വിജയത്തോടെ പ്രീമിയർ ലീഗിനെ വരവേറ്റ് ലിവർപൂൾ
അങ്ങനെ 2019 -20 പ്രീമിയർ ലീഗ് സീസണ് തുടക്കം കുറിച്ചിരിക്കുന്നു. സന്നാഹ മത്സരത്തിൽ ലിവർപൂൾ സ്വന്തം തട്ടകമായ ആൻഫീൽഡിൽ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യന്മാരായി അങ്ങനെ സ്ഥാനക്കയറ്റം ലഭിച്ച നോർവിച് സിറ്റിയെ തോൽപ്പിച്ചു. സ്കോർ 4 – 1 . എന്നാൽ ആദ്യ മത്സരത്തിൽ തന്നെ സ്റ്റാർ ഗോളിയായ അലിസണ് പരിക്ക് പറ്റിയത് ലിവര്പൂളിനെ ആശങ്കയിൽ ആക്കിയിട്ടുണ്ട്.
ആദ്യ പകുതിയിലാണ് ലിവർപൂളിന്റെ നാല് ഗോളുകളും പിറവി എടുത്തത്. ഏഴാം മിനുട്ടിൽ ഒറിഗി കൊടുത്ത പാസ് തട്ടിയകറ്റാൻ നോക്കുന്നതിനിടയിൽ ഗ്രാന്റ് ഹാർലിയുടെ ക്ലിയറൻസ് സെല്ഫ് ഗോൾ ആയി മാറുകയായിരുന്നു. തങ്ങളുടെ ഏറ്റവും മികച്ച പ്രധിരോധകന്റെ വീഴ്ച്ച നോർവിചിനെ സാരമായി തന്നെ ബാധിച്ചു. 19 ആം മിനുട്ടിൽ തന്നെ ലിവർപൂൾ ലീഡ് ഉയർത്തി. ഫിർമിഞ്ഞോ നൽകിയ പാസ് മനോഹരമായി സാലഹ് ഗോൾ ആക്കി മാറ്റുകയായിരുന്നു. 28 ആം മിനുട്ടിൽ സാലഹ് എടുത്ത കോർണർ വാൻ ഡൈക് അനായാസം ഹെഡ്ഡ്റിലൂടെ വലചലിപ്പിച്ചപ്പോൾ നോർവിച് കളിയിൽ അപ്രസക്തമായിരുന്നു. 36 ആം മിനുട്ടിൽ ആയിരുന്നു അലിസണിന്റെ പരിക്ക്. ബോൾ ക്ലിയർ ചെയ്യാൻ നോക്കിയപ്പോൾ തെന്നി വീണത് മൂലം കാലിന്റെ പേശികൾക്ക് പരിക്ക് പറ്റുകയായിരുന്നു. 41 ആം മിനുട്ടിൽ ആയിരുന്നു നാലാം ഗോൾ പിറന്നത്. അർണോൾഡ് നൽകിയ പാസ് ഹെഡ് ചെയ്തു ഒറിഗി വലചലിപ്പിച്ചു. നോർവിച്ചിന് വേണ്ടി 64 മിനുട്ടിൽ ടീമു പുക്കി ആശ്വാസ ഗോൾ നേടി.
അലിസണിന്റെ പരിക്ക് മാറ്റി നിർത്തിയാൽ ലിവർപൂൾ ആരാധകർക്ക് ആഹ്ലാദിക്കാൻ ഒത്തിരി ഉണ്ട്. സാലയുടെ ഗോളിന്റെ ഭംഗി തന്നെ മതി നിർവൃതി അടയാൻ. വലത് വിങ്ങിൽ നിന്ന് ഇടംകാലുകൊണ്ടുള്ള ഷോട്ടുകൾ ഇനിയും കാണാൻ സാധിക്കും എന്നു വിശ്വസം നൽകിയ നിമിഷമായിരുന്നു ആ ഗോൾ. റോബർട്സണും അർണോൾഡും കളത്തിൽ നിറഞ്ഞാടി. ഒറിഗിയും ഫിർമിഞ്ഞോയും നിരന്തരം നോർവിച് മധ്യനിരക്ക് പ്രശ്നങ്ങൾ ഉണ്ടാക്കി കൊണ്ടേ ഇരുന്നു. പ്രതിരോധവും മധ്യനിരയും പാറപോലെ ഉറച്ചു നിന്നു. ഏതായാലും ഈ വർഷത്തെ ലീഗിന് തങ്ങൾ തയ്യാറാണ് എന്ന് ലിവർപൂൾ ഉറക്കെ വിളിച്ചു പറഞ്ഞിരിക്കുന്നു.