എഡ്‌ജ്‌ബാസ്റ്റണിൽ റോറി ബർൺസ് ന്റെ ചെറുത്തുനിൽപ്: ഇംഗ്ലണ്ട് ശക്തമായ നിലയിൽ.
ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്ന് കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് 4 വിക്കറ്റ് നഷ്ടത്തിൽ 267 എന്ന നിലയിലാണ്. സെഞ്ച്വറി നേടി 125 റൺസോടെ പുറത്താകാതെ നിൽക്കുന്ന ബർൺസും 38 റൺസുമായി ബെൻ സ്റ്റോക്‌സും ആണ് ക്രീസിൽ. അഞ്ചാം വിക്കറ്റിൽ ഇരുവരും ഇതുവരെ 78 റൺസ് കൂട്ടിച്ചേർത്തു കഴിഞ്ഞു.
അന്താരാഷ്ട്ര കരിയറിലെ തന്റെ ആദ്യ സെഞ്ച്വറി നേട്ടം കരസ്ഥമാക്കിയ ബർൺസ് ക്ഷമയുടെ പര്യായമായിരുന്നു. അനാവശ്യമായ ഒരു ഷോട്ടിനും മുതിരാതെ ശ്രദ്ധയോടെ ബാറ്റ് ചെയ്ത അദ്ദേഹം അലിസ്റ്റർ കുക്കിന് ശേഷം സ്വന്തം നാട്ടിൽ നടക്കുന്ന ഒരു ടെസ്റ്റിൽ ഒരു ദിവസം മുഴുവൻ ബാറ്റ് ഏന്തിയ ആൾ എന്ന റെക്കോർഡും നേടി. ജോ റൂട്ടിന്റെ കൂടെ അദ്ദേഹം 132 റൺസ് കൂട്ടിച്ചേർത്തു. റൂട്ട് 57 റൺസ് എടുത്ത് പുറത്തായി. ഡെൻലിയും ബട്ട്ലറും അടുത്തടുത്ത ഇടവേളകളിൽ പുറത്തായെങ്കിലും സ്റ്റോക്‌സിന്റെ കൂട്ട് പിടിച്ച ബർൺസ് വലിയ അപകടങ്ങൾ കൂടാതെ ഇംഗ്ലണ്ടിനെ ലീഡിലേക്ക് അടുപ്പിച്ചു. പാറ്റിൻസൺ 2 വിക്കറ്റും കമ്മിൻസ്, സിഡിൽ 1 വിക്കറ്റ് കരസ്ഥമാക്കി.