പ്രൊ കബഡി ലീഗ്: ബംഗാൾ വാരിയേഴ്‌സ് യു മുംബൈയെ തോൽപ്പിച്ചു
പ്രൊ കബഡി ലീഗിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ 32-30 എന്ന സ്‌കോറിൽ ബംഗാൾ വാരിയേഴ്‌സ് യു മുംബൈയെ തോൽപ്പിച്ചു.രണ്ട് ടീമുകളും മുൾമുനയിൽ നിന്ന മത്സരത്തിൽ ബംഗാൾ വാരിയേഴ്‌സ് വിജയിക്കുകയിരുന്നു. ബൽദേവ് സിംഗ് വീണ്ടും പ്രതിരോധത്തിൽ തിളങ്ങിയ മത്സരത്തിൽ രണ്ട് പോയിന്റിനാണ് ബംഗാൾ വാരിയേഴ്‌സ് വിജയം സ്വന്തമാക്കിയത്. അഞ്ച് കളികളിൽ നിന്ന് ഇത് ബംഗാളിന്റെ മൂന്നാം വിജയമാണ്. യു മുംബ ആണ് മൽസരത്തിൽ ആദ്യ പോയിന്റ് നേടിയത്. സുരിന്ദർ സിങ്ങിന്റെ വിജയകരമായ ടാക്കിൾ ഉപയോഗിച്ചാണ് മുംബൈ മത്സരം ആരംഭിച്ചത്. തുടർന്ന് ദേശ്വാൾ നടത്തിയ റെയ്ഡിലൂടെ യു മുംബ 2-0ന് മുന്നിലെത്തി.ആദ്യ പകുതിയിൽ മികച്ച പ്രകടനം നടത്തിയ യു മുംബൈ പതിനൊന്നാം മിനിറ്റിൽ ബംഗാളിനെ ഓൾഔട്ട് ആക്കി.
എന്നാൽ പുറത്താകലിന് ശേഷം തകർപ്പൻ തിരിച്ചുവരവ് നടത്തിയ ബംഗാൾ ഡിഫൻസിലൂടെ ആണ് പിന്നീട് കാര്യങ്ങൾ നീക്കിയത്. ആദ്യ പകുതി യു മുംബൈ 11-16 എന്ന സ്കോറിന് ലീഡ് നേടി. എന്നാൽ രണ്ടാം പകുതിയുടെ തുടക്കം തന്നെ ആക്രമിച്ച് കളിച്ച ബംഗാൾ ആദ്യ മൂന്ന് പോയിന്റ് പെട്ടെന്ന് തന്നെ നേടി.
പ്രപഞ്ചൻ ആണ് ബംഗാളിന് വേണ്ടി മൂന്ന് പോയിന്റ് നേടിയത്. മൂന്ന് മിനിറ്റിനുശേഷം അവർ യു മുംബയെ ഓൾഔട്ട് ആക്കി 18-17 എന്ന ലീഡ് നേടി. എന്നാൽ യു മുംബൈ താരം ദേശ്വാൾ മുന്നിൽ നിന്ന് അക്രമിച്ചതോടെ ബംഗാളിനെ വീണ്ടും യു മുംബൈ ഓൾഔട്ട് ആക്കി. പത്ത് പോയിന്റ് ദേശ്വാൾ നേടുകയും ചെയ്തു. ഇതോടെ മത്സരത്തിൽ യു മുംബൈ വീണ്ടും ലീഡ് നേടി. എന്നാൽ മുഹമ്മദ് നബിബക്ഷിന്റെ തുടർച്ചയായ റെയ്ഡുകൾ ബംഗാൾ വാരിയേഴ്സിന് ലീഡ് നൽകുകയും യു മുംബയെ രണ്ടാമത്തെ ഓൾഔട്ടിൽ എത്തിക്കുകയും ചെയ്തു. പിന്നീട് യു മുംബൈയുടെ സന്ദീപ് ഒരു പോയിന്റകൂടി നേടി ലീഡ് ഒന്നിൻറെ വ്യത്യാസത്തിൽ എത്തിച്ചു. എന്നാൽ അവസാന റെയ്ഡിൽ ജീവ കുമാറിന്റെ ശക്തമായ കുതിപ്പ് ബംഗാൾ വാരിയേഴ്സിന് വിജയം സമ്മാനിച്ചു.