ആഷസ് : ജയിക്കാൻ ഓസ്‌ട്രേലിയ, തോൽക്കാതിരിക്കാൻ ഇംഗ്ലണ്ട്
ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് ഇന്ന് തിരശീല വീഴുകയാണ്. ജയപരാജയങ്ങൾ മാറിമറിഞ്ഞ കഴിഞ്ഞ നാല് ദിവസങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ദിനമായിരുന്നു ഇന്നലെ. സമകാലിക ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്സ്മാൻ എന്ന സ്ഥാനത്തിന് ഏറ്റവും അർഹൻ താനാണെന്ന് ഈ ടെസ്റ്റിലൂടെ സ്റ്റീവ് സ്മിത്ത് തെളിയിക്കുന്നു. രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി ആവർത്തിച്ച അദ്ദേഹം ഓസ്‌ട്രേലിയക്ക് വിജയപ്രതീക്ഷ നിലനിർത്താനുതകും വിധം 397 റൺസിന്റെ ലീഡ് സമ്മാനിച്ചു. വിലക്ക് നേരിട്ട് ഒരു വർഷം പുറത്തിരിക്കേണ്ടി വന്നിട്ടും ടെസ്റ്റ് റാങ്കിങ്ങിൽ നാലാം സ്ഥാനത്ത് നിലനിൽക്കുന്നു എന്നത് വിസ്മരിക്കേണ്ടതാണ്.
ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സിൽ 7 വിക്കറ്റ് നഷ്ടത്തിൽ 487 റൺസെടുത്ത് ഡിക്ലയർ ചെയ്തു. സ്മിത്തിന് പുറമെ മാത്യു വെയ്‌ഡും സെഞ്ച്വറി അടിച്ചു. ഇരുവരും ചേർന്നുള്ള 5 ആം വിക്കറ്റ് കൂട്ടുകെട്ട് 126 റൺസ് കൂട്ടിച്ചേർത്തു. 124 റൺസിന് 3 വിക്കറ്റ് എന്ന നിലയിൽ നാലാം ദിവസം കളി ആരംഭിച്ച ഓസ്‌ട്രേലിയക്ക് വേണ്ടി സ്റ്റീവ് സ്മിത്തും ട്രാവിസ് ഹെഡും 81 റൺസ് കൂടി കൂട്ടിച്ചേർത്ത ശേഷമാണ് 51 റൺസെടുത്ത ഹെഡ് പുറത്തായത്. സ്മിത്തും ഹെഡും ചേർന്നുള്ള 4 ആം വിക്കറ്റ് കൂട്ടുകെട്ട് 129 റൺസ് കൂട്ടിച്ചേർത്തു. നായകൻ ടിം പെയ്ൻ 34 റൺസെടുത്ത് പുറത്തായ. പാറ്റിൻസണും(47) കമ്മിൻസും(26) ചേർന്നുള്ള അപരിചിതമായ 8 വിക്കെറ്റ് കൂട്ടുകെട്ട് 78 റൺസ് കൂട്ടിച്ചേർത്തു. ഇംഗ്ലണ്ടിന് വേണ്ടി ബെൻ സ്റ്റോക്‌സ് 3 വിക്കറ്റ് വീഴ്ത്തി. ഇന്നലെ കാളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടം കൂടാതെ 13 റണ്സെടുത്തിട്ടുണ്ട്. അവസാനദിവസമായ ഇന്ന് ഇംഗ്ലണ്ട് ബാറ്റിങിനിറങ്ങുമ്പോൾ ജയിക്കാൻ ശ്രമിക്കുന്നതിലുപരിയായി തോക്കാതിരിക്കാനാകും എവർ ശ്രമിക്കുക. അവസാന ദിവസം 385 റൺസെടുത്ത് കളി ജയിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ടെസ്റ്റ് സമനിലയാകാനാണ് സാധ്യത. അഞ്ചാം ദിവസം പിച്ച് ബൗളിങ്ങിന് അനുകൂലമാകും എന്നതിനാൽ ഇംഗ്ലണ്ടിന്റെ പ്രതിരോധം നല്ല വെല്ലുവിളി നേരിടേണ്ടി വരും എന്നതിന് സംശയമില്ല.