പ്രൊ കബഡി ലീഗ്: യൂപി യോദ്ധാസിന് രണ്ടാം ജയം
പ്രോ കബഡി ലീഗില്‍ ഇന്നലെ നടന്ന മത്സരത്തിൽ ബെംഗളൂരു ബുള്‍സിനെ 35-33 എന്ന സ്കോറിന് യൂപി യോദ്ധാസ് തോൽപ്പിച്ചു. ഏഴാം സീസണിലെ രണ്ടാം വിജയം ഇന്നലെ യൂപി യോദ്ധാസ് സ്വാന്തമാക്കി. പവൻ മികച്ച ഓൾറൗണ്ട് പ്രകടനം പുറത്തെടുത്തു, ഒരു സൂപ്പർ 10ഉം, മൂന്ന് ടാക്കിൾ പോയിന്റുകളും താരം നേടി. യു പിക്ക് വേണ്ടി ശ്രീകാന്ത് ജാഥവും (9) മോനു ഗൊയാട്ടും (8) മികച്ച പ്രകടനം നടത്തി. ആദ്യ ആറ് പോയിന്റുകളിൽ അഞ്ചെണ്ണം നേടിയ പവൻ തുടക്കം മുതൽ മികച്ച പ്രകടനമാണ് നടത്തിയത്.
മത്സരം തുടങ്ങിയതിന് ശേഷം ഇരു ടീമുകളും പോയിന്റുകൾ നേടി മത്സരം ശക്തമായി മുന്നോട്ട് കൊണ്ടുപോയി. ആദ്യപകുതിയിൽ പവൻറെ മികച്ച പ്രകടനത്തിൽ ബംഗളുരുവിനെ ഓൾഔട്ട് ആക്കി. എന്നാൽ മികച്ച തിരിച്ചുവരവ് നടത്തിയ ബെംഗളൂരു ഒന്നാംപകുതി സമനിലയിൽ ഒതുക്കി. 15-15 എന്ന സ്കോറിലാണ് ആദ്യ പകുതി അവസാനിച്ചത്. രണ്ടാം പകുതി വളരെ പതുക്കെ ആണ് ആരംഭിച്ചത്. ഇരു ടീമുകളും വലിയ ആക്രമണത്തിന് മുതിരാതെ നല്ല രീതിയിൽ ഡിഫൻസ് ചെയ്ത് മത്സരം പതുക്കെ മുന്നോട്ട് കൊണ്ടുപോയി. അവിടെയും മത്സരത്തിൻറെ ഗതിമാറ്റിയത് പവൻ ആണ്. അടുപ്പിച്ച് രണ്ട് പോയിന്റുകൾ നേടി മത്സരം യുപി യോദ്ധയുടെ വരുതിയിൽ എത്തിച്ചു. മത്സരത്തിന്റെ അവസാന റെയ്ഡിൽ രോഹിത് ഒരു പോയിന്റ് ഗെയിമാക്കി മാറ്റിയെങ്കിലും ജാദവ് അവസാന റെയ്ഡിൽ ഉയർന്ന നിരയിലുള്ള ബെംഗളൂരു ബുൾസ് പ്രതിരോധത്തിനെതിരെ ഒരു പോയിന്റ് നേടി രണ്ട് പോയിന്റ് വ്യത്യാസത്തിൽ വിജയം സ്വന്തമാക്കി.






































