തോറ്റിട്ടും തോൽക്കാതെ ചെൽസി !!
പെനാൽറ്റി ഷൂട്ടൗട്ടിൽ ലിവർപൂളിനോട് തോറ്റ് യുവേഫ സൂപ്പർ കപ്പ് നഷ്ടമായെങ്കിലും ഇന്നലത്തെ മത്സരശേഷം നിരാശയോടെ മടങ്ങിയ ഒരു ചെൽസി ആരാധകനുമുണ്ടാവില്ല. കാരണം അവർ ആഗ്രഹിച്ച ചെൽസി ആയിരുന്നു ഇന്നലെ കളത്തിലുടനീളം. യുണൈറ്റഡുമായി 4 ഗോളിന്റെ കൂറ്റൻ തോൽവിക്ക് ശേഷം, മറ്റൊരു വൻ പരാജയമൊഴിവാക്കുക എന്നതായിരിക്കണം കൂടുതൽ പേരുടെയും മനസ്സിലുണ്ടായിരുന്നത്. എന്നാൽ ആരാധകരെയും യൂറോപ്യൻ ചാമ്പ്യൻസിനെയും ഒരുപോലെ ഞെട്ടിക്കുന്ന പ്രകടനമാണ് നീലപ്പട പുറത്തെടുത്തത്. ആദ്യ നിമിഷങ്ങളിൽ ലിവർപൂളാണ് ഫ്രണ്ട് ഫൂട്ടിൽ തുടങ്ങിയതെങ്കിലും ഒട്ടും വൈകാതെ ലാംപാർഡിന്റെ കുട്ടികൾ താളം കണ്ടെത്തി. വേഗതയേറിയ വൺ ടച്ച് പാസിങ്ങും, ബുദ്ധിപൂർവമുള്ള നീക്കങ്ങളും, കൃത്യമായ പ്രെസ്സിങ്ങും ലിവർപൂളിനെ ശെരിക്കും വലച്ചു.
എൻഗോളോ കാന്റെ മടങ്ങിയെത്തിയതോടു കൂടി മികച്ച ഫോമിലായ മധ്യനിരയ്ക്കു മുന്നിൽ ഹെൻഡേഴ്‌സണും കൂട്ടർക്കും മറുപടിയില്ലായിരുന്നു. മൈതാനത്തുടനീളം നിറഞ്ഞു നിന്ന കാന്റെ തന്നെയാണ് ആദ്യ ഗോളിന് ചുക്കാൻ പിടിച്ചത്. പുലിസിച്ചിന്റെ മികച്ച ഓട്ടവും ജിറൂഡിന്റെ കൃത്യമായ ഫിനിഷും അവരെ മുന്നിലെത്തിച്ചു. ഒട്ടും വൈകാതെ പുലിസിച്ച് നേടിയ സോളോ ഗോൾ ഓഫ്സൈഡ് ആയിരുന്നില്ലെങ്കിൽ ഒരുപക്ഷേ മത്സരത്തിന്റെ ഗതി തന്നെ മറ്റൊന്നായേനെ. ഫിർമിനോയാണ് ലിവർപൂളിന് മത്സരം തിരികെ നൽകിയത്. കഴിഞ്ഞ കളിയിൽ നിറം മങ്ങിയ സൂമയും, മികച്ച ഫോമിൽ കളിക്കുന്ന എമേഴ്‌സനും, ക്രിസ്റ്റൻസണും കൂടെ മുന്നേറ്റനിരയെ പൂട്ടിയെങ്കിലും ബോബി വന്നതോടെ കളി മാറി.
എക്സ്ട്രാ ടൈമിൽ ഒരു ഗോളിന് പിന്നിലായ ശേഷം മൗണ്ടും, റ്റാമിയും, പെഡ്രോയുമൊക്കെ കാണിച്ച പോരാട്ടവീര്യം ലാംപാർഡിന് നൽകുന്ന ആശ്വാസം ചില്ലറയായിരിക്കില്ല. പ്രതിരോധത്തിലെ പാളിച്ചകൾ ഒരു പരിധി വരെ പരിഹരിക്കാനും, മധ്യനിരയിൽ കളി നിയന്ത്രിക്കാനും ചെൽസിക്കായി. സർവ്വോപരി ഒരു ടീം എന്ന നിലയിൽ 120 മിനുട്ടും അവർ കാണിച്ച ഒത്തിണക്കവും, പെനാൽട്ടി കിക്ക് നഷ്ടപ്പെടുത്തിയ റ്റാമി എബ്രഹാമിനെ ആശ്വസിപ്പിക്കാൻ ടീമംഗങ്ങൾ ഓടിയെത്തിയതും, സൈഡ്ലൈനിലെ ആവേശവുമെല്ലാം സ്റ്റാംഫോർഡ് ബ്രിഡ്ജിനെ ചുറ്റിപ്പറ്റിയുള്ള നെഗറ്റിവിറ്റി ഒരു പരിധി വരെ മായ്ച്ചു കളയും. എഴുതിത്തള്ളാനായിട്ടില്ല ഈ നീലപ്പടയെ..
ജസീം അലി