ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പ് -ബെൻഫിക്ക വിജയികളായി
കാർഡിഫ് : മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാന മത്സരത്തിൽ ഏ സി മിലാനെ 3 ഗോളുകൾക്ക് തോല്പിക്കാത്തതിനാൽ ബെൻഫിക്ക കപ്പ് സ്വന്തമാക്കി. കളിച്ച 3 കളികളും വിജയിച്ചാണ് ഈ നേട്ടം.ടൂർണമെന്റിൽ 2 മത്സരങ്ങൾ ബാക്കി നിൽക്കെയാണ് വിജയികളെ പ്രഖ്യാപിച്ചത് .
റിയൽ മാഡ്രിഡ് , യുവന്റസ് ,ബയേൺ ,ഏ സി മിലൻ ,ഇന്റർ മിലൻ ,മാഞ്ചസ്റ്റർ യുണൈറ്റഡ് ആർസെനാൽ എന്നീ പ്രമുഖ ടീമുകളടക്കം 12 ടീമുകളാണ് ടൂർണമെന്റിൽ മത്സരിച്ചത്.എല്ലാ ടീമുകൾക്കും 3 മാച്ചുകൾ വീതമാണുണ്ടായിരുന്നത്.എ സി മിലാൻ ,ചിവാസ് ,ഫിയോറെന്റീന എന്നീ ടീമുകളെയാണ് ബെൻഫിക്ക പരാജയപ്പെടുത്തിയത് .അത്ലറ്റിക്കോ മാഡ്രിഡ് അവസാന മത്സരത്തിൽ യുവന്റസിനെ തോൽപ്പിച്ചാൽ രണ്ടാം സ്ഥാനം കൈക്കലാക്കും അല്ലെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആയിരിക്കും റണ്ണേഴ്സ് അപ്പ് .പോർച്ചുഗൽ ടീമായ ബെൻഫിക്ക ആദ്യമായിട്ടാണ് ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പ് നേടുന്നത്.കഴിഞ്ഞ വർഷത്തെ പോർച്ചുഗൽ ലീഗ് വിജയികളും ബെൻഫിക്കയായിരുന്നു. പ്രീസീസൺ ഫ്രണ്ട്ലി മാച്ചുകളെ അപേക്ഷിച്ചു വീറും വാശിയുമേറിയതായിരുന്നു ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പ്.അത്ലറ്റിക്കോ-റിയൽ മാഡ്രിഡ് മത്സരത്തിൽ കളിക്കാർ തമ്മിൽ കയ്യേറ്റം വരെയുണ്ടായി. എല്ലാ ലീഗുകളും ഉടനെ തുടങ്ങാനിരിക്കെ ആരാധകരെല്ലാം സ്വന്തം ടീമിന്റെ മാച്ചുകൾക്കായി ആവേശത്തോടെ കാത്തിരിക്കയാണ് .