ആഷസ് : മധ്യനിര തകർന്നു വാലറ്റം പൊരുതി, ഇംഗ്ലണ്ട് 374 റൺസിന് പുറത്ത്.
267 നു 4 എന്ന ശക്തമായ നിലയിൽ നിന്നു മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് 374 റൺസിന് എല്ലാവരും പുറത്തായി. ഇംഗ്ലണ്ടിനിപ്പോൾ 90 റൺസിന്റെ ലീഡുണ്ട്. എന്നറിഞ്ഞ 8 ആം ഓവറിൽ തന്നെ ബെൻ സ്റ്റോക്‌സിനെ ഇംഗ്ലണ്ടിന് നഷ്ടമായി. അർദ്ധ ശതകം തികച്ച ഉടൻ പാറ്റ് കമ്മിൻസിനു വിക്കറ്റ് സമ്മാനിച്ച് അദ്ദേഹം മടങ്ങി. പിന്നീട് 7 ഓവറിനു ശേഷം ഇന്നലത്തെ താരം സെഞ്ച്വറി നേടി മുന്നേറിക്കൊണ്ടിരുന്ന റോറി ബർൺസും പുറത്തായി. ലിയോണിനായിരുന്നു വിക്കറ്റ്. അതെ ഓവറിൽ തന്നെ സംപൂജ്യനായി മൊയീൻ അലിയും പുറത്തായതോടെ ഇംഗ്ലണ്ട് പരുങ്ങലിൽ ആയി. വിക്കറ്റ് കീപ്പർ ബെയർസ്റ്റോയും തൊട്ടടുത്ത ഓവറിൽ പുറത്തായതോടെ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് ഉടൻ അവസാനിക്കും എന്ന തോന്നലുണ്ടായ സമയത്താണ് വാലത്ത് ബ്രോഡും വോക്‌സും ഒന്ന് ചേർന്നത്. പിന്നീട് ഇരുവരും ക്ഷമയോടെ ബാറ്റ് വീശി.
29 റൺസ് എടുത്ത ബ്രോഡിനെ കമ്മിൻസ് പാറ്റിൻസന്റെ കയ്യിൽ എത്തിച്ചു പുറത്താക്കി. ഇരുവരും ചേർന്നുള്ള ഒൻപതാം വിക്കറ്റ് കൂട്ടുകെട്ട് 65 റൺസ് നേടി. 10 റൺസ് കൂടി നേടുന്നതിനിടെ പത്താമനായി ആൻഡേഴ്സണും പുറത്തായതോടെ 374 റൺസിൽ ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിപ്പിച്ചു. 37 റൺസെടുത്ത ക്രിസ് വോക്‌സ് പുറത്താകാതെ നിന്നു. കമ്മിൻസും ലിയോണും 3 വിക്കറ്റ് വീതവും പാറ്റിൻസണും സിഡിലും 2 വിക്കറ്റ് വീതവും നേടി.