ബാറ്റ്സ്മാൻ നമ്പർ 4, ഒരു പ്രഹേളിക !!
വരും കാലങ്ങളിൽ ഇതിനെക്കുറിച്ച് ധാരാളം കെട്ടുകഥകൾ ഉണ്ടാകാം, ഇതിനെ പ്രതിബാധിക്കുന്ന സിനിമകൾ ഉണ്ടാകാം, എന്തിന്, ഒരു ലോകമഹായുദ്ധം പോലും ഇതിൽ നിന്ന് ഉരുത്തിരിഞ്ഞേക്കാം…
നമ്പർ 4 ബാറ്റ്സ്മാൻ, എന്ന പ്രഹേളിക – ഇന്ത്യക്ക് പർവതങ്ങളെ പോലും ചലിപ്പിക്കുന്നതിനേക്കാൾ വലിയ തലവേദന സൃഷ്ടിക്കുകയും ചെയ്തു. ഇതിനായി ഒരു കോച്ചിംഗ് യുഗം തന്നെ അവസാനിച്ചേക്കാം. 2015 ലോകകപ്പിന് ശേഷം ഈ നിർണായക സ്ഥാനത്തിനു വേണ്ടി ഏകദേശം 13 ബാറ്റ്സ്മാൻമാരെ ഇന്ത്യ പരീക്ഷിച്ചുവെങ്കിലും അവരാരും അതിനു അനുയോജ്യമായില്ല. 2019 ലോകകപ്പിൽ പോലും ഈ സ്ഥാനത്തേക്ക് പരീക്ഷണങ്ങൾ നടന്നിരുന്നു. ഇന്ത്യയുടെ ഭാഗത്ത് ഇതുപോലെ ഒരു വലിയ പ്രതിസന്ധിയുണ്ടെന്നതിൽ യാതൊരു സംശയവും ഇല്ല. അതിനാൽ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച കളിക്കാരെ ഈ സ്ഥാനത്തേക്ക് ക്ഷണിച്ചു എങ്കിലും ആരും കാര്യമായി വിജയിച്ചില്ല. ലോകകപ്പിന് എട്ട് മാസം മുൻപ് മുതലേ അംബട്ടി റായിഡു ഈ സ്ഥാനം അലങ്കരിച്ചിരുന്നു. വിരാട് കോഹ്‌ലിയും ഹെഡ് കോച്ച് രവി ശാസ്ത്രിയും എന്തുകൊണ്ടാണ് ഈ ഉത്തരവാദിത്തത്തിന് റായുഡു അനുയോജ്യൻ എന്ന് പലപ്പോഴായി വിശദീകരിച്ചു എങ്കിലും ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോൾ അദ്ദേഹം ഉണ്ടായിരുന്നില്ല.
സെലക്ടർ- ചെയർമാൻ എം.എസ്.കെ പ്രസാദ് ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപന വേളയിൽ വിജയ് ശങ്കറാണ് ഈ സ്ഥാനത്തേക്ക് ഉചിതമായ കളിക്കാരൻ എന്ന തിരുമാനത്തിൽ എത്തി. ലോകകപ്പിൽ ആ സ്ഥാനത്ത് രണ്ട് മത്സരങ്ങൾ കളിച്ച ശങ്കർ പിന്നീട് പരിക്കിനെ തുടർന്ന് ടൂർണമെന്റിൽ നിന്ന് പുറത്തായി. ഒരുപക്ഷേ അദ്ദേഹത്തിന് പരിക്കേറ്റിട്ടില്ലെങ്കിൽ പോലും, ശങ്കർ അവിടെ തുടരുമോ എന്ന കാര്യം സംശയമായിരുന്നു.
ഈ സ്ഥാനത്ത് പകരക്കാരനായി റിഷഭ് പന്ത് ആയിരുന്നു പുതിയ ബലിയാട്, കാരണം ഇതിനു മുൻപ് ഏകദിനങ്ങളിൽ ഒരു തവണ മാത്രമേ അദ്ദേഹം ആ സ്ഥാനത്ത് ബാറ്റ് ചെയ്തിരുന്നുള്ളൂ. എന്നാൽ ലോകകപ്പ് അവസാനിക്കുന്നതുവരെ അദ്ദേഹം കൂടുതൽ ഭാഗ്യമൊന്നും ഇല്ലാതെ അവിടെ തുടർന്നു.
ലോകകപ്പ് സെമി ഫൈനൽ പുറത്തായത് ഇപ്പോളും നമ്മളെ വേദനിപ്പിച്ചേക്കാം, കാരണം കപ്പ് ഉയർത്തുന്നതിനുള്ള ഇന്ത്യയുടെ സാധ്യത അത്ര കൂടുതൽ ആയിരുന്നു. എങ്കിലും ലോകകപ്പ് പ്രകടനത്തെ മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ സുനിൽ ഗവാസ്‌കർ “ശരാശരിയിലും താഴെ” എന്ന് വിശേഷിപ്പിച്ചു. ഇതെല്ലാം സംശയാസ്പദമാണെങ്കിലും, ഇതിന്റെ സത്യങ്ങളോട് ഇന്ത്യയുടെ വഴങ്ങാത്ത സമീപനം ഏവരെയും ആശ്ചര്യപ്പെടുത്തുന്നു. ഏകദിന ക്രിക്കറ്റിലെ അടുത്ത പ്രധാന ടൂർണമെന്റിനു കുറച്ച് സമയമെടുക്കും, അതിനാൽ ഈ ഘട്ടം, പരീക്ഷണങ്ങൾ നടത്താൻ അനുയോജ്യമാണ്, ഇന്ത്യയും ഈ ഒഴുക്കിനൊപ്പം നീങ്ങുന്നതായി തോന്നുണ്ട്.
ഇന്ത്യൻ ഏകദിന ക്രിക്കറ്റിന്റെ നാലാം നമ്പർ സജ്ജീകരിച്ചേക്കുന്നതു മറ്റ് ടീമുകൾക്കുള്ളതിനേക്കാൾ വളരെ വ്യത്യസ്തമായിട്ടാണ്. അതിന്റെ വളരെ ലളിതമായ കാരണം ഇന്ത്യയുടെ ശക്തമായ ടോപ് ഓർഡർ ബാറ്റിംഗ് ലൈൻ അപ്പ് ആണ്.
ആദ്യ മൂന്ന് സ്ഥാനങ്ങൾ ഏറ്റവും മികച്ച കളിക്കാരാണ് കളിക്കുന്നത്, ഒരു ദിവസം ട്രെൻഡ് ബോൾട്ട് അല്ലെങ്കിൽ മുഹമ്മദ് അമീറിനെ പോലെ ഒരു ബൗളർ ഇതിലൂടെ പാഞ്ഞു കഴിഞ്ഞാൽ മധ്യനിര പ്രളയത്തിൽ അകപ്പെട്ട കേരളം പോലെ ആകും. ഇന്ത്യയുടെ എല്ലാ ബാറ്റിംഗ് ശക്തിയും ഒരു അറ്റത്ത് കേന്ദ്രീകരിച്ചിരിക്കുന്നു. മറ്റേ പകുതി വായു നിറച്ചു കൃത്യമായി വെച്ചിരിക്കുന്നു. കണക്കുകൾ കാണിക്കുന്നത് ആദ്യ മൂന്ന് സ്ഥാനങ്ങളിലെ ബാറ്റ്സ്മാൻ മാരുടെ സ്ഥിരത മറ്റു ടീമുകളെ അപേക്ഷിച്ചു വളരെ മുൻപിലാണ്, എന്നാൽ ബാക്കിയുള്ള മധ്യനിരക്കാർ തീർത്തും ആപേക്ഷികമാണ്.
ലോകകപ്പിന് തൊട്ടുപിന്നാലെയുള്ള ഏറ്റവും അനുയോജ്യമായ നീക്കം ആദ്യ മൂന്ന് സ്ഥാനങ്ങളിൽ നിന്നും വിരാട് കോഹ്‌ലിയുടെ നാലാം സ്ഥാനത്തേക്കുള്ള മാറ്റമാണ്. ലോകകപ്പിന് തൊട്ടുമുമ്പ് ഇത് ഒരു അഭിനന്ദിക്കാവുന്ന നീക്കമാണെന്ന് രവി ശാസ്ത്രി പോലും കരുതിയിരുന്നു, എന്നാൽ മതിയായ ശുഭാപ്തിവിശ്വാസം ഇല്ലാത്തതിനാൽ ഉപേക്ഷിച്ചു. #vimalT
“ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി ആദ്യ മൂന്ന് ബാറ്റ്സ്മാൻമാരാണ്. സമയവും സാഹചര്യവും ആവശ്യപെടുന്നു എങ്കിൽ നമുക്ക് അവരെ വേർപിരിക്കാനാകും. കൊഹ്‌ലിയെ പോലെ ഒരാൾ നാലാം നമ്പറിൽ പോകുകയും മറ്റൊരു നല്ല ബാറ്റ്സ്മാനെ മൂന്നാം സ്ഥാനത്തു ഇറക്കുകയും ചെയ്താൽ ബാറ്റിംഗ് ലൈൻ അപ്പ് കൂടുതൽ ശക്തിപ്പെടുത്താം ” ലോകകപ്പിന് മുൻപ് രവി ശാസ്ത്രി ഒരു ഇന്റർവ്യൂവിൽ പറഞ്ഞതാണ്.
അത് നമ്മുടെ ടീമിന്റെ വിധേയത്വമാണ് കാണിക്കുന്നത്, ലോകകപ്പ് പോലുള്ള വലിയ ടൂർണമെന്റുകളിൽ മികച്ച ബാലൻസ് ടീം എന്താണെന്നു കാണിക്കാൻ റായിഡുവിനെയോ മറ്റു ഏതെങ്കിലും ഒരു ബാറ്റ്സ്മാനെ യോ മൂന്നാം സ്ഥാനത്ത് ഇറക്കി കോഹ്ലി നാലാമത്തെ സ്ഥാനത്തേക്ക് ഇറങ്ങേണ്ടത് ഉണ്ട്. അതിലൂടെ ഓപ്പണിംഗ് കോമ്പിനേഷനെ ശല്യപ്പെടുത്താതെ കൂടുതൽ ശക്തമായ ഒരു ബാറ്റിംഗ് ലൈൻ അപ്പ് ആക്കാൻ സാധിക്കും, ഏറ്റവും മികച്ച വിക്കറ്റ് നേരത്തെ കളയേണ്ട ആവശ്യമുണ്ടോ ?
അത് ഇതു എന്നി നിർദ്ദേശങ്ങളിലേക്ക് പോകുന്നതിനുമുമ്പ്, ഇന്ത്യ ഈ സ്ഥാനങ്ങളിലേക്ക് ശ്രമിക്കുന്ന പുതുമുഖങ്ങളേക്കാൾ ഈ സ്ഥാനത്തിനു കോഹ്‌ലി എങ്ങനെ കൂടുതൽ അനുയോജ്യനാകുന്നത് എന്ന് പരിശോധിക്കേണ്ടതുണ്ട്.
2015 ലോകകപ്പ് അവസാനിച്ചതിനുശേഷം ഈ സ്ഥാനത്ത് കളിച്ച 13 ബാറ്റ്സ്മാൻമാരിൽ മികച്ചത് എന്ന് പറയുന്നത് പരിചയസമ്പന്നരും ടീമിൽ മറ്റ് സ്ഥാനങ്ങൾ കൈകാര്യം ചെയ്തവരുമാണ്. 2015 ലോകകപ്പിന് ശേഷം അജിങ്ക്യ രഹാനെ ഈ സ്ഥാനത്തുണ്ടായിരുന്നുവെങ്കിലും എംഎസ് ധോണി, യുവരാജ് സിംഗ് മുതൽ റായുഡു, ദിനേശ് കാർത്തിക് എന്നി നിരവധി പരിചയസമ്പന്നരായ ബാറ്റ്സ്മാൻമാരെയും ഈ സ്ഥാനത്തു വിചാരണ ചെയ്യുകയും സൂക്ഷ്മപരിശോധനയിൽ ഇവർ യുവാതാരങ്ങളെ ക്കാൾ മികച്ച വിജയം നേടുന്നതായി കാണുകയും ചെയ്തു.
മനോജ് തിവാരി, മനീഷ് പാണ്ഡെ, കെ എൽ രാഹുൽ, റിഷഭ് പന്ത്, വിജയ് ശങ്കർ തുടങ്ങിയവർ ഈ സ്ഥാനത്ത് എന്തെങ്കിലും ഒരു സ്വാധീനം ചെലുത്താൻ പാടുപെട്ടു, 2016 ൽ സിഡ്‌നിയിൽ പാണ്ഡെ ഉദ്വേഗജനകമായ സെഞ്ച്വറി നേടിയെങ്കിലും പിന്നീട് ആ വെള്ളച്ചാട്ടം ഒരു ഉറവയായി മാറുകയായിരുന്നു. കുറച്ചു നാൾ ടീമിനു അകത്തും പുറത്തുമായി അദ്ദേഹം തുടന്നു.
ഇന്ത്യയുടെ നാലാം സ്ഥാനം വളരെ ശക്തമായ ടോപ് ഓർഡർ ബാറ്റിങ്നിനും വേഗത വര്‍ദ്ധിപ്പിക്കാൻ പാടുപെടുന്ന ലോവർ ഓർഡർ ബാറ്റിങ്ങിനും ഇടയിലാണ്. അത് കൊണ്ട് തന്നെ ഈ സ്ഥാനം കൂടുതൽ പ്രാധാന്യം അർഹിക്കുന്നു. കോഹ്‌ലിയെപ്പോലുള്ള പരിചയസമ്പന്നനായ ഒരു ബാറ്റ്സ്മാൻ നാലാം സ്ഥാനത്തേക്ക് നീങ്ങിയാൽ, അതിന്റെ ആനുകൂല്യങ്ങൾ പലമടങ്ങാണ്.
ഒരു പുതുമുഖത്തെ മൂന്നാം സ്ഥാനത്തേക്ക് തള്ളിവിട്ടാൽ, ആ കളിക്കാരൻ ലോകത്തിലെ ഏറ്റവും മികച്ച ഓപ്പണിങ് ബാറ്റ്സ്മാൻ മാർക്കും ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനും ഇടയിൽ സുരഷിതനായിരിക്കും. ഇതു എന്നെ കൊണ്ട് സാധിക്കുമോ ? എന്നുള്ള ആത്മപരിശോധന നടത്താതെ തന്നിലെ സ്വാതന്ത്ര്യത്തെ പ്രകടിപ്പിക്കാനുള്ള വേദിയാക്കാം. ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, റിഷഭ് പന്ത് എന്നിവരെല്ലാം മികച്ച ടോപ്പ് ഓർഡർ ബാറ്റ്സ്മാൻമാരാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്റെ പിൻഗാമികളെ കണ്ടെത്തുന്നതിന് ആവശ്യമായ ഉത്തേജനം നൽകുക എന്നത് കോഹ്‌ലിയുടെ ധൈര്യത്തിൽ അധിഷ്ഠിതമാണ്.
ഷുബ്മാൻ ഗില്ലിനെപ്പോലുള്ള യുവ താരങ്ങളെ പോലും ടീമിൽ ഉൾപെടുത്താൻ വൈകിയ സമയത്തു കുറഞ്ഞ സമ്മർദ്ദത്തിൽ അവർക്ക് മികച്ച പ്രകടങ്ങൾ നടത്താൻ ഇത് സഹായകമാകും. ഒരു പക്ഷെ നാലാം നമ്പറിൽ അത് സാധിച്ചില്ല എന്ന് വരാം. മറ്റൊന്ന് ഡെത്ത് ഓവറുകളിൽ റൺറേറ്റ് വർദ്ധിപ്പിക്കുന്ന പന്തിന്റെ കഴിവിനെ മാനിച്ചു പന്തിനു അഞ്ചാം സ്ഥാനം നൽകാൻ ഇന്ത്യ തീരുമാനിച്ചാൽ കോഹ്‌ലിയുടെ സാന്നിധ്യത്തിൽ പന്തിനു വളരെയധികം പ്രയോജനപെടുത്താൻ സാധിക്കും എന്നത് കഴിഞ്ഞ T 20 മത്സരങ്ങളിൽ കണ്ടതാണ്.
ഈ സമസ്യയെ മറികടക്കാൻ കോഹ്‌ലിക്ക് രണ്ടുവശങ്ങളേയും വെത്യാസമാക്കുന്ന കുറച്ചു സെഞ്ചുറികൾ ബലികൊടുക്കേണ്ടിവരും. എന്നാൽ ഇതല്ലാതെ വേറെ വഴികൾ ടീമിന് ഗുണം ചെയ്യുന്നുവെങ്കിൽ, സ്വന്തം ബാറ്റിംഗ് ക്രമത്തിൽ നിന്ന് താഴേക്ക് പോകേണ്ടതില്ലല്ലോ ?? എന്നാൽ നിലവിൽ, വേറെ വഴികൾക്കുള്ള സാധ്യത കാണുന്നില്ല. ഇന്ത്യയ്ക്ക് പരീക്ഷണത്തിന് വേറെയും വഴികൾ ഉണ്ടാകാം, എന്നാൽ കുറെ കരിയറുകൾ ഓവുചാലിലേക്കു വലിച്ചെറിയുന്നതിനുപകരം, മെൻ ഇൻ ബ്ലൂ വിലെ പരിചയസമ്പന്നനും മികച്ച ബാറ്റ്‌സ്മാനു മായാ ക്യാപ്റ്റൻ തന്നെ ഈ സ്ഥാനം തിരഞ്ഞെടുക്കുന്നതാകും അഭികാമ്യം.
ഈ റോളിനോട് വിമുഖത കാണിക്കുന്ന ഒരാൾ അല്ല, കാരണം അദ്ദേഹത്തിന്റെ കരിയറിൽ ആദ്യഘട്ടത്തിൽ 30 – 40 മത്സരങ്ങളോളം ഈ സ്ഥാനത്ത് കളിച്ചിട്ടുണ്ട്, കൂടാതെ 55 നു മുകളിൽ ശരാശരിയും ഉണ്ട്.
ഇപ്പോൾ ബാറ്റിംഗിന്മേൽ അദ്ദേഹത്തിന് പൂർണ്ണമായ നിയന്ത്രണം ഉള്ളതിനാൽ, ഈ നീക്കം അദ്ദേഹത്തിന് തടസ്സമില്ലാത്ത ഒന്നായിരിക്കണം. ജാവേദ് മിയാൻഡാദ്, അരവിന്ദ ഡി സിൽവ, മഹേല ജയവർധന, മുതൽ ഐപിഎൽ ലെ സഹതാരം എ ബി ഡിവില്ലിയേഴ്‌സ് വരെയുള്ള ഏകദിനത്തിലെ മഹാരഥന്മാർ മുമ്പ് ഈ സ്ഥാനം അലങ്കരിക്കുകയും മികച്ച വിജയം നേടുകയും ചെയ്തിട്ടുണ്ട്.
എഴുതിയത് വിമൽ താഴെത്തുവീട്ടിൽ






































