ക്രിക്കറ്റില്‍ നിന്നും പൂര്‍ണ്ണമായും വിരമിക്കുന്നതായി ന്യൂസിലൻഡ് താരം ബ്രണ്ടന്‍ മക്കല്ലം
ന്യൂസിലൻഡിന്റെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളായ ബ്രണ്ടന്‍ മക്കല്ലം ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി അറിയിച്ചു. ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുകയാണെന്ന് മക്കല്ലം തന്നെ അറിയിച്ചു. കാനഡയിലെ ഗ്ലോബല്‍ ട്വന്റി 20 ലീഗിന് ശേഷം താരം വിരമിക്കും. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ഒരു വിക്കറ്റ് കീപ്പർ – ബാറ്റ്സ്മാനാണ് ഇദ്ദേഹം. വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെക്കുന്നതിൽ എന്നും മുൻപന്തിയിൽ ഉള്ള താരമാണ് മക്കല്ലം.
വിരമിക്കലിന് ശേഷം പരിശീലകനായി തുടരാൻ ആണ് താൻ ആഗ്രഹിക്കുന്നതെന്ന് മക്കല്ലം പറഞ്ഞു. 2016 ഫെബ്രുവരി 24ന് അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും മക്കല്ലം വിരമിച്ചിരുന്നു. പിന്നീട് ആഭ്യന്തര ക്രിക്കറ്റ് ലീഗുകളായ ബിഗ് ബാഷിലും, ഐപിഎല്ലിലും മാത്രമാണ് കളിച്ചിരുന്നത്. ന്യൂസിലൻഡിന് വേണ്ടി 101 ടെസ്റ്റുകളും, 260 ഏകദിനങ്ങളും, 71 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 20 വർഷത്തെ പ്രൊഫഷണൽ കരിയറിൽ താൻ നേടിയ നേട്ടങ്ങളിൽ അഭിമാനിക്കുന്നതായി മക്കല്ലം പറഞ്ഞു.ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി ട്രിപ്പിൾ സെഞ്ചുറി നേടുന്ന ന്യൂസിലൻഡ് താരം എന്ന ബഹുമതി ബ്രണ്ടൻ മക്കല്ലത്തിന് സ്വന്തമാണ്. 2014 ഫെബ്രുവരിയിൽ ഇന്ത്യക്കെതിരെ വെല്ലിങ്ടണിൽ വെച്ചായിരുന്നു മക്കല്ലത്തിന്റെ ഈ നേട്ടം






































