അണ്ടർ 19 ട്രൈ സീരിസ്: ഇന്ത്യക്ക് കിരീടം
ഇംഗ്ലണ്ട്: ഇംഗ്ലണ്ടിൽ നടന്ന അണ്ടർ 19 ട്രൈ സീരിസ് യൂത്ത് ക്രിക്കറ്റിൽ ഇന്ത്യക്ക് കിരീടം. ഫൈനലിൽ ബംഗ്ലാദേശ് അണ്ടർ 19 ടീമിനെ ആറ് വിക്കറ്റിനാണ് ഇന്ത്യ അണ്ടർ 19 തോൽപ്പിച്ചത്. ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത അമ്പത് ഓവറിൽ 261 റൺസിന് അവർ ഓൾഔട്ട് ആയി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കി.
ഓപ്പണർമാരായ യശസ്വി ജയ്സ്വാൾ (50), ദിവ്യാൻഷ് സക്സേന (55), ക്യാപ്റ്റൻ പ്രിയം ഗാർഗ് (73), വിക്കറ്റ് കീപ്പർ ധ്രുവ് ജുറേൽ (നോട്ട് 59) എന്നിവർ അർധസെഞ്ച്വറി നേടി. ഇവരുടെ ബാറ്റിംഗ് മികവിൽ ഇന്ത്യ 48.4 ഓവറിൽ വിജയം സ്വന്തമാക്കി. നേരത്തെ ബംഗ്ലാദേശിന് വേണ്ടി മഹ്മൂദുൽ ഹസൻ ജോയ് 134 പന്തിൽ 109 റൺസ് നേടി ബംഗ്ലാദേശ് ഇന്നിംഗ്സ് നല്ല അടിത്തറ നൽകി. ഒമ്പത് ബൗണ്ടറികളും ഒരു സിക്സറും അടങ്ങിയതായിരുന്നു മഹ്മൂദുല്ലിന്റെ ഇന്നിങ്സ്. ഇന്ത്യക്ക് വേണ്ടി കാർത്തിക് ത്യാഗി (2/49), സുശാന്ത് മിശ്ര (2/33) എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.






































