ടി20യിൽ പുതിയ റെക്കോർഡുമായി ഋഷഭ് പന്ത്
വെസ്റ്റിൻഡീസ് ഇന്ത്യ ടി20 പരമ്പരയിലെ മൂന്നാം മൽസരത്തിൽ മികച്ച ബാറ്റിംഗ് ആണ് ഇന്ത്യൻ താരം ഋഷഭ് പന്ത് കാഴ്ചവെച്ചത്. ഇന്ത്യയെ അനായാസം ജയിപ്പിക്കുന്നതിൽ ഋഷഭ് പന്തിന്റെ ഇന്നിങ്സ് നിർണായകമായി. ഇന്ത്യയെ വിജയത്തിൽ എത്തിക്കുന്നതിനോടൊപ്പം ടി20യിൽ ഒരു റെക്കോർഡ് കൂടി താരം സ്വന്തമാക്കി. ട്വന്റി-ട്വന്റിയിൽ ഒരു ഇന്ത്യൻ വിക്കറ്റ്കീപ്പർ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ ആണ് മൂന്നാം ടി20യിൽ പന്ത് നേടിയത്. 42 പന്തില്‍ നിന്നും 65 റണ്‍സാണ് മൂന്നാം ടി20യിൽ പന്ത് നേടിയത്.
65 റൺസ് നേടിയതോടെ ധോണിയുടെ പേരിലുള്ള റെക്കോർഡ് ആണ് പഴങ്കഥ ആയത്. ബംഗളുരുവിൽ 2017 ല്‍ ദക്ഷിണാഫ്രീക്കയ്ക്കെതിരെ നടന്ന മത്സരത്തിൽ ധോണി നേടിയ 56 റൺസ് ആയിരുന്നു ഇതുവരെയുള്ള റെക്കോർഡ്. അതാണ് പന്ത് മറികടന്നത്. ആദ്യ രണ്ട് ടി20 മൽസരങ്ങളിലും പന്തിന് തിളങ്ങാൻ ആയില്ല. ആദ്യ മൽസരത്തിൽ പൂജ്യത്തിന് പുറത്തായ പന്ത് രണ്ടാം മത്സരത്തിൽ നാല് റൺസ് മാത്രമാണ് നേടിയത്. ഇതോടെ ടീമിൽ നിന്ന് പന്തിനെ മാറ്റണമെന്ന് നിരവധിപേർ അഭിപ്രായം പറഞ്ഞിരുന്നു. എന്നാൽ മൂന്നാം ടി20യിൽ തകർപ്പൻ പ്രകടനം ആണ് പന്ത് കാഴ്ചവെച്ചത്. നാല് ബൗണ്ടറിയും, നാല് സിക്സും ആണ് പന്ത് ഇന്നലെ അടിച്ചുകൂട്ടിയത്.