ആഷസ് : ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകർച്ച ; മഴ വീണ്ടും വില്ലനായി
30 റൺസിന് 1 വിക്കറ്റ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്‌ട്രേലിയക്ക് ആദ്യ സെഷൻ അവസാനിക്കുമ്പോഴേക്ക് മൂന്നു മുൻനിര വിക്കറ്റുകൾ കൂടി നഷ്ടമായി. ആദ്യ സെഷന് ശേഷം കളി ആരംഭിക്കുന്നതിനു മഴ തടസ്സമായി. പിന്നീട് മഴ കനത്തതോടെ ഇന്നത്തെ കളി അവസാനിപ്പിക്കുകയായിരുന്നു.
66 പന്തിൽ 13 റൺസ് എടുത്ത ബാൻക്രോഫ്റ്റ് ആണ് ആദ്യം പുറത്തായത്. ജോഫ്രെ ആർച്ചർക്കായിരുന്നു വിക്കറ്റ്. നിലയുറപ്പിച്ച ഉസ്മാൻ ഖവാജയെ തൊട്ടടുത്ത ഓവറിൽ ക്രിസ് വോക്‌സും പുറത്താക്കിയതോടെ ഓസ്‌ട്രേലിയ പരുങ്ങലിൽ ആയി.അധികം വൈകാതെ തന്നെ ട്രാവിസ് ഹെഡും പുറത്തായതോടെ ഓസ്‌ട്രേലിയ വൻ തകർച്ചയെ നേരിടുകയാണ് എന്ന തോന്നൽ ഉണ്ടായപ്പോഴാണ് മഴ വീണ്ടും വന്നെത്തിയത്. കഴിഞ്ഞ മത്സരത്തിലെ ഓസ്‌ട്രേലിയയുടെ വിജയശില്പി സ്റ്റീവ് സ്മിത്ത് ഇപ്പോഴും ക്രീസിലുള്ളതാണ് അവരുടെ പ്രതീക്ഷ. സ്മിത്തിന് കൂട്ടായി കഴിഞ്ഞ മത്‌സരത്തിലെ അപ്രതീക്ഷിത സെഞ്ചുറിക്കാരൻ മാത്യു വെയ്‌ഡും ക്രീസിലുണ്ട്. ഈ വിജയ ജോഡി ഓസ്‌ട്രേലിയക്ക് വീണ്ടും രക്ഷകരാകും എന്ന പ്രതീക്ഷയിലാണ് ഓസ്‌ട്രേലിയൻ ആരാധകർ.