ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന് വേണ്ടിയുള്ള അഭിമുഖം ഇന്ന് നടക്കും
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനെ കണ്ടെത്താനുള്ള അഭിമുഖം ഇന്ന് നടക്കും. വെസ്റ്റിന്‍ഡീസ് പര്യടനത്തോടെ രവി ശാസ്ത്രിയുടെയും സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടെയും കാലാവധി അവസാനിക്കും. പുതിയ പരിശീലകനെയും, മറ്റ് അംഗങ്ങളെയും നിയമിക്കാൻ ബിസിസിഐ തീരുമാനിച്ചിരുന്നു. ഇതിൻറെ ഭാഗമായി നിരവധി മുൻ താരങ്ങൾ ആണ് അപേക്ഷ സമർപ്പിച്ചത്. ഇവരിൽ നിന്ന് രവി ശാസ്ത്രി ഉൾപ്പടെ ആറ് പേരാണ് മുഖ്യ പരിശീലക സ്ഥാനത്തേക്ക് അഭിമുഖത്തിനായി തിരഞ്ഞെടുത്തത്.
കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്‌ക്വാദ്, ശാന്ത രംഗസ്വാമി എന്നിവർ അടങ്ങുന്ന ടീമാണ് പുതിയ പരിശീലകനെ തിരഞ്ഞെടുക്കുന്നത്. ഓസ്‌ട്രേലിയന്‍ മുന്‍ ഓള്‍ റൗണ്ടറും ലങ്കന്‍ കോച്ചുമായിരുന്ന ടോം മൂഡി, കീവീസ് മുന്‍ പരിശീലകന്‍ മൈക്ക് ഹെസന്‍, ലാല്‍ചന്ദ് രജ്പുത്, മുംബൈ ഇന്ത്യന്‍സ് മുന്‍ പരിശീലകൻ റോബിന്‍ സിങ്, വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരം ഫില്‍ സിമ്മന്‍സ്. ഇവരെ കൂടാതെ രവി ശാസ്ത്രിയുമാണ് ഇന്ന് അഭിമുഖത്തിൽ പങ്കെടുക്കുന്നത്. ഇന്ത്യൻ ടീമിന്റെ സപ്പോർട്ട് സ്റ്റാഫിനായുള്ള അഭിമുഖങ്ങൾ ചെയർമാൻ എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള മുതിർന്ന പുരുഷന്മാരുടെ സെലക്ഷൻ കമ്മിറ്റി നടത്തും. മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ജോണ്ടി റോഡ്‌സിനെപ്പോലുള്ളവർ ഫീൽഡിംഗ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നു.






































