പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി മുന്‍ നായകന്‍ എത്തുമെന്ന് സൂചന
മിക്കി ആര്‍തറുമായുള്ള പാക് ടീമിന്റെ കരാര്‍ ഈ മാസം അവസാനിക്കാനിരിക്കെ പാകിസ്ഥാൻ ടീമിന്റെ പുതിയ പരിശീലകൻ ആരായിരിക്കുമെന്ന് ആകാംഷയോട് കാത്തിരിക്കുകയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ആരാധകർ. പാകിസ്ഥാന്റെ മുൻ നായകൻ ടീമിന്റെ മുഖ്യ പരിശീലകനായി എത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. മുന്‍ നായകന്‍ മിസ്ബാ ഉള്‍ ഹഖ് ആണ് ടീമിന്റെ അടുത്ത പരിശീലകൻ എന്നാണ് ചില പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഈ മാസം പതിനഞ്ചോടെ ആർതറുടെ കരാർ അവസാനിക്കും. അടുത്ത ടി20 ലോകകപ്പ് വരെ ആർതർ തുടരാൻ ആയിരുന്നു പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ചേർന്ന യോഗം ആര്‍തറിൻറെ കരാർ പുതുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ആർതറിനെ കൂടാതെ ബോളിംഗ് പരിശീലകന്‍ അസര്‍ മഹ്മൂദ്, ബാറ്റിംഗ് പരിശീലകന്‍ ഗ്രാന്റ് ഫ്ലവര്‍, ട്രെയിനര്‍ ഗ്രാന്റ് ലൂഡന്‍ എന്നിവരുടെ കരാറും പുതുക്കുന്നില്ലായെന്ന് പാകിസ്ഥാൻ അറിയിച്ചിരുന്നു. ഇവരുടെ സ്ഥാനത്തും പുതിയ പരിശീലകർ എത്തും.






































