വാൻ ഡി ബീക്കിനായി 60 മില്യൺ യുറോ വാഗ്ദാനം ചെയ്തു റയൽ മാഡ്രിഡ്
പ്രായമായി വരുന്ന ക്രോയേഷ്യൻ മിഡ്‌ഫീൽഡ് മാന്ത്രികൻ ലൂക്ക മോഡ്രിച്ചിനെ പകരം വെക്കാൻ സിദാൻ ശ്രമം തുടങ്ങിയിട്ട് ദിവസങ്ങൾ കുറെ ആയി. പോൾ പോഗ്ബ മുതൽ ടോട്ടൻഹാമിന്റെ ക്രിസ്ത്യൻ എറിക്സൺ വരെ റയലിന്റെ റഡാറിൽ ഉണ്ടായിരുന്നു. പക്ഷെ അതൊന്നും പ്രാവർത്തികമായില്ല.
ഇപ്പോൾ സിദാന്റെ കണ്ണ് ഉടക്കിയിരിക്കുന്നത് അയാക്സിന്റെയും നെതെര്ലാന്ഡ്സിന്റെയും മിഡ്‌ഫീൽഡർ ആയ വാൻ ഡി ബീക്കിൽ ആണ്. അയാക്സിന്റെ ചാമ്പ്യൻസ് ലീഗ് യാത്രയിൽ നിർണായക സാന്നിധ്യമായിരുന്നു അദ്ദേഹം. കൂടെ കളിച്ച ഡി യോങ്ങും ഡി ലിറ്റും വമ്പൻ ക്ലബ്ബുകളിൽ ചേക്കേറിയപ്പോൾ ഈ 22 കാരൻ മാത്രം ഒതുങ്ങി നിന്നു. അയാക്സിന് വേണ്ടി കഴിഞ്ഞ സീസണിൽ 17 ഗോളുകളും 11 അസിസ്റ്റും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
മധ്യനിരയിൽ ബോൾ വിട്ട് കൊടുക്കാതെ എതിരാളികളെ സമ്മർദ്ദത്തിൽ ആക്കാൻ അദ്ദേഹത്തിന് സാധിക്കും. കണ്ണഞ്ചിപ്പിക്കുന്ന ത്രൂ പാസ്സുകളും വലചലിപ്പിക്കാനുള്ള കഴിവും കൂടി ചേരുമ്പോൾ നല്ല കളി കാഴ്ച വെക്കാൻ പലപ്പോഴും വാൻ ഡി ബീക്കിന് സാധിച്ചിട്ടുണ്ട്. ഏതായാലും ഈ സീസണിൽ ബാഴ്സയോടും അത്ലെറ്റികോയോടും മുട്ടാൻ ഈ മധ്യനിര റയലിന് മതിയാകില്ല. ഡച്ച് താരത്തിന്റെ വരവ് കുറവുകൾ നികത്തുവോ എന്ന് കണ്ടറിഞ്ഞു കാണണം.