിന് പകരമായി മർനസ് ആണ് കളിക്കാൻ ഇറങ്ങിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു കളിക്കാരനെ പുതിയ നിയമപ്രകാരം പകരക്കാരനാക്കുന്നത് ഇതാദ്യമാണ്. സ്മിത്ത് രണ്ട് ടെസ്റ്റിലും മികച്ച പ്രകടനമാണ് നടത്തിയത്. ആഷസ് പരമ്പരയിലെ മൂന്ന് ഇന്നിംഗ്‌സുകളിൽ നിന്ന് 142, 144, 92 റൺസ് നേടിയ സ്മിത്ത് ഇപ്പോൾ ഐസിസിയുടെ ടെസ്റ്റ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്താണ് ഉള്ളത്. അഞ്ച് ടെസ്റ്റ് മത്സരങ്ങൾ ഉള്ള ആഷസിൽ ആദ്യ ടെസ്റ്റ് ഓസ്‌ട്രേലിയ ജയിച്ചിരുന്നു. എന്നാൽ സ്മിത്തിന്റെ അഭാവം ടീമിനെ വലിയ രീതിയിൽ ബാധിക്കാൻ സാധ്യതയുണ്ട്.






































